KeralaNews

ഫ്രെഡി കൊച്ചാച്ചന്‍ മുതല്‍ സി.ഐ സതീഷ് കുമാര്‍ വരെ,അനിലിന്റെ വിയോഗം മലയാള സിനിമയ്ക്ക് തീരാനഷ്ടം

മലയാള സിനിമയില്‍ വളരെക്കുറച്ച് കഥാപാത്രങ്ങളായി മാത്രം വേഷമിട്ടെങ്കിലും ഗംഭീര കഥാപാത്രങ്ങളെ അവശേഷിപ്പിച്ച് മറഞ്ഞ നടനാണ് അനില്‍ നെടുമങ്ങാട്. ടെലിവിഷന്‍ രംഗത്തുനിന്ന് തുടങ്ങി പതിയെ എണ്ണം പറഞ്ഞ സ്വഭാവ നടനിലേക്കുള്ള വളര്‍ച്ചയായിരുന്നു അനിലിന്റേത്. രാജീവ് രവി സംവിധാനം ചെയ്ത ഞാന്‍ സ്റ്റീവ് ലോപ്പസിലാണ് ആദ്യമായി ശ്രദ്ധേയമായ റോള്‍ ലഭിക്കുന്നത്. ഫ്രെഡി കൊച്ചാച്ചന്‍ എന്ന ക്യാരക്ടര്‍ ഏറെ പ്രശംസ നേടിയതോടെ തന്റെ അടുത്ത ചിത്രമായ കമ്മട്ടിപ്പാടത്തിലും രാജീവ് രവി അനിലിനെ കൈവിട്ടില്ല.

ഏറെ നിരൂപക പ്രശംസ നേടിയ കമ്മട്ടിപ്പാടത്തില്‍ വില്ലന്‍ പരിവേഷമുള്ള റോളില്‍ അനില്‍ തിളങ്ങി. അദ്ദേഹത്തിന് ബ്രേക്ക് ത്രൂ എന്ന് പറയാവുന്ന കഥാപാത്രമായിരുന്നു കമ്മട്ടിപ്പാടത്തിലെ സുരേന്ദ്രന്‍. പിന്നീട് നിരവധി ചിത്രങ്ങള്‍ അനിലിനെ തേടി വന്നു. സച്ചി സംവിധാനം ചെയ്ത അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ സിഐ സതീഷ് കുമാര്‍ എന്ന കഥാപാത്രവും ശ്രദ്ധിക്കപ്പെട്ടു. ചിത്രത്തിന്റെ വലിയ വിജയം നടനെന്ന നിലയില്‍ അനിലിന്റെ അഭിനയ ജീവിതത്തില്‍ വഴിത്തിരിവായിരുന്നു.

പൃഥിരാജ് ചിത്രമായ പാവാട, ജോഷി ചിത്രമായ പൊറിഞ്ചു മറിയം ജോസ്, കമലിന്റെ ആമി, ഷാനവാസ് ബാവക്കുട്ടിയുടെ കിസ്മത് തുടങ്ങി 20ഓളം ചിത്രങ്ങളില്‍ വേഷമിട്ടു. പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ എന്ന ചിത്രമാണ് ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയത്.

തൊടുപുഴ മലങ്കര ഡാമിൽ വച്ചാണ് അനിൽ പി നെടുമങ്ങാട് മുങ്ങിമരിച്ചത്. ഡാം സൈറ്റിൽ കുളിങ്ങാനിറങ്ങിയ അനിൽ കയത്തിൽപ്പെട്ടു പോകുകയായിരുന്നു. ജോജു നായകനാവുന്ന പുതിയ ചിത്രത്തിൻ്റെ ഷൂട്ടിംഗിനായാണ് അനിൽ തൊടുപുഴയിൽ എത്തിയത്. ഷൂട്ടിംഗിനിടവേളയിൽ അദ്ദേഹം സുഹൃത്തകൾക്കൊപ്പം ജലാശയത്തിൽ കുളിക്കാനിറങ്ങുകയായിരുന്നു. ജലാശയത്തിലെ ആഴമുള്ള കയത്തിലേക്ക് അബദ്ധത്തിൽ അനിൽ വീണു പോയെന്നാണ് വിവരം.

അനിലിനെ കാണാതായതിനെ തുടർന്ന് ഒപ്പമുണ്ടായിരുന്നവരും നാട്ടുകാരും ചേർന്ന് അദ്ദേഹത്തെ തെരഞ്ഞു കണ്ടെത്തി പുറത്തേക്കടുത്ത് തുടർന്ന് തൊടുപുഴയിലെ സ്വകാര്യആശുപത്രിയിൽ എത്തിച്ചെങ്കിലും ഇതിനോടകം മരണംസംഭവിച്ചിരുന്നു. അനിലിൻ്റെ മൃതദേഹം തൊടുപുഴ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. വൈകിട്ട് അഞ്ചരയോടെയാണ് അപകടമുണ്ടായത്. മലങ്കര ടൂറിസ്റ്റ് ഹബിലാണ് അപകടം നടന്നത് എന്നാണ് സൂചന. മലങ്കര ഡാമിൽ പലയിടത്തും ആഴത്തിലുള്ള കുഴികളുണ്ട്. ഇതിലൊന്നിലേക്ക് അദ്ദേഹം മുങ്ങിപോയതാവാം എന്നാണ് നാട്ടുകാർ പറയുന്നത്

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button