News

പന്നിയുടെ ഹൃദയം മനുഷ്യനില്‍; അവയവമാറ്റ ശസ്ത്രക്രിയാ രംഗത്ത് വിപ്ലവം സൃഷ്ടിച്ച് അമേരിക്കന്‍ ഡോക്ടര്‍മാര്‍

ന്യൂയോര്‍ക്ക്: അവയവമാറ്റ ശസ്ത്രക്രിയാ രംഗത്ത് വിപ്ലവം സൃഷ്ടിച്ച് അമേരിക്കന്‍ ഡോക്ടര്‍മാര്‍. ലോകത്ത് ആദ്യമായി പരീക്ഷണാടിസ്ഥാനത്തില്‍ മനുഷ്യനില്‍ പന്നിയുടെ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി. അമേരിക്കയിലെ യൂണിവേഴ്‌സിറ്റി ഓഫ് മേരിലാന്‍ഡ് മെഡിക്കല്‍ സെന്ററിലാണ് ശസ്ത്രക്രിയ നടത്തിയത്.

ഹൃദ്രോഗിയായ ഡേവിഡ് ബെന്നറ്റ് എന്ന 57കാരനിലായിരുന്നു പരീക്ഷണം. പന്നിയുടെ ഹൃദയത്തില്‍ ജനിതകമാറ്റം വരുത്തിയാണ് മനുഷ്യനില്‍ സ്ഥാപിച്ചത്. മൂന്നു ദിവസത്തേക്കായിരുന്നു ഈ പരീക്ഷണം. ശസ്ത്രക്രിയയ്ക്ക് ശേഷം ബെന്നറ്റ് സുഖംപ്രാപിച്ച് വരുകയാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ബെന്നറ്റിന്റെ ജീവന്‍ രക്ഷിക്കാനുള്ള അവസാന പ്രതീക്ഷയായിരുന്നു ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ.

എന്നിരുന്നാലും അദ്ദേഹത്തിന്റെ ദീര്‍ഘകാല അതിജീവന സാധ്യതകള്‍ എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. മൃഗങ്ങളുടെ അവയവങ്ങള്‍ മനുഷ്യരില്‍ മാറ്റിവെക്കാനുള്ള സാധ്യത തേടി വര്‍ഷങ്ങളായി ഗവേഷണത്തിലായിരുന്നു ഗവേഷകര്‍. മാറ്റിവച്ച ഹൃദയം കൃത്യമായി പ്രവര്‍ത്തിക്കുന്നുണ്ട്. അവയവക്ഷാമം പരിഹരിക്കുന്നതില്‍ നിര്‍ണായക ചുവപ്പ് വയ്പ്പാണിതെന്ന് സര്‍ജന്‍ ബാര്‍ട്ട്ലി.പി. ഗ്രിഫിത്ത് പറഞ്ഞു.

കഴിഞ്ഞവര്‍ഷം ഒക്ടോബറില്‍ ന്യൂയോര്‍ക്കിലെ ഡോക്ടര്‍മാര്‍ പന്നിയുടെ വൃക്ക മനുഷ്യനില്‍ ഘടിപ്പിച്ച് വൈദ്യശാസ്ത്രലോകത്ത് ചരിത്ര നേട്ടം സൃഷ്ടിച്ചിരുന്നു. മസ്തിഷ്‌കമരണം സംഭവിച്ച രോഗിയുടെ വൃക്കയ്ക്കു പകരം ജനിതകമാറ്റം വരുത്തിയ പന്നിയുടെ വൃക്ക വച്ചുപിടിപ്പിക്കുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button