ലക്‌നൗ:പ്രായപൂര്‍ത്തിയായവര്‍ തമ്മില്‍ പരസ്പര സമ്മതപ്രകാരമുള്ള ലൈംഗികബന്ധം കുറ്റമല്ലെന്ന് അലഹബാദ് ഹൈക്കോടതി. എന്നാല്‍ ഇന്ത്യന്‍ പാരമ്പര്യം അനുസരിച്ച് ഇത് അധാര്‍മ്മികമാണെന്നും കോടതി നിരീക്ഷിച്ചു. കൂട്ടബലാത്സംഗ കേസ് പ്രതിക്ക് ജാമ്യം നിഷേധിച്ച് കൊണ്ടാണ് കോടതിയുടെ നിരീക്ഷണം.
പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ സംഭവത്തില്‍ നാലുപ്രതികളില്‍ ഒരാളുടെ ജാമ്യാപേക്ഷ തള്ളി കൊണ്ടായിരുന്നു കോടതിയുടെ നിരീക്ഷണം. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ സംരക്ഷിക്കേണ്ടത് ആണ്‍സുഹൃത്തെന്ന് പറയുന്ന പ്രതിയുടെ ഉത്തരവാദിത്തമാണെന്ന് ജസ്റ്റിസ് രാഹുല്‍ ചതുര്‍വേദി പറഞ്ഞു. മറ്റു പ്രതികള്‍ ലൈംഗികാതിക്രമം നടത്തുമ്പോൾ പെണ്‍കുട്ടിയെ സംരക്ഷിക്കേണ്ട ബാധ്യത പ്രതിക്കുണ്ടെന്നും കോടതി നിരീക്ഷിച്ചു.
‘പെണ്‍കുട്ടി തനിക്ക് വേണ്ടപ്പെട്ടവളാണ് എന്ന് പറയുന്ന നിമിഷം, അവരുടെ അഭിമാനവും സത്‌പ്പേരും കാത്തുസൂക്ഷിക്കേണ്ട ഉത്തരവാദിത്തം പ്രതിക്കുണ്ട്. പെണ്‍കുട്ടി പ്രായപൂര്‍ത്തിയായതാണെങ്കില്‍ പരസ്പര സമ്മതപ്രകാരമുള്ള ലൈംഗികബന്ധം കുറ്റമല്ല. എന്നാല്‍ ഇന്ത്യന്‍ പാരമ്പര്യം അനുസരിച്ച് ഇത് അധാര്‍മ്മികമാണ്. ‘ – അദ്ദേഹം പറഞ്ഞു.
അപേക്ഷകന്റെ പ്രവൃത്തി അംഗീകരിക്കാന്‍ കഴിയുന്നതല്ല.ഒരു ആണ്‍സുഹൃത്തിന് ചേര്‍ന്നതല്ല. മറ്റുള്ളവര്‍ പെണ്‍കുട്ടിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കുമ്പോൾ മൂകസാക്ഷിയായി നോക്കിനിന്നത് അംഗീകരിക്കാന്‍ സാധിക്കില്ല. പെണ്‍കുട്ടിയെ രക്ഷിക്കാന്‍ ഒരുവിധത്തിലുള്ള ചെറുത്തുനില്‍പ്പും പ്രതിയുടെ ഭാഗത്ത് നിന്ന് ഉണ്ടായില്ലെന്നും കോടതി വ്യക്തമാക്കി.
ഫെബ്രുവരി 19നാണ് കേസിനാസ്പദമായ സംഭവം. ആണ്‍സുഹൃത്ത് രാജുവും കൂട്ടാളികളും ചേര്‍ന്ന് പെണ്‍കുട്ടിയെ പുഴയുടെ തീരത്ത് വച്ചാണ് കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത്. സംഭവത്തില്‍ തൊട്ടടുത്ത ദിവസം പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. പോക്‌സോ അടക്കമുള്ള വകുപ്പുകള്‍ അനുസരിച്ചാണ് പ്രതികള്‍ക്കെതിരെ പൊലീസ് കേസെടുത്തത്.