CrimeNationalNews

അപകടസമയത്ത് സുഹൃത്ത് സ്ഥലത്തുണ്ടായിരുന്നില്ല! അടിമുടി ദുരൂഹത, മദ്യപിച്ചെന്ന ആരോപണം തള്ളി കുടുംബം

ന്യൂഡല്‍ഹി: സുല്‍ത്താന്‍പുരിയില്‍ കാറിടിച്ച് കൊല്ലപ്പെട്ട യുവതിയെ റോഡിലൂടെ വലിച്ചിഴച്ച സംഭവത്തില്‍ അടിമുടി ദുരൂഹത. യുവതിക്കൊപ്പമുണ്ടായിരുന്ന സുഹൃത്തിന്റെ മൊഴികളാണ് സംഭവത്തില്‍ ദുരൂഹത വര്‍ധിപ്പിക്കുന്നത്. കൊല്ലപ്പെട്ട അഞ്ജലി സംഭവസമയത്ത് മദ്യപിച്ചിരുന്നതായാണ് സുഹൃത്തായ നിധി കഴിഞ്ഞദിവസം പറഞ്ഞത്. എന്നാല്‍ ഈ ആരോപണം അഞ്ജലിയുടെ കുടുംബാംഗങ്ങളും കുടുംബ ഡോക്ടറും നിഷേധിച്ചു.

അതിനിടെ, അഞ്ജലിക്കൊപ്പമുണ്ടായിരുന്ന നിധിയും മദ്യലഹരിയിലായിരുന്നുവെന്ന് ഡല്‍ഹി പോലീസ് പറഞ്ഞു. അഞ്ജലിയെ കാറിടിച്ചപ്പോള്‍ നിധി സംഭവസ്ഥലത്തുണ്ടായിരുന്നില്ലെന്നും പോലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അര്‍ധരാത്രി 1.32-ഓടെ നിധിയെ അഞ്ജലി വീട്ടില്‍ കൊണ്ടുവിട്ടതായാണ് പോലീസിന്റെ ഇപ്പോഴത്തെ കണ്ടെത്തല്‍. ഇതിന്റെ സിസിടിവി ദൃശ്യങ്ങളും പോലീസ് കണ്ടെടുത്തിട്ടുണ്ട്.

നേരത്തെ ഹോട്ടലില്‍നിന്ന് പുറത്തിറങ്ങിയതിന് പിന്നാലെ അഞ്ജലിയും നിധിയും വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടിരുന്നതായി സിസിടിവി ദൃശ്യങ്ങളില്‍നിന്ന് വ്യക്തമായിരുന്നു. സ്‌കൂട്ടര്‍ ആര് ഓടിക്കണമെന്നതിനെച്ചൊല്ലിയാണ് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായത്. തുടര്‍ന്ന് നിധിയാണ് ആദ്യം സ്‌കൂട്ടര്‍ ഓടിച്ചത്. അല്പദൂരം പിന്നിട്ടതിന് ശേഷം നിധി അഞ്ജലിക്ക് സ്‌കൂട്ടര്‍ കൈമാറിയതാണെന്നും അന്വേഷണത്തില്‍ കണ്ടെത്തി.

അതേസമയം, പോലീസിന്റെ ഏറ്റവും പുതിയ കണ്ടെത്തലിന് വിരുദ്ധമായ കാര്യങ്ങളാണ് കഴിഞ്ഞദിവസം നിധി മാധ്യമങ്ങളോട് പറഞ്ഞത്. സ്‌കൂട്ടറില്‍ കാറിടിച്ചതിന് പിന്നാലെ അഞ്ജലി കാറിന് മുന്നിലേക്ക് വീണെന്നായിരുന്നു നിധിയുടെ കഴിഞ്ഞദിവസത്തെ മൊഴി. താന്‍ വശത്തേക്കാണ് വീണത്. സുഹൃത്തായ അഞ്ജലി കാറിനടിയില്‍ കുരുങ്ങിപ്പോയി. അഞ്ജലി കാറിനടിയിലേക്ക് പോയത് കാര്‍ യാത്രക്കാര്‍ക്ക് മനസിലായിരുന്നു. പക്ഷേ, അവര്‍ മനഃപൂര്‍വം ശരീരത്തിലൂടെ കാറോടിച്ച് കയറ്റി. തുടര്‍ന്ന് അടിയില്‍ കുരുങ്ങിപ്പോയ അഞ്ജലിയുമായി കാര്‍ മുന്നോട്ടുപോയി. അപ്പോഴും അവള്‍ നിലവിളിക്കുന്നുണ്ടായിരുന്നു. പിന്നീട് താന്‍ വീട്ടിലെത്തിയെങ്കിലും ആരോടും സംഭവം പറഞ്ഞില്ല. അപകടത്തിന് പിന്നാലെ താന്‍ ഏറെ പരിഭ്രാന്തയായെന്നും കുറേനേരം കരയുകയാണ് ചെയ്തതെന്നും നിധി പറഞ്ഞിരുന്നു. ഇതിനിടെയാണ് അപകടത്തിന് മുന്‍പ് അഞ്ജലി മദ്യപിച്ചിരുന്നതായും യുവതി വെളിപ്പെടുത്തിയത്.

അതേസമയം, നിധിയുടെ ആരോപണം അഞ്ജലിയുടെ കുടുംബം നിഷേധിച്ചു. ഒരിക്കലും മദ്യപിച്ചനിലയില്‍ അഞ്ജലിയെ കണ്ടിട്ടില്ലെന്നായിരുന്നു അമ്മയുടെ പ്രതികരണം. ഡല്‍ഹി പോലീസിന്റെ അന്വേഷണം തൃപ്തികരമാണെന്നും അമ്മ പറഞ്ഞു. അഞ്ജലി മദ്യപിച്ചെന്ന മൊഴി അടിസ്ഥാനരഹിതമാണെന്ന് മറ്റ് കുടുംബാംഗങ്ങളും വ്യക്തമാക്കി. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഇക്കാര്യത്തിന്റെ സൂചന പോലുമില്ല. വയറ്റില്‍ മദ്യത്തിന്റെ സാന്നിധ്യമുണ്ടെന്ന് ഒരിടത്തും പറഞ്ഞിരുന്നില്ല. അഞ്ജലിയുടെ മൃതദേഹത്തില്‍നിന്ന് തലച്ചോറിന്‍റെ ഭാഗം നഷ്ടപ്പെട്ടിട്ടുള്ളതായി പോസ്റ്റ്മോർട്ടം റിപ്പോർട്ടില്‍ പറയുന്നു. അത് ഇപ്പോഴും കണ്ടെത്തിയിട്ടില്ല.

ലൈംഗികാതിക്രമം തെളിയിക്കുന്ന പരിക്കുകളൊന്നും യുവതിയുടെ മൃതദേഹത്തിലില്ലെന്ന് കഴിഞ്ഞദിവസം പുറത്തുവന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. തല, നട്ടെല്ല്, ഇടത് തുട, കൈകാലുകള്‍ എന്നിവയ്‌ക്കേറ്റ കനത്തക്ഷതവും രക്തസ്രാവവുമാണ് മരണകാരണമെന്ന് ഡോക്ടര്‍മാര്‍ അഭിപ്രായപ്പെട്ടു. വാഹനാപകടവും തുടര്‍ന്നുണ്ടായ വലിച്ചിഴയ്ക്കലും മരണത്തിന് ആക്കംകൂട്ടി. വിദഗ്ധ പരിശോധനയ്ക്കയച്ച സാംപിളുകളുടെ പരിശോധനാഫലം ലഭിച്ചതിനുശേഷംമാത്രമേ കൂടുതല്‍ കാര്യം പറയാനാകൂവെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button