കൊളംബോ: ശ്രീലങ്കയുടെ തുറമുഖങ്ങളായ കൊളംബോ, ഹമ്പൻതോട്ട തുറമുഖങ്ങളിൽ ചൈനീസ് ചാരക്കപ്പലായ ഷി യാങ് 6 നങ്കൂരമിടുന്നതിന് പിന്നിൽ ചൈനയുടെ തന്ത്രമെന്ന് റിപ്പോർട്ട്. ഇന്ത്യൻ സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് ദ വീക്കാണ് സംഭവം റിപ്പോർട്ട് ചെയ്തത്. ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിൽ വിള്ളൽ വീഴ്ത്താൻ ഉദ്ദേശിച്ചാണ് ചൈന ചാരക്കപ്പൽ ലങ്കൻ തുറമുഖങ്ങളിൽ നങ്കൂരമിടാൻ തീരുമാനിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു.
ലങ്കൻ അധികാരികളുടെ അനുമതിയോടെ തുറമുഖങ്ങളിൽ ഷി യാൻ 6 ഡോക്ക് ചെയ്യാനുള്ള നീക്കം ചൈനയുടെ തന്ത്രപരമായ നീക്കമാണ്. ഇന്ത്യയും ആ രീതിയിലാണ് സംഭവത്തെ കാണുന്നത്. ചൈനയെ സംബന്ധിച്ചിടത്തോളം, ഷി യാൻ 6 അണ്ടർവാട്ടർ, ഹൈഡ്രോഗ്രാഫിക് സർവേ എന്നിവ ഉപയോഗിച്ച് ആവശ്യമായ എല്ലാത്തരം ഡാറ്റയും ശേഖരിക്കാൻ കഴിയുന്ന സംവിധാനമാണ്.
ഗവേഷണ കപ്പൽ എന്നാണ് ചൈന ഷി യാനെ വിശേശിപ്പിക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. ശ്രീലങ്കയാകട്ടെ യുണൈറ്റഡ് നേഷൻസ് കമ്മീഷൻ ഓൺ ദി ലിമിറ്റ്സ് ഓഫ് കോണ്ടിനെന്റൽ ഷെൽഫ് (CLCS) മുമ്പാകെ മുമ്പാകെ കൂടുതൽ സമുദ്ര ഭാഗത്തിന്റെ അവകാശവാദമുന്നയിക്കാനിരിക്കെയാണ്.
അതിനാവശ്യമായ വിവരങ്ങൾ ചൈനീസ് ചാരക്കപ്പലിന് നൽകാനാകുമെന്നാണ് അവരുടെ പ്രതീക്ഷ. ചൈനീസ് കപ്പൽ ശ്രീലങ്കൻ പ്രതിരോധ മന്ത്രാലയത്തിന്റെ അനുമതിയോടെയാണ് നങ്കൂരമിടുന്നത്. അതേസമയം, ഷി യാൻ 6 ന്റെ പ്രവർത്തന മേഖല ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ഷി യാൻ 6 ഒക്‌ടോബർ 26-ന് കൊളംബോ തുറമുഖത്ത് എത്തുമെന്നും നവംബർ 10 വരെ 17 ദിവസത്തേക്ക് ശ്രീലങ്കയുടെ തുറമുറങ്ങളിൽ പ്രവർത്തിക്കുമെന്നുമാണ് പ്രതീക്ഷിക്കുന്നത്. ചൈനയുടെ നീക്കത്തെ ആശങ്കയോടെയാണ് ഇന്ത്യ വീക്ഷിക്കുന്നത്.
നേരത്തെയും ചൈനീസ് ചാരക്കപ്പലുകൾ ലങ്കൻ തീരങ്ങളിലെത്തിയിരുന്നു.
അന്ന് ഇന്ത്യ കടുത്ത വിയോജിപ്പ് പ്രകടിപ്പിക്കുകയും ചെയ്തു. ഇന്ത്യയുടെ ബാലിസ്റ്റിക് മിസൈൽ പരീക്ഷണ വിവരങ്ങൾ ചോർത്തലടക്കം ചൈനീസ് കപ്പലുകളുടെ അജണ്ടയിലുണ്ടെന്നായിരുന്നു അഭ്യൂഹം. 2022 നവംബറിൽ, ചൈനീസ് ചാരക്കപ്പൽ യുവാൻ വാങ് 6 ഇന്ത്യൻ മഹാസമുദ്ര മേഖലയിലേക്ക് കടക്കുന്നതിൽ ഇന്ത്യ എതിർപ്പറിയിച്ചു. 2022 ഓഗസ്റ്റിൽ, ഇന്ത്യൻ പ്രതിഷേധങ്ങളെ അവഗണിച്ച്, മറ്റൊരു കപ്പൽ, യുവാൻവാങ് 5 ശ്രീലങ്കൻ തുറമുഖമായ ഹമ്പൻടോട്ടയിൽ ഒരാഴ്ച നങ്കൂരമിട്ടു. ചൈനീസ് സർക്കാർ നിയന്ത്രണത്തിലുള്ള കമ്പനികൾക്ക് പാർട്ട്ണർഷിപ്പുള്ള തന്ത്രപ്രധാനമായ തുറമുഖമാണ് ഹമ്പൻടോട്ട.
കടുത്ത പ്രതിസന്ധിയാണ് ശ്രീലങ്കയും നേരിടുന്നത്. ഇന്ത്യയെയും ചൈനയെയും പിണക്കാൻ കഴിയില്ലെന്ന പ്രതിസന്ധിയിലാണ് ശ്രീലങ്ക. ചൈനയാണ് ശ്രീലങ്കക്ക് ഏറ്റവും കൂടുതൽ വായ്പ നൽകിയ രാജ്യം. എന്നാൽ കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ 2022-ൽ 4 ബില്യൺ യുഎസ് ഡോളർ നൽകി ഇന്ത്യയും സഹായത്തിനെത്തി.