അമല പോളിന് തമിഴ് ബിഗ് ബോസിലേക്ക് ക്ഷണം, വന്‍ പ്രതിഫലം
ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. ഹിന്ദിയിലൂടെ തുടങ്ങി മലയാളത്തിലും തമിഴിലും തെലുങ്കിലും കന്നഡയിലുമൊക്കെയായി നിറഞ്ഞു നില്‍ക്കുകയാണ് ബിഗ് ബോസ് പരിപാടി. ഇപ്പോഴിതാ തമിഴ് ബിഗ് ബോസിന്റെ ആറാം പതിപ്പ് ആരംഭിക്കാനിരിക്കുകയാണ്. ഒക്ടോബര്‍ ഒമ്പതിനാണ് തമിഴ് പതിപ്പിന്റെ ആറാം സീസണ്‍ ആരംഭിക്കുന്നത്. പതിവ് പോലെ തന്നെ ആരൊക്കെയായിരിക്കും ബിഗ് ബോസ് വീട്ടിലേക്ക് എത്തുക എന്ന ചര്‍ച്ച സജീവമായി മാറിയിരിക്കുകയാണ്.
ബിഗ് ബോസിലേക്ക് ക്ഷണിക്കപ്പെട്ടവരായി പല താരങ്ങളുടെ പേരും ഇതിനോടകം തന്നെ ഉയര്‍ന്നു വന്നിട്ടുണ്ട്. ഇതില്‍ ഏറ്റവും വലിയ വാര്‍ത്തയായി മാറിയിരിക്കുകയാണ് നടി അമല പോളിന് ബിഗ് ബോസ് അണിയറ പ്രവര്‍ത്തകര്‍ സമീപിച്ചുവെന്നത്. കമല്‍ഹാസന്‍ അവതാരകനായി എത്തുന്ന ഷോയില്‍ ഒരു മത്സരാര്‍ത്ഥിയായി അമല പോള്‍ എത്തിയേക്കുമെന്ന വാര്‍ത്ത ആരാധകര്‍ക്ക് അമ്പരപ്പായി മാറിയിരിക്കുകയാണ്.
മലയാളത്തിലൂടെ അഭിനയത്തില്‍ അരങ്ങേറി, പിന്നീട് തമിഴിലും തെലുങ്കിലുമെല്ലാം സാന്നിധ്യം അറിയിച്ച് ഇന്ന് തെന്നിന്ത്യന്‍ സിനിമയിലെ മുന്‍നിര നായികമാരില്‍ ഒരാളായി മാറിയിരിക്കുകയാണ് അമല പോള്‍. അഭിനയത്തിനൊപ്പം നിര്‍മ്മാണത്തിലും ശക്തമായൊരു സാന്നിധ്യമാകാന്‍ അമല പോളിന് സാധിച്ചിട്ടുണ്ട്. താരത്തെ ബിഗ് ബോസിന്റെ നിര്‍മ്മതാക്കള്‍ സമീപിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ താരം ചില നിബന്ധനകള്‍ മുന്നോട്ട് വച്ചുവെന്നും പക്ഷെ തുടര്‍ന്ന് താരം പിന്മാറാന്‍ തീരുമാനിച്ചതായുമാണ് റിപ്പോര്‍ട്ടുകള്‍.
എന്തുകൊണ്ടാണ് അമല പോള്‍ ഷോ നിരസിച്ചതെന്നതിനെക്കുറിച്ച് വ്യക്തമായ അറിവൊന്നും ലഭ്യമല്ല. തന്റെ സിനിമയേയും വ്യക്തി ജീവിതത്തേയും ഒന്നാക്കാന്‍ ഇഷ്ടപ്പെടാത്ത താരമാണ് അമല പോള്‍. അമലയുടെ ഒരു സിനിമയില്‍ നിന്നും അടുത്ത സിനിമയിലേക്കുള്ള ദൂരം തന്നെ ശ്രദ്ധേയമാണ്. കൂടാതെ തന്റെ വ്യക്തിജീവിതത്തെ മാധ്യമങ്ങളുടെ ശ്രദ്ധയിലേക്ക് കൊണ്ടു വരാറില്ല അമല പോള്‍. വ്യക്തിജീവിതത്തിന്റെ സ്വകാര്യത കാത്തു സൂക്ഷിക്കുന്നയാളാണ് അമല. ഇതൊക്കെ തന്നെയാകാം താരത്തിന്റെ പിന്മാറ്റത്തിന് പിന്നിലെ കാരണമെന്നാണ് കരുതപ്പെടുന്നത്.
ഇതേസമയം കഴിഞ്ഞ ദിവസം അമലയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. തന്റെ മാലിദ്വീപ് വിനോദ യാത്രയില്‍ നിന്നുമുള്ള ചിത്രങ്ങളായിരുന്നു അമല പോള്‍ പങ്കുവച്ചത്. പിന്നാലെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയായിരുന്നു. കഡാവര്‍ ആണ് അമല പോളിന്റെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ.
അതേസമയം നിരവധി പേരുടെ പേരുകള്‍ ബിഗ് ബോസ് തമിഴ് സീസണ്‍ 6ലെ മത്സരാര്‍ത്ഥികളായി ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്. വിജെ സുചിത്ര, കാര്‍ത്തിക് കുമാര്‍, ദിവ്യദര്‍ശിനി, രക്ഷന്‍, വിഷ്ണു വിജയ്, ഇന്ദ്രജ ശങ്കര്‍, അര്‍ച്ചന തുടങ്ങിയവരുടെ പേരുകള്‍ കേള്‍ക്കുന്നുണ്ട്. പതിവ് പോലെ തന്നെ ഷോയുടെ പ്രീമിയറോടെ മാത്രമാണ് ആരൊക്കെയാകും ബിഗ് ബോസിലുണ്ടാവുക എന്ന് പറയാനാവുക.