തിരുവനന്തപുരം : കഴക്കൂട്ടം കാരോട് ബൈപാസിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ ബൈക്ക് ഇടിച്ചുവീഴ്ത്തിയ യുവാവ് ആംബുലൻസിന്റെ ടയറിനടിയിൽപ്പെട്ട് ദാരുണമായി മരിച്ചു. തിരുവനന്തപുരം മുട്ടത്തറ ആശാനഗർ കുന്നിൽ വീട്ടിൽ മുരളി- ബബിത ദമ്പതികളുടെ മകൻ അനന്ദു (23)വാണ് മരിച്ചത്. ശനിയാഴ്ച രാത്രി 10.30ഓടെ മുട്ടത്തറ ഇന്ത്യൻ ബാങ്കിന് എതിർവശത്താണ് സംഭവം.
സർവ്വീസ് റോഡിൽ നിന്നു ബൈപ്പാസ് റോഡിലേക്ക് കയറിയ യുവാവ് എതിർവശത്തെ സർവ്വീസ് റോഡിലേക്ക് കടക്കുന്നതിനിടെയാണ് ബൈക്ക് ഇടിച്ചുവീഴ്ത്തിയത്. റോഡിലേക്ക് തെറിച്ചുവീണ അനന്ദുവിന്റെ തലയിലേക്ക് തൊട്ടുപിന്നാലെ വേഗതയിൽ വന്ന ആംബുലൻസ് കയറിയിറിങ്ങുകയായിരുന്നു. സംഭവസ്ഥലത്തുവച്ചുതന്നെ അനന്ദുവിന്റെ ജീവൻ പൊലിഞ്ഞു.
അപകടമുണ്ടാക്കിയ ബൈക്ക് നിറുത്താതെ പോയി. അമ്പലത്തറയിലെ സ്വകാര്യ ആശുപത്രിയിൽ നിന്ന് അവശനിലയിലായ രോഗിയെയും കൊണ്ട് മെഡിക്കൽ കോളേജിലേക്ക് പോവുകയായിരുന്നു ആംബുലൻസ്. അപകടം നടന്നതോടെ ആംബുലൻസ് നിറുത്തിയെങ്കിലും അതിൽ അവശനിലയിൽ രോഗിയെ കണ്ടതിനാൽ നാട്ടുകാർ പോകാൻ അനുവദിച്ചു. മറ്റൊരു ആംബുലൻസ് എത്തിയാണ് അനന്ദുവിനെ മെഡിക്കൽ കോളേജിൽ എത്തിച്ചത്.
അപകടത്തിൽപ്പെട്ട ആംബുലൻസിൽ ഉണ്ടായിരുന്ന രോഗിയെ മെഡിക്കൽകോളേജിൽ എത്തിച്ച ശേഷം ആംബുലൻസുമായി ഡ്രൈവർ ഫോർട്ട് പൊലീസ് സ്റ്റേഷനിൽ ഹാജരായി.
ഫോർട്ട് പൊലീസ് കേസ് എടുത്ത് ഇൻക്വസ്റ്റ് നടത്തി. പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. ഗോപി കൃഷ്ണനാണ് സഹോദരൻ. അനന്ദുവിനെ ഇടിച്ച ബൈക്കിനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. ഇതിന്റെ ഭാഗമായി ബൈപാസിലെ വിവിധ സ്ഥാപനങ്ങളിലെ ക്യാമറകൾ ഫോർട്ട് സി.ഐയുടെ നേതൃത്വത്തിൽ ഇന്നലെ പരിശോധിച്ചു.