ആലപ്പുഴ: സംസ്ഥാനത്ത് മഴ ശക്തമാകുന്നു. ആലപ്പുഴ തീരപ്രദേശത്ത് കടലാക്രമണം രൂക്ഷമായി. ഇതോടെ ആറാട്ടുപുഴയിലും, കാട്ടൂരിലും ദുരിതാശ്വാസക്യാമ്പുകള്‍ തുറന്നു. കഴിഞ്ഞ രണ്ടു ദിവസങ്ങളില്‍ തുടര്‍ച്ചയായി പെയ്യുന്ന മഴയില്‍ കുട്ടനാട്, അപ്പര്‍കുട്ടനാടന്‍ മേഖല എന്നിവ വെള്ളപൊക്ക ഭീഷണിയിലാണ്. ആറാട്ടുപുഴ, തൃക്കുന്നപ്പുഴ, പുറക്കാട്, കരൂര്‍, ഒറ്റമശേരി തുമ്പോളി തുടങ്ങിയ മേഖലകള്‍ കടലാക്രമണ ഭീഷിണിയിലാണ്.
ഈ പ്രദേശങ്ങളില്‍ കടല്‍ ഭിത്തി ഇല്ലാത്തതാണ് നാശനഷ്ടം വര്‍ധിപ്പിക്കാനുള്ള പ്രധാന കാരണം. ആറാട്ടുപുഴ പഞ്ചായത്തിലെ നല്ലാണിക്കല്‍ എല്‍.പി സ്‌കൂളിലാണ് ദുരിതാശ്വാസക്യാമ്പ് തുറന്നിരിക്കുന്നത്. വീടുകളില്‍ കടല്‍വെള്ളവും ചെളിയും കയറിയതോടെ കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റുകയായിരിന്നു.
തീരദേശ പാതയിലേക്ക് ഇപ്പോഴും ഭീമന്‍ തിരമാലകള്‍ അടിച്ചു കയറുകയാണ്. നുറുകണക്കിന് വീടുകള്‍ ഏതുനിമിഷവും കടലെടുക്കാവുന്ന അവസ്ഥയിലാണ്.