ഫോളോവേഴ്‌സിന്റെ എണ്ണം കൂട്ടണം; വീട്ടുജോലിക്കാരിയെ അല്ലു അർജുൻ സഹായിച്ചതിങ്ങനെ | Video
ഹൈദരാബാദ്: തെലുങ്ക് സിനിമയിൽ മാത്രമല്ല ഇന്ത്യന്‍ സിനിമയിലും ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന താരങ്ങളിലൊരാളാണ് അല്ലു അര്‍ജുന്‍. 2021-ല്‍ റിലീസ് ചെയ്ത പുഷ്പ എന്ന ചിത്രത്തോടെ അല്ലു അര്‍ജുന്‍ പാന്‍ ഇന്ത്യന്‍ താരമെന്ന നിലയില്‍ വളരെയേറെ ആഘോഷിക്കപ്പെട്ടു. ‘പുഷ്പ’യുടെ രണ്ടാം ഭാഗമാണ് റിലീസിന് തയ്യാറെടുക്കുന്ന അല്ലു അര്‍ജുന്റെ ഏറ്റവും പുതിയ ചിത്രം.
ഇപ്പോള്‍ അല്ലു അര്‍ജുന്റെ ഒരു പുതിയ വീഡിയോ വൈറലാവുകയാണ്. വീട്ടില്‍ ജോലി ചെയ്യുന്ന അശ്വിനി എന്ന പെണ്‍കുട്ടിയ്‌ക്കൊപ്പമാണ് അല്ലു അര്‍ജുന്‍ വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. അല്ലു അര്‍ജുന്റെ മകള്‍ അല്ലു അര്‍ഹയുടെ ആയയാണ് ഈ പെണ്‍കുട്ടി.
തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിന് കൂടുതല്‍ ഫോളോവേഴ്‌സ് ലഭിക്കണമെന്നാണ് പെണ്‍കുട്ടിയുടെ ആഗ്രഹം. അത് സാധിച്ചുകൊടുക്കാനാണ് അല്ലു അര്‍ജുന്‍ പെണ്‍കുട്ടിയുമായുള്ള വീഡിയോ റെക്കോര്‍ഡ് ചെയ്തു നല്‍കിയത്. ഈ വീഡിയോ നിമിഷ നേരം കൊണ്ട് വൈറലായി മാറി.
വീഡിയോയുടെ പേരില്‍ താങ്കള്‍ക്ക് കൂടുതല്‍ ഫോളേവേഴ്‌സ് കിട്ടുമെങ്കില്‍ അങ്ങനെയാകട്ടെ എന്ന് വീഡിയോയില്‍ അല്ലു അര്‍ജുന്‍ പറയുന്നു. ഇപ്പോള്‍ നിലവില്‍ എത്ര ഫോളോവേഴ്‌സ് ഉണ്ടെന്ന് ചോദിക്കുമ്പോള്‍ 13,000 എന്ന് അശ്വിനി പറയുന്നു. ഈ വിഡിയോ പങ്കുവച്ചാല്‍ മുപ്പതിനായിരം ഫോളോവേഴ്‌സിനെ കിട്ടുമെന്ന് ഉറപ്പുണ്ടോ എന്നും അല്ലു അര്‍ജുന്‍ പെണ്‍കുട്ടിയോട് ചോദിക്കുന്നു. അതെ തീര്‍ച്ചയായും എന്ന് പെണ്‍കുട്ടി പറയുന്നു. അപ്പോള്‍ ശരി നമുക്ക് അങ്ങനെ പ്രതീക്ഷിയ്ക്കാമെന്നും അല്ലു അര്‍ജുന്‍ പറയുന്നു.