തിരുവനന്തപുരം: ഗവർണറുടെ കാരണം കാണിക്കൽ നോട്ടിസ് ലഭിച്ച വൈസ് ചാൻസർമാർ ഗവർണർക്കു മറുപടി നൽകി. യുജിസി മാനദണ്ഡങ്ങൾ ലംഘിച്ച സാങ്കേതിക സർവകലാശാല വിസിയെ സുപ്രീംകോടതി പുറത്താക്കിയതിനെ തുടർന്നാണ് മറ്റു സർവകലാശാലകളിലെ വിസിമാരെ പുറത്താക്കാതിരിക്കാൻ കാരണം ബോധിപ്പിക്കാൻ ഗവർണർ നോട്ടിസ് നൽകിയത്. മറുപടി നല്‍കാൻ വിസിമാർക്ക് ഇന്നുവരെ ഹൈക്കോടതി സമയം അനുവദിച്ചിരുന്നു. ഗവർണറെ നേരിട്ടുകണ്ട് വിശദീകരണം നൽകണമെങ്കിൽ അറിയിക്കാനും ഇന്നു വരെയായിരുന്നു സമയം.
നിയമനം നിയമപരമാണെന്ന മറുപടിയാണു വിസിമാർ നൽകിയിരിക്കുന്നത്. സർവകലാശാലയ്ക്കു നൽകിയ സേവനങ്ങളും മറുപടിയിൽ വിശദീകരിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച ഹര്‍ജികള്‍ ഹൈക്കോടതി പരിഗണിക്കുന്നതിനാല്‍ കോടതി നിലപാടുകൂടി അറിഞ്ഞശേഷം ഗവർണർ തുടർനടപടികൾ സ്വീകരിക്കും. നേരിട്ടു ഹിയറിങ് വേണമെന്ന് ആവശ്യപ്പെട്ടവര്‍ക്ക് ഗവര്‍ണറുമായി കൂടിക്കാഴ്ചയ്ക്കു സമയം അനുവദിക്കുമെന്നും രാജ്ഭവന്‍ അറിയിച്ചു. വിസിമാരുടെ വിശദീകരണം പരിശോധിച്ചു കൂടിക്കാഴ്ചകൾക്കുശേഷം ഗവർണർ തുടർ നടപടികൾ സ്വീകരിക്കും.
കേരള വിസിയായിരുന്ന മഹാദേവൻപിള്ള, ഡോ.സാബു തോമസ് (എംജി), ഡോ.കെ.എൻ.മദുസൂദനൻ (കുസാറ്റ്), ഡോ.കെ.റിജി ജോൺ (കുഫോസ്), ഡോ.ഗോപിനാഥ് രവീന്ദ്രൻ (കണ്ണൂർ), ഡോ.എം.വി.നാരായണൻ (സംസ്കൃതം), ഡോ.എം.കെ.ജയരാജ് (കാലിക്കറ്റ്), ഡോ. അനിൽ വള്ളത്തോൾ (മലയാളം) ഡോ.എം.വി.നാരായണൻ (കാലടി), ഡോ.സജി ഗോപിനാഥ് (ഡിജിറ്റൽ), ഡോ.പി.എം.മുബാറക് പാഷ (ശ്രീനാരായണ ഗുരു ഓപ്പണ്‍ സർവകലാശാല) എന്നിവരാണു നോട്ടിസിനു മറുപടി നൽകിയത്.
സാങ്കേതിക സർവകലാശാല വിസിയായിരുന്ന ഡോ.എം.എസ്.രാജശ്രീയെ സുപ്രീംകോടതി പുറത്താക്കിയതിനാൽ നോട്ടിസ് നൽകിയിരുന്നില്ല.
സാങ്കേതിക സർവകലാശാല വൈസ് ചാൻസറുടെ ചുമതല നൽകിയ സിസ തോമസ് ഗവർണറെ സന്ദർശിച്ചു. സർവകലാശാലയുടെ പ്രവർത്തനം സംബന്ധിച്ച റിപ്പോർട്ട് ഗവർണർക്ക് കൈമാറി. സർവകലാശാലാ വിഷയങ്ങൾ സന്ദര്‍ശനത്തിൽ ചർച്ചയായി. സർക്കാരിന്റെ മുൻകൂർ അനുമതിയില്ലാതെ വിസി സ്ഥാനം ഏറ്റെടുത്തതിനെതിരെ സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് സീനിയർ ജോയിന്റ് ഡയറക്ടറായിരുന്ന സിസ തോമസിനെതിരെ സർക്കാർ നടപടി ആലോചിക്കുന്നുണ്ട്.