അഫ്ഗാനിലെ ഈഗിള്‍ ബേസ് തകര്‍ത്ത് അമേരിക്ക,ബാങ്കുകള്‍ക്കുമുന്നില്‍ നീണ്ട നിര,സ്ത്രീകളോട് ജോലിയ്ക്ക് മടങ്ങിയെത്താന്‍ താലിബാന്‍ നിര്‍ദ്ദേശം
കാബൂള്‍: കാബൂളിലുള്ള സെന്‍ട്രല്‍ ഇന്റലിജന്‍സ് ഏജന്‍സിയുടെ ബേസായ ഈഗിള്‍ ബേസ് അമേരിക്കന്‍ സൈന്യം നിയന്ത്രിത സ്ഫോടനത്തിലൂടെ തകര്‍ത്തു. കാബൂള്‍ വിമാനത്താവളത്തിന് പുറത്താണ് ഈഗിള്‍ ബേസ്. ഓഗസ്റ്റ് 31-ന് അമേരിക്ക സമ്പൂര്‍ണ സൈനിക പിന്മാറ്റം നടത്തുന്നതിന് മുന്നോടിയായിട്ടാണ് ആക്രമണം നടന്നത്.
തന്ത്രപ്രധാനമായ രേഖകള്‍, ഉപകരണങ്ങള്‍ എന്നിവ താലിബാന്റെ കൈവശം എത്താതിരിക്കാനാണ് ഈഗിള്‍ ബേസ് നിയന്ത്രിത സ്ഫോടനത്തിലൂടെ തകര്‍ത്തതെന്ന് വാഷിങ്ടണ്‍ എക്സാമിനര്‍ റിപ്പോര്‍ട്ടുചെയ്തു. എന്നാല്‍ ഈ വിഷയത്തില്‍ സിഐഎ ഇതുവരെ പ്രതികരിച്ചിട്ടില്ല.
അഫ്ഗാന്‍ തീവ്രവാദ വിരുദ്ധ സേനയ്ക്കും രഹസ്യാന്വേഷണ ഏജന്‍സികള്‍ക്കും പരിശീലനം നല്‍കിവന്നത് ഈഗിള്‍ ബേസിലാണ്. വ്യാഴാഴ്ച കാബൂള്‍ വിമാനത്താവളത്തിന് പുറത്ത് ചാവേര്‍ സ്ഫോടനം നടന്നതിന് തൊട്ട് പിന്നാലെയാണ് സി.ഐ.എ ഔട്ട്പോസ്റ്റ് അമേരിക്കന്‍ സൈന്യം നശിപ്പിച്ചത്.
ജനജീവിതെ സ്ാധാരണ നിലയിലേക്ക് മടങ്ങുന്നതിനിടെ ബാങ്കുകള്‍ക്ക് മുമ്പില്‍ പ്രതിഷേധവുമായി അഫ്ഗാനിസ്താനിലെ ജനങ്ങള്‍. ബാങ്ക് അക്കൗണ്ടുകളില്‍ നിന്ന് പിന്‍വലിക്കാവുന്ന തുകയുടെ പരിധി ബാങ്കുകള്‍ പരിമിതപ്പെടുത്തിയിരിക്കുകയാണ്. ഇതോടെ നൂറുക്കണക്കിനാളുകളാണ് ന്യൂ കാബൂള്‍ ബാങ്കിന് മുമ്പില്‍ പ്രതിഷേധിച്ചത്.
ശമ്പളം കിട്ടിയിട്ട് ആറ് മാസത്തിലേറെ ആയെന്ന് സര്‍ക്കാര്‍ ജീവനക്കാര്‍ പറയുന്നു. 200 ഡോളര്‍ മാത്രമാണ് 24 മണിക്കൂറിനുള്ളില്‍ ബാങ്കുകളില്‍ നിന്ന് പിന്‍വലിക്കാന്‍ സാധിക്കുന്നതെന്നും ഇവര്‍ പറഞ്ഞു. നിലവില്‍ കാബൂളിലെ പല എടിഎമ്മുകള്‍ക്ക് മുമ്പിലും നീണ്ട നിരയാണ് ഉള്ളത്.അഫ്ഗാനിസ്താന്‍ താലിബാന്റെ നിയന്ത്രണത്തിലായതിനു ശേഷം ഓഗസ്റ്റ് 25-നാണ് ബാങ്ക് തുറന്നത്. എന്നാല്‍ ബാങ്കുകള്‍ വീണ്ടും പ്രവര്‍ത്തനം ആരംഭിച്ചിട്ടും പലര്‍ക്കും പണം പിന്‍വലിക്കാന്‍ സാധിക്കുന്നില്ലെന്ന് ജനങ്ങള്‍ പറയുന്നു.
അഫ്ഗാനിസ്ഥാനിലെ പൊതുസ്ഥലങ്ങളില്‍ സംഗീതം നിരോധിക്കുമെന്ന റിപ്പോര്‍ട്ട് താലിബാന്‍ സ്ഥിരീകരിച്ചു.ഇസ്ലാമില്‍ സംഗീതം നിഷിദ്ധമാണെന്നും അതിനാല്‍ പൊതിയിടങ്ങളില്‍ ഇതിനു അനുവദിക്കില്ലെന്നും താലിബാന്‍ വക്താവ് സബിഹുല്ല മുജാഹിദ് വ്യക്തമാക്കി. കഴിഞ്ഞ കാലങ്ങളില്‍ സംഭവിച്ച് മറക്കണമെന്നും പുത്തന്‍ ഭാവി കെട്ടിപ്പെടുത്താനാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്നും മുജാഹിദ് വ്യക്തമാക്കി.
തങ്ങളെ എതിര്‍ക്കുന്നവരോട് ഇതിനകം പ്രതികാരം ചെയ്യുന്നുണ്ടെന്നും 20 വര്‍ഷം മുമ്പ് രാജ്യം ഭരിച്ചപ്പോള്‍ അവരെ കുപ്രസിദ്ധരാക്കിയ നിയമങ്ങള്‍ പുനഃസ്ഥാപിക്കാന്‍ ആഗ്രഹിക്കുന്നുവെന്നുമുള്ള വാര്‍ത്തകള്‍ മുജാഹിദ് നിരസിച്ചു. ‘ശരിയായ രേഖകളില്ലാത്ത ആളുകളെ സ്‌കൂളുകളിലേക്കും ജോലിക്കും പോകാന്‍ അനുവദിക്കില്ലെന്ന് ഞങ്ങള്‍ പറഞ്ഞു. എന്നാല്‍, ഇപ്പോള്‍ അവരെ തിരിച്ച് വിളിക്കുകയാണ്. സ്ത്രീകള്‍ തൊഴില്‍ ഇടങ്ങളിലേക്ക് മടങ്ങി വരണം’, മുജാഹിദ് പറഞ്ഞു.
അതേസമയം, അഫ്ഗാന്‍ റേഡിയോ സ്റ്റേഷനുകള്‍ ഇസ്ലാമിക സംഗീതം കേള്‍പ്പിക്കാന്‍ തുടങ്ങിയതായാണ് റിപ്പോര്‍ട്ട്. ഉത്തരവ് താലിബാന്‍ നല്‍കിയതാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ല. അഫ്ഗാനിസ്ഥാനിലെ ഹെറാത്ത് പ്രവിശ്യയിലെ എല്ലാ സര്‍ക്കാര്‍, സ്വകാര്യ സര്‍വകലാശാലകളിലും സ്ത്രീകളും പുരുഷന്മാരും ഒരുമിച്ചുള്ള വിദ്യാഭ്യാസം താലിബാന്‍ നിരോധിച്ചു. പെണ്‍കുട്ടികള്‍ക്കും ആണ്‍കുട്ടികള്‍ക്കും ഒരേ ക്ലാസില്‍ ഇരിക്കാന്‍ കഴിയില്ല എന്നും അത് സമൂഹത്തിലെ എല്ലാ തിന്മകളുടെയും മൂലകാരണമാണെന്നും താലിബാന്‍ പറഞ്ഞു.
സ്ത്രീകളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായി നിരവധി വാഗ്ദാനങ്ങള്‍ പല അവസരങ്ങളിലും താലിബാന്‍ ഇതിനോടകം നല്‍കിയിട്ടുണ്ട്. അതേസമയം, കാബൂള്‍ പിടിച്ചടക്കിയ ഉടന്‍ തന്നെ താലിബാന്‍ സ്ത്രീകളുടെ ചിത്രങ്ങള്‍ ഉള്ള പോസ്റ്ററുകള്‍ കുമ്മായം അടിച്ചു മറച്ചു. സ്ത്രീകളെ രാഷ്ട്രീയത്തില്‍ പ്രവേശിക്കാന്‍ അനുവദിക്കുമോ എന്ന് ഒരു വനിതാ മാധ്യമപ്രവര്‍ത്തകയുടെ ചോദ്യത്തിന് പൊട്ടിച്ചിരിയായിരുന്നു താലിബാന്റെ മറുപടി.