തിരുവനന്തപുരം: വെർച്വൽ അറസ്റ്റ് ആണെന്ന് ഭീഷണിപ്പെടുത്തി ദമ്പതിമാരിൽനിന്ന് ഓൺലൈൻവഴി സാമ്പത്തിക തട്ടിപ്പ് നടത്താൻ ശ്രമം. സംഘത്തിന്റെ വലയിൽപ്പെട്ട ദമ്പതിമാർ ഒരുരാത്രിമുഴുവൻ വീഡിയോ കോളിലൂടെയുള്ള വ്യാജവെർച്വൽ അറസ്റ്റിൽ തുടർന്നു. സാമ്പത്തിക രേഖകളുൾപ്പെടെ ചോദിച്ചതോടെ സംശയം തോന്നിയ ദമ്പതിമാർ പിറ്റേന്ന് സൈബർ പോലീസിൽ പരാതി നൽകി. തുടർന്നും വാട്‌സാപ്പിലൂടെ സംഘം ഭീഷണി തുടർന്നു. ഇത് അവഗണിച്ചതോടെ തട്ടിപ്പുകാർ പിൻവാങ്ങി.
കാലടി സ്വദേശിയായ ബിസിനസുകാരനെയാണ്, മുംബൈയിൽ മയക്കുമരുന്നുൾപ്പെടുന്ന പാഴ്‌സൽ എത്തിയിട്ടുണ്ടെന്ന പേരിൽ തട്ടിപ്പുസംഘം വലയിൽ വീഴ്ത്തിയത്. ശനിയാഴ്ച വൈകീട്ടാണ് പോസ്റ്റൽ വകുപ്പിന്റെ മുംബൈയിലെ ഓഫീസിൽനിന്ന് എന്നരീതിയിൽ ഫോൺകോൾ വരുന്നത്. തുടർന്ന് വകുപ്പിലെ ഉദ്യോഗസ്ഥനാണെന്നു പരിചയപ്പെടുത്തിയ ഒരാൾ ബിസിനസുകാരന്റെ പേരും ആധാർനമ്പറും പറഞ്ഞശേഷം യു.എ.ഇ.യിൽനിന്ന് പാഴ്‌സൽ എത്തിയതായി അറിയിച്ചു.
വിശ്വാസ്യതയ്ക്കായി അയച്ച ആളിന്റെ വിലാസവും ഫോൺനമ്പറും അറിയിച്ചു. 150 ഗ്രാം മയക്കുമരുന്നും പോലീസ് യൂണിഫോമുകളും ഒട്ടേറെ തിരിച്ചറിയൽ രേഖകളും മൂന്ന് ഡെബിറ്റ് കാർഡുകളുമാണ് പാഴ്‌സലിലുള്ളതെന്നും നിയമനടപടിയിൽനിന്ന് ഒഴിവാകണമെങ്കിൽ മുംബൈ പോലീസിൽ പരാതി നൽകണമെന്നും ആവശ്യപ്പെട്ടു.
പിന്നീട് വീഡിയോ കോളിൽ ആധാറിന്റെ ഫോട്ടോയുൾപ്പെടെ ചോദിച്ച് കൈക്കലാക്കി. തുടർന്ന് മുംബൈ പോലീസിലെ ഉന്നത ഉദ്യോഗസ്ഥനെന്ന് പരിചയപ്പെടുത്തിയയാൾ യൂണിഫോമിലെത്തി ചോദ്യംചെയ്യൽ ആരംഭിച്ചു. ഭാര്യയെക്കൂടി വീഡിയോ കോളിലുൾപ്പെടുത്താൻ നിർബന്ധിച്ചു. രാജ്യദ്രോഹക്കുറ്റം ആരോപിച്ച് അറസ്റ്റിൽ ആണെന്ന് അറിയിച്ചു. സുപ്രീംകോടതിയുടെ വിധിയുൾപ്പെടെ അയച്ചുകൊടുത്തിരുന്നു.
സി.ബി.ഐ.യും ഇ.ഡി.യും വീട്ടിലെത്തി അറസ്റ്റ് ചെയ്യുമെന്നും ഭീഷണിപ്പെടുത്തി. ബാങ്ക് അക്കൗണ്ട് വിവരങ്ങളും സാമ്പത്തിക നിക്ഷേപങ്ങളുടെ വിശദാംശങ്ങളും ചോദിച്ചു. സംശയംതോന്നിയതോടെ ഭാഗികവിവരങ്ങൾ മാത്രമാണ് ദമ്പതിമാർ നൽകിയത്. വൈകുന്നേരം ആറുമുതൽ പുലർച്ചെവരെ ഭീക്ഷണികോൾ തുടർന്നു. ഞായറാഴ്ച രാവിലെ ഇവർ സൈബർ പോലീസിലും കരമന പോലീസിലും പരാതി നൽകി.