കൊച്ചി: അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യുടെ മുന്നോട്ട് പോക്ക് അനിശ്ചിതത്വത്തിൽ. നിലവിലെ ഭരണസമിതി രാജിവെച്ച് രണ്ടുമാസമാകാറായിട്ടും ജനറൽബോഡി വിളിക്കുകയോ തെരഞ്ഞെടുപ്പ് നടത്തുകയോ ചെയ്തിട്ടില്ല. സിനിമാ മേഖലയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ വന്നപ്പോൾ പ്രതികരണത്തിൽ മുന്നിൽ നിന്ന പലരും ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങൾ ഏറ്റെടുക്കണം എന്നറിയിക്കുമ്പോൾ താല്പര്യം പ്രകടിപ്പിക്കുന്നില്ല.
ജനറൽ സെക്രട്ടറി സിദ്ദിഖ് ഉൾപ്പെടെയുള്ള ഭാരവാഹികൾക്കെതിരേ ലൈംഗികാരോപണമുയർന്നിരിന്നു. ഇതിനെ തുടർന്ന് മോഹൻലാലും മമ്മൂട്ടിയും അടക്കമുള്ളവർ പരസ്പരം ചർച്ച ചെയ്താണ് ഭരണസമിതി മുഴുവൻ ഓഗസ്റ്റ് 27-ന് രാജിവെച്ചത്. രണ്ടുമാസത്തിനുള്ളിൽ ജനറൽബോഡി വിളിച്ച് പുതിയ ഭരണസമിതിയെ തിരഞ്ഞെടുക്കുമെന്നായിരുന്നു രാജിസമയത്ത് അറിയിച്ചിരുന്നത്. ഭരണസമിതി രാജിവെച്ചിട്ട് ഒക്ടോബർ 27 ആകുമ്പോൾ രണ്ടുമാസം തികയും. എന്നാൽ ഒരു നടപടിയും നടക്കാനുള്ള സാധ്യത കാണുന്നില്ല
മുൻനിര താരങ്ങളാരും ഭാരവാഹികളാകാനില്ലെന്ന നിലപാടിലാണെന്നറിയുന്നു. ഇനി ഒരു സ്ഥാനത്തേക്കുമില്ലെന്ന് ഇപ്പോഴത്തെ പ്രസിഡന്റ് മോഹൻലാൽ വ്യക്തമാക്കിക്കഴിഞ്ഞു. പ്രതിഷേധവുമായി മുന്നോട്ട് വന്ന യുവ താരങ്ങളും മുന്നിലേക്കുവരാൻ ആഗ്രഹിക്കുന്നില്ല.
ഇതോടു കൂടി ‘അമ്മ സംഘടന തന്നെ നിന്ന് പോകുമോ എന്നാണ് ഇതുമായി ബന്ധപ്പെട്ടവർ സംശയിക്കുന്നത്. അതേസമയം സംഘടനയുടെ ക്ഷേമപദ്ധതികളെല്ലാം മുടക്കംകൂടാതെ നടക്കുന്നുണ്ടെന്ന് ഭാരവാഹികൾ വ്യക്തമാക്കി.