കണ്ണൂർ: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഫലം ചൊവ്വാഴ്ച വരാനിരിക്കെ വടകരയില്‍ പ്രത്യേക സേനാ വിന്യാസവുമായി ജില്ലാ ഭരണകൂടം. പ്രശ്നബാധിത മേഖലകളില്‍ കൂടുതല്‍ പൊലീസിനെ വിന്യസിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. ഇന്ന് വൈകിട്ട് മുതല്‍ ചൊവ്വാഴ്ച വൈകിട്ട് വരെ വോട്ടെണ്ണല്‍ കേന്ദ്രത്തിന് സമീപം നിരോധനാജ്ഞ പ്രഖ്യാപിച്ചു. വടകരയിലെ വിജയാഹ്ലാദ പ്രകടനങ്ങള്‍ നേരത്തെ അറിയിക്കണമെന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് കളക്ടർ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
സംസ്ഥാനത്ത് ഏറ്റവും കടുത്ത പോരാട്ടം നടന്ന മണ്ഡലങ്ങളിലൊന്നാണ് വടകര. എല്‍ഡിഎഫിന്റെ കെ.കെ.ശൈലജയും യുഡിഎഫിന്റെ ഷാഫി പറമ്പിലും തമ്മില്‍ കടുത്ത പോരാട്ടമാണ് വടകരയില്‍ നടന്നത്. ചൊവ്വാഴ്ച ഫലം പ്രഖ്യാപിക്കാനിരിക്കെ ഇരുമുന്നണികളും ആത്മവിശ്വാസത്തിലാണ്.
ഇടതുപക്ഷത്തിന് വലിയ വിജയമുണ്ടാകുമെന്ന് ശൈലജ പ്രതികരിച്ചു. വടകരയില്‍ തോല്‍ക്കണമെങ്കില്‍ ഏതെങ്കിലും തരത്തിലുള്ള അട്ടിമറി നടക്കണം. അങ്ങനെയൊരു അട്ടിമറി നടന്നോയെന്ന് ഇപ്പോള്‍ പറയാന്‍ സാധിക്കില്ലെന്നായിരുന്നു ശൈലജയുടെ പ്രതികരണം. വടകരയിലെ വോട്ടെണ്ണിക്കഴിയുമ്പോള്‍ വലിയ ആഹ്ലാദമാകും യുഡിഎഫ് ക്യാമ്പിലുണ്ടാവുകയെന്ന് ഷാഫി പറമ്പിലും പ്രതികരിച്ചു.
ലോക്സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ തുടങ്ങുന്നതിനു മുന്നോടിയായി വോട്ടിങ് യന്ത്രങ്ങൾ സൂക്ഷിച്ചിരിക്കുന്ന സ്ട്രോങ് റൂമുകൾ നാളെ രാവിലെ അഞ്ചരയോടെ തുറക്കും. മുൻപ് 7.30ന് ശേഷമാണ് ഇവ തുറന്നിരുന്നത്. 4ന് തന്നെ ഒരുക്കങ്ങൾക്കുള്ള ഉദ്യോഗസ്ഥർ സ്ഥലത്ത് എത്താൻ തിരഞ്ഞെടുപ്പ് കമ്മിഷൻ നിർദേശിച്ചിട്ടുണ്ട്.
ആദ്യം എണ്ണുക ഇലക്ട്രോണിക്കലി ട്രാൻസ്മിറ്റഡ് പോസ്റ്റൽ ബാലറ്റുകളും (ഇടിപിബി), വീട്ടിലിരുന്ന വോട്ടു ചെയ്തവർ ഉൾപ്പെടെ ഉള്ളവരുടെ തപാൽ ബാലറ്റുകളുമായിരിക്കും. അടുത്ത അരമണിക്കൂറിനുള്ളിൽ വോട്ടിങ് മെഷീനുകളിലെ വോട്ടുകൾ എണ്ണിത്തുടങ്ങും. കൗണ്ടിങ് ഏജന്റുമാരുടെ സാന്നിധ്യത്തിൽ കൗണ്ടിങ് സൂപ്പർവൈസർ വോട്ടിങ് യന്ത്രം പരിശോധിച്ച് കേടുപാടുകൾ ഇല്ലെന്ന് ഉറപ്പാക്കിയ ശേഷം മുദ്ര പൊട്ടിക്കും.
ഓരോ റൗണ്ടിലും എല്ലാ വോട്ടിങ് മെഷീനുകളും എണ്ണിത്തീർന്ന ശേഷം തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിരീക്ഷകൻ അതിൽ നിന്നും ഏതെങ്കിലും രണ്ടു മെഷീൻ എടുത്ത് അതിലെ കൗണ്ട് രേഖപ്പെടുത്തിയിരിക്കുന്നത് ശരിയാണെന്ന് ഉറപ്പാക്കും. അതു കഴിഞ്ഞാൽ ആ റൗണ്ടിന്റെ ടാബുലേഷൻ നടത്തി ആ റൗണ്ടിന്റെ റിസൽറ്റ് റിട്ടേണിങ് ഓഫിസർ പ്രഖ്യാപിച്ച് രേഖപ്പെടുത്തും. എല്ലാ റൗണ്ടിലെയും വോട്ടിങ് മെഷീനുകളിലെ വോട്ടെണ്ണൽ പൂർത്തിയാക്കിയ ശേഷം മാത്രമേ വിവിപാറ്റ് സ്ലിപ്പുകളുടെ വെരിഫിക്കേഷൻ നടത്തുകയുള്ളൂ.
എല്ലാ നിയമസഭാ മണ്ഡലങ്ങളിലെയും റാൻഡമായി തിരഞ്ഞെടുത്ത ഏതെങ്കിലും 5 പോളിങ് സ്റ്റേഷനിലെ വിവിപാറ്റ് സ്ലിപ്പുകൾ എണ്ണുമെന്നാണു കണക്ക്. ഒരു വിവിപാറ്റ് മെഷീനിലെ സ്ലിപ്പുകൾ എണ്ണിത്തീരാൻ ഒരു മണിക്കൂറെങ്കിലും എടുക്കും. ഇതിനുശേഷമാവും അന്തിമവിധി പ്രഖ്യാപനം.