തൃശ്ശൂർ: നടൻ സലിം കുമാറിനെക്കുറിച്ചുള്ള രസകരമായ കഥ പറഞ്ഞ് പശ്ചിമ ബംഗാൾ ഗവർണർ ആനന്ദ ബോസ്. ഫാ. ആബേലിന്റെ സ്മരണയ്ക്കായി കലാഭവൻ ഏർപ്പെടുത്തിയ ഫാ. ആബേൽ പുരസ്‌കാരം സലിം കുമാറിന് നൽകിയ ചടങ്ങിൽ ആയിരുന്നു സംഭവം. രമേഷ് പിഷാരടി തന്നോട് പറഞ്ഞ കഥയാണ് ഇതെന്ന് പറഞ്ഞുകൊണ്ടായിരുന്നു സലിം കുമാറിനെക്കുറിച്ചുള്ള കഥ അനന്ദ ബോസ് പറയാൻ ആരംഭിച്ചത്.
ഒരിക്കൽ ന്യൂയോർക്കിൽ നിന്നും ഡൽഹിയിലേക്ക് വരികയായിരുന്നു സലിം കുമാർ. ഇതിനിടെ എക്കണോമി ക്ലാസ് ടിക്കറ്റുള്ള പ്രായമായ ഒരു പഞ്ചാബി സ്ത്രീ ഫസ്റ്റ് ക്ലാസിൽ കയറിയിരുന്നു. എയർ ഹോസ്റ്റസുമാർ മാറിയിരിക്കാൻ നിരവധി തവണ പറഞ്ഞിട്ടും അവർ തയ്യാറായില്ല. അവസാനം പ്രശ്‌നമായി. ഫ്‌ളൈറ്റിൽ ആദ്യം കയറിയത് താൻ ആണെന്നും അതിനാൽ താൻ ഇവിടെയിരിക്കുമെന്നും ആ സ്ത്രീ നിർബന്ധം പിടിച്ചു.
ഇത് കണ്ട സലിം കുമാർ സ്ത്രീയോട് സംസാരിച്ചു. ഇതോടെ അവർ മര്യാദക്കാരിയായി എക്കണോമി ക്ലാസിൽ പോയി ഇരുന്നു. ഇത് എങ്ങനെ സാധിച്ചു എന്ന് ഏവരും അതിശയിച്ചു. കാര്യം തിരക്കിയപ്പോൾ സലിം കുമാർ പറഞ്ഞത് ഇങ്ങനെയാണ്. ഈ സീറ്റ് ലണ്ടനിലേക്ക് പോകുന്നത് ആണെന്നും, ഡൽഹിയിലേക്കുള്ള സീറ്റ് പുറകിലുള്ളതാണെന്നുമായിരുന്നു സലിം കുമാർ പറഞ്ഞത്.
ആനന്ദബോസ് പറഞ്ഞതും സദസിൽ നിന്നും പൊട്ടിച്ചിരി ഉയർന്നു. രമേഷ് പിഷാരടി കഥകൾ ഉണ്ടാക്കാൻ സമർത്ഥൻ ആണെന്നും ഇത് ഉണ്ടാക്കിയ കഥയാണോയെന്ന് തനിക്ക് അറിയില്ല എന്നും പറഞ്ഞുകൊണ്ടായിരുന്നു അദ്ദേഹം കഥ അവസാനിപ്പിച്ചത്. വേദിയിൽ ഇതെല്ലാം കേട്ടുകൊണ്ട് രമേഷ് പിഷാരടിയും ഉണ്ടായിരുന്നു.