കോഴിക്കോട്: കുഞ്ഞു ജീവന്‍ രക്ഷിക്കാനുള്ള മരുന്നുമായി ബംഗളൂരുവില്‍ നിന്നും കോഴിക്കോട്ടക്കേ് അതിവേഗത്തില്‍ ആംബുലന്‍സ് ഓടിച്ച് എത്തി രക്ഷകനായി മാറിയ മട്ടന്നൂര്‍കാരന്‍ ഷെഫീഖിന് അഭിനന്ദനപ്രവാഹം. കോഴിക്കോട് ആസ്റ്റര്‍ മിംസ് ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ കഴിയുന്ന 7 വയസ്സുകാരനു അത്യാവശ്യം നല്‍കേണ്ട ജീവന്‍ രക്ഷാ മരുന്നുമായി 5 മണിക്കൂര്‍ കൊണ്ട് ഷെഫീഖ് ഓടിയെത്തിയത് 420 കിലോമീറ്റര്‍ ദൂരമാണ്. ബംഗളൂരു കെഎംസിസി ആംബുലന്‍സ് ഡ്രൈവറായ ഷെഫീഖിനെ ചൊവ്വാഴ്ച വൈകുന്നേരമാണ് ദൗത്യം ഏല്‍പ്പിച്ചത്. പിന്മാറാന്‍ നൂറുകാരണങ്ങള്‍ നിരത്താായിരുന്നിട്ടും ഷഫീഖ് ഈ ദൗത്യം സന്തോഷത്തോടെ ഏറ്റെടുക്കുകയായിരുന്നു.
കുഞ്ഞുജീവന്‍ കൈയ്യില്‍പിടിച്ചുള്ള യാത്രയാണ് താന്‍ നടത്തുന്നത് എന്നുമാത്രമാണ് ആലോചിച്ചതെന്നും മറ്റൊന്നും ചിന്തിക്കാനായില്ലെന്നും ഷെഫീഖ് പറയുന്നു. മട്ടന്നൂര്‍ വെളിയമ്പ്രം കുഞ്ഞന്‍വീട്ടില്‍ ഷെഫീഖ് എന്ന 28 കാരന്‍ വൈകിട്ട് 4.30നാണ് യാത്ര തിരിച്ചത്. ബംഗളൂരു ഹെബാളിലെ ആസ്റ്റര്‍ ഹോസ്പിറ്റലില്‍ നിന്നും മരുന്നുമായി കെഎംസിസി പ്രവര്‍ത്തകര്‍ ആംബുലന്‍സില്‍ കയറി. പിന്നെ ഒരു നിമിഷം പോലും വൈകാതെ ഷെഫീഖ് ആംബുലന്‍സുമായി കുതിച്ചുപാഞ്ഞു.
സ്പീഡോ മീറ്റര്‍ പലപ്പോഴും 120 വരെ ഉയര്‍ന്നു. വഴിയില്‍ കര്‍ണാടക പോലീസും ബംഗളൂരു, മൈസുരു കെഎംസിസി പ്രവര്‍ത്തകരും റോഡ് സേഫ്റ്റി സംഘടനാ പ്രവര്‍ത്തകരും പൊതുജനങ്ങളും തടസ്സങ്ങള്‍ നീക്കി ആംബുലന്‍സിനു വഴിയൊരുക്കി കൊണ്ടിരുന്നു.
രാത്രി 7 മണിയോടെ മൈസൂരു പിന്നിട്ട ആംബുലന്‍സ് രാത്രി 8 മണിയോടെ മുത്തങ്ങ കാട് താണ്ടി കേരളത്തിലേക്കു പ്രവേശിച്ചു. കേരള പോലീസും സന്നദ്ധ സംഘടന പ്രവര്‍ത്തകരും പൊതുജനങ്ങളും റോഡ് തടസ്സങ്ങള്‍ നീക്കി സഹകരിച്ചതോടെ താമരശ്ശേരി ചുരം ഇറങ്ങി രാത്രി ഒന്‍പതരയോടെ ആംബുലന്‍സ് ആസ്റ്റര്‍ മിംസ് ആശുപത്രിയുടെ മുറ്റത്തെത്തി.
ഡോക്ടര്‍മാരും ആശുപത്രി ജീവനക്കാരും ഐസിയുവില്‍ കഴിയുന്ന 7 വയസുകാരനു മരുന്നുനല്‍കാനായി നല്‍കാന്‍ കാത്തു നില്‍ക്കുകയായിരുന്നു. മരുന്ന് ലഭിച്ചയുടനെ തന്നെ ചികിത്സ ആരംഭിക്കുകയും ചെയ്തു. ഷെഫീഖിനെയും ദൗത്യത്തില്‍ പങ്കാളികളായ എല്ലാവരെയും ക്ലസ്റ്റര്‍ ഡയറക്ടര്‍ ആസ്റ്റര്‍ ഒമാന്‍, കേരള ഫര്‍ഹാന്‍ യാസിന്‍ അഭിനന്ദിച്ചു.