ദില്ലി : 2022 ലെ സമാധാനത്തിനുള്ള നോബൽ സമ്മാനത്തിനായുള്ള സാധ്യതാ പട്ടികയിൽ ആൾട്ട് ന്യൂസ് സ്ഥാപകരായ ഫാക്ട് ചെക്കേഴ്സ് മുഹമ്മദ് സുബൈറും പ്രതീക് സിൻഹയും. ഇരുവരും പട്ടികയിൽ ഉൾപ്പെട്ടതായി ടൈം ആണ് റിപ്പോർട്ട് ചെയ്യുന്നത്. 2022 ലെ സമാധാനത്തിനുള്ള നോബൽ സമ്മാനത്തിനായുള്ള സാധ്യതാ പട്ടികയിൽ ഏകദേശം 343 പേരുകളാണ് ഉള്ളത്. 251 വ്യക്തികളും 92 സംഘടനകളുമാണ് ഇതിൽ ഉൾപ്പെട്ടിരിക്കുന്നത്.
2018 ൽ നടത്തിയ ഒരു ട്വീറ്റിന്റെ പേരിൽ മുഹമ്മദ് സുബൈറിനെ ദില്ലി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. “പ്രകോപനപരവും വിദ്വേഷം പടർത്തുന്നതുമായ” വാക്കുകൾ ട്വീറ്റ് ചെയ്തു എന്ന പേരിലായിരുന്നു അറസ്റ്റ്. ഈ വർഷം ജൂണിൽ ആയിരുന്നു അറസ്റ്റ്. മതത്തിന്റെ പേരിൽ വിവിധ ഗ്രൂപ്പുകൾക്കിടയിൽ ശത്രുത വളർത്തിയതിനും മതവികാരം വ്രണപ്പെടുത്തുന്ന ബോധപൂർവമായ പ്രവർത്തനങ്ങൾക്കും ദില്ലി പൊലീസ് കേസെടുക്കുകയായിരുന്നു.
സുബൈറിന്റെ അറസ്റ്റ് ഇന്ത്യക്ക് പുറത്തും പ്രതിഷേധങ്ങൾക്കും വിമർശനങ്ങൾക്കും കാരണമായി. ഇന്ത്യയിൽ സർക്കാർ മാധ്യമങ്ങളെ കൈകാര്യം ചെയ്യുന്നത് മോശം രീതിയിലാണെന്ന വിമർശനങ്ങൾ ഉയരാൻ അറസ്റ്റ് കാരണമായി. സുബൈർ ഒരു മാസത്തിന് ശേഷം സുപ്രീം കോടതി ജാമ്യം അനുവദിച്ചതോടെ തിഹാർ ജയിലിൽ നിന്ന് പുറത്തിറങ്ങി.
നാമനിർദ്ദേശം ചെയ്തവരുടെ പേരുകൾ നോബൽ കമ്മിറ്റി മാധ്യമങ്ങളോടെ സ്ഥാനാർത്ഥികളോടെ അറിയിച്ചിട്ടില്ലെങ്കിലും റോയിട്ടേഴ്‌സ് നടത്തിയ സർവേയിൽ ബെലററേഷ്യൻ പ്രതിപക്ഷ രാഷ്ട്രീയ പ്രവർത്തക സ്വിയാറ്റ്‌ലാന സിഖനൂസ്കയ, ബ്രോഡ്കാസ്റ്റർ ഡേവിഡ് ആറ്റൻബറോ, കാലാവസ്ഥാ പ്രവർത്തക ഗ്രേറ്റ തൻബെർഗ്, പോപ്പ് ഫ്രാൻസിസ്, ടുവലുവിന്റെ വിദേശകാര്യ മന്ത്രി സൈമൺ കോഫെ, മ്യാൻമറിന്റെ ദേശീയ ഐക്യ സർക്കാരും നോർവീജിയൻ നിയമനിർമ്മാതാക്കൾ നാമനിർദ്ദേശം ചെയ്തവരിൽ ഉൾപ്പെടുന്നു.
സിൻഹയ്ക്കും സുബൈറിനും പുറമേ യുക്രെയ്ൻ പ്രസിഡന്റ് വൊളോഡോമിർ സെലെൻസ്‌കി, യുഎൻ അഭയാർത്ഥി ഏജൻസി, ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ), റഷ്യൻ വിമതനും വ്‌ളാഡിമിർ പുടിന്റെ നിരൂപകനുമായ അലക്സി നവാൽനി എന്നിവരും സമാധാന സമ്മാനത്തിനുള്ള സാധ്യതാ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. 2022 ലെ സമാധാനത്തിനുള്ള നോബൽ സമ്മാന ജേതാക്കളെ ഒക്ടോബർ 7 ന് ഓസ്ലോയിൽ പ്രാദേശിക സമയം രാവിലെ 11 മണിക്ക് പ്രഖ്യാപിക്കും.