കൊച്ചി:ഉദാഹരണം സുജാതയിലൂടെയായിരുന്നു അനശ്വര രാജന്‍ തുടക്കം കുറിച്ചത്. മഞ്ജു വാര്യരുടെ മകളായുളള വരവിന് മികച്ച സ്വീകരണമായിരുന്നു ലഭിച്ചത്. ചുരുങ്ങിയ കാലം കൊണ്ട് തന്നെ പ്രേക്ഷകരുടെ പ്രിയതാരമായി മാറുകയായിരുന്നു അനശ്വര. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം പങ്കുവെക്കുന്ന പോസ്റ്റുകളെല്ലാം നിമിഷനേരം കൊണ്ട് വൈറലായി മാറാറുണ്ട്. താരത്തിന്റെ പുതിയ കുറിപ്പാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.
അനുവാദം ചോദിക്കാതെ വീട്ടിലേക്ക് കടന്നുവരുന്നവരോട് പറയാനുള്ള കാര്യങ്ങളെക്കുറിച്ചാണ് അനശ്വരയുടെ കുറിപ്പ്. കൊവിഡ് കാലത്ത് ഇത് പോലെ കടന്നുവരുന്നത് തനിക്കും കുടുംബത്തിനും മാത്രമല്ല വരുന്നവരുടെ കുടുംബത്തിന് തന്നെ അപകടമാണെന്ന് അനശ്വര പറയുന്നു. എന്നെ കാണാൻ വരുന്ന ആൾക്കാരോട് ഒരു വാക്ക് എന്ന് പറഞ്ഞാണ് അനശ്വരയുടെ കുറിപ്പ് തുടങ്ങുന്നത്. കുറിപ്പിലൂടെ തുടര്‍ന്നുവായിക്കാം. നിങ്ങൾ എനിക്ക് നൽകുന്ന സ്നേഹവും പരിഗണനയും ഞാൻ ആസ്വദിക്കുന്നു. നിങ്ങൾ അയക്കുന്ന സന്ദേശങ്ങൾ വായിക്കാൻ എന്റെ കഴിവിനൊത്ത് ഞാൻ ശ്രമിക്കുകയും ചെയ്യുന്നുണ്ട്. എന്നാൽ, നിങ്ങളിൽ ചിലർ മുൻകൂട്ടി അനുവാദം ചോദിക്കാതെ എന്റെ വീട്ടിലേക്ക് വരികയാണ്. എന്റെ വാതിലിൽ മുട്ടുന്നതിന് മുൻപ് ഞാൻ അവിടെയുണ്ടോ എന്ന് പരിശോധിക്കുകയും എന്റെ അനുവാദം വാങ്ങുകയും ചെയ്താൽ അതിനെ ഞാൻ അംഗീകരിക്കും.
സാമൂഹിക അകലം പാലിക്കേണ്ടത് ഇന്ന് എത്ര പ്രധാനമാണെന്നതിനെ കുറിച്ചും അങ്ങനെ ചെയ്യാത്തത് ഒരാളുടെ അടിസ്ഥാന അവകാശമായ സ്വകാര്യതയിലേക്കുള്ള എത്ര വലിയ കടന്നുകയറ്റമാണെന്നതിനെ കുറിച്ചും ഞാൻ പറഞ്ഞുതരേണ്ടതില്ലല്ലോ. യൂട്യൂബ് കണ്ടന്റും വീഡിയോകളും അഭിമുഖങ്ങളും തയ്യാറാക്കണമെന്ന നിങ്ങളുടെ ആഗ്രഹം തീർച്ചയായും എനിക്ക് മനസിലാക്കാൻ സാധിക്കും. അതുകൊണ്ട് എനിക്ക് ഗുണങ്ങളുണ്ടെന്നതും ഞാൻ മനസിലാക്കുന്നു. പക്ഷെ അങ്ങനെ ചെയ്യുന്നതിന് അതിന്റേതായ മാർഗങ്ങളുണ്ട്. എന്നോട് അനുവാദം ചോദിക്കുക എന്നതാണ് അതിൽ ഏറ്റവും പ്രധാനം. ഈ സാഹചര്യത്തിൽ നിങ്ങൾ അങ്ങനെ ചെയ്യാത്തത് എനിക്ക് മാത്രമല്ല, നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും അപകടം വരുത്തിവയ്ക്കുന്ന കാര്യമാണ്. ഇങ്ങനെയുള്ള പ്രവൃത്തി വഴി അപകടത്തിൽപ്പെടാൻ സാദ്ധ്യതയുള്ള കുടുംബാംഗങ്ങൾ എനിക്കുമുണ്ട്. അതുകൊണ്ട്, മറ്റുള്ളവരുടെ സുരക്ഷിതത്വത്തെക്കുറിച്ചും അതുമായി ബന്ധപ്പെട്ടുള്ള പരിധികളെ കുറിച്ചും നമ്മുക്ക് ബോധവാന്മാരായിരിക്കാം. എല്ലാരോടും മികച്ച രീതിയിൽ ഇടപെടുന്നതിനെ കുറിച്ചാകാം നമ്മുടെ ചിന്തയെന്നും അനശ്വര പറയുന്നു.