തിരുവനന്തപുരം: അന്തരിച്ച മുതിർന്ന സി.പി.എം നേതാവ് ആനത്തലവട്ടം ആനന്ദന്റെ സംസ്കാരം ഇന്ന് വൈകിട്ട്. സംസ്കാരത്തിന് മുന്നോടിയായി 11 മണി മുതൽ എ.കെ.ജി സെന്ററിലും പിന്നീട് സി.ഐ.ടിയു ഓഫീസിലും പൊതുദർശനം ഉണ്ടാകും. ഇന്നലെ വൈകുന്നേരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. 86 വയസ്സായിരുന്നു. അർബുദബാധയെ തുടർന്ന് ചികിത്സയിൽ കഴിയവെയായിരുന്നു അന്ത്യം.
ആനത്തലവട്ടം ആനന്ദനെ കാണാൻ സി.പി.എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും മറ്റ് നേതാക്കളും ഇന്നലെ തന്നെ ആശുപത്രിയിൽ എത്തിയിരുന്നു. മൃതദേഹം ഇന്നലെ വൈകിട്ടത്തോട് കൂടി ചിറയിൻകീഴിലെ വീട്ടിലേക്ക് കൊണ്ടുപോയി.
ഇന്ന് രാവിലെ 11 മണിക്ക് ഭൗതിക ശരീരം എ.കെ.ജി സെന്ററിൽ പൊതുദർശനത്തിനായി കൊണ്ടുവരും. സി.ഐ.ടിയു സംസ്ഥാന കമ്മിറ്റി ഓഫീസില്‍ മൂന്ന് മണിക്കാണ് പൊതുദർശനം. ഇതിന് പിന്നാലെ, വൈകിട്ട് അഞ്ച് മണിക്ക് ശാന്തികവാടത്തിലാണ് സംസ്കാരം.
സംസ്കാരത്തിന് പിന്നാലെ മേട്ടുക്കടയിൽ അനുശോചന യോഗം ചേരുമെന്ന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയനും മറ്റ് നേതാക്കളും അനുശോചന യോഗത്തിൽ പങ്കെടുക്കും.1937 ഏപ്രിൽ 22 ന് തിരുവനന്തപുരത്ത് ചിറയിൻകീഴിലായിരുന്നു ജനനം.
ചിറയിൻകീഴ് ചിത്രവിലാസം, കടയ്ക്കാവൂർ എസ്.എസ്.പി.ബി എന്നീ സ്കൂളുകളിലായി സ്കൂൾ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ആനത്തലവട്ടം ആനന്ദൻ 1950 കളിൽ വിദ്യാർത്ഥിയായിരിക്കുമ്പോൾ തന്നെ പൊതുപ്രവർത്തനം തുടങ്ങിയിരുന്നു. 1971 മുതൽ കേരള കയർ വർക്കേഴ്സ് സെന്‍റർ (സിഐടിയു) ഭാരവാഹിയാണ് ആനന്ദൻ.