KeralaNews

തിരക്കുകള്‍ കാരണം മോഫിയയുടെ പരാതി പരിശോധിക്കാന്‍ കഴിഞ്ഞില്ല,സി.ഐ സുധീര്‍ നല്‍കിയ വിശദീകരണത്തിന്‍റെ വിശദാംശങ്ങള്‍ പുറത്ത്

ആലുവ: മോശമായി പെരുമാറിയെന്ന് നിയമ വിദ്യാര്‍ഥിനി മോഫിയയുടെ ആത്മഹത്യ കുറിപ്പില്‍ പരാമര്‍ശിക്കപ്പെട്ട ആലുവ സി.ഐ സുധീര്‍ നല്‍കിയ വിശദീകരണത്തിന്‍റെ വിശദാംശങ്ങള്‍ പുറത്ത്.

സ്റ്റേഷന്‍ ചുമതലയിലെ തിരക്കുകള്‍ കാരണം ഇക്കാര്യം പരിശോധിക്കാന്‍ കഴിഞ്ഞില്ലെന്ന് സി.ഐ വിശദീകരിക്കുന്നു.

അതിനാല്‍, കേസ് എടുക്കുന്നത് അടക്കമുള്ള കാര്യങ്ങള്‍ക്കായി മറ്റൊരു ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തിയിരുന്നു. ഈ ഉദ്യോഗസ്ഥന്‍ നിരവധി തവണ ഇരുവീട്ടുകാരുമായി ബന്ധപ്പെട്ടു. നവംബര്‍ 18ന് സ്റ്റേഷനില്‍ ഹാജരാകാന്‍ മോഫിയയോട് ആവശ്യപ്പെട്ടു. എന്നാല്‍, പരീക്ഷയുണ്ടെന്ന കാരണം പറഞ്ഞ് എത്തിയില്ലെന്നും സി.ഐ പറയുന്നു.

അതേസമയം, ആലുവ സി.ഐ. സി.എല്‍ സുധീറിന് ഗുരുതര പിഴവുകള്‍ സംഭവിച്ചിട്ടില്ലെന്നാണ് ഡി.വൈ.എസ്.പിയുടെ അന്വേഷണ റിപ്പോര്‍ട്ടിലുള്ളത്. ചെറിയ തെറ്റുകള്‍ മാത്രമാണ് സി.ഐയുടെ ഭാഗത്ത് നിന്നുണ്ടായത്. പൊലീസ് സ്റ്റേഷനില്‍വെച്ച്‌ ഭര്‍ത്താവ് സുഹൈലുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെടുകയും മൂഫിയ ഭര്‍ത്താവിനെ അടിക്കുകയും ചെയ്തു.

ഈ സന്ദര്‍ഭത്തില്‍ സി.ഐക്ക് ഉറക്കെ സംസാരിക്കേണ്ടി വന്നു. പൊലീസ് പി.ആര്‍.ഒ ഈ രംഗങ്ങള്‍ക്ക് സാക്ഷിയാണ്. ഇത്തരം സാഹചര്യത്തില്‍ സമയോചിതമായി ഇടപെടുന്നതിലും പെണ്‍കുട്ടിയെ ശാന്തമാക്കുന്നതിലും സി.ഐക്ക് വീഴ്ചപറ്റിയെന്നുമാണ് പൊലീസ് റിപ്പോര്‍ട്ടിലുള്ളത്. ഡി.ഐ.ജി നിരജ് കുമാര്‍ റിപ്പോര്‍ട്ട് തുടര്‍നടപടിക്കായി ഡി.ജി.പിക്ക് കൈമാറിയിട്ടുണ്ട്.

അതേസമയം, ആലുവ സി.ഐക്കെതിരെ നടപടി ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നടത്തുന്ന കുത്തിയിരിപ്പ് സമരം രണ്ടാം ദിവസത്തിലേക്ക് കടന്നു. ആലുവ ഈ​സ്​​റ്റ്​ പൊലീസ് സ്റ്റേഷനില്‍ നടത്തുന്ന സമരത്തിന് ബെന്നി ബഹനാന്‍ എം.പിയും അന്‍വര്‍ സാദത്ത് എം.എല്‍.എയും ആണ് നേതൃത്വം നല്‍കുന്നത്.

സമരത്തിന്‍റെ ഭാഗമാകാന്‍ മോഫിയയുടെ മാതാപിതാക്കളായ ദില്‍ഷാദും ഫാരിസയും പൊലീസ് സ്റ്റേഷനിലെത്തി. സമരവേദിയില്‍ പൊട്ടിക്കരഞ്ഞ മാതാവ് ഫാരിസയെ നേതാക്കള്‍ ആശ്വസിപ്പിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button