മുംബൈ: ഏഷ്യാ കപ്പിനുള്ള 17 അംഗ ഇന്ത്യന്‍ ടീമിനെ തെരഞ്ഞെടുത്തതിന് പിന്നാലെയുള്ള വിവാദങ്ങള്‍ അവസാനിക്കുന്നില്ല. ഏകദിന ക്രിക്കറ്റില്‍ അരങ്ങേറിയിട്ടില്ലാത്ത യുവതാരം തിലക് വര്‍മക്ക് ഏഷ്യാ കപ്പ് ടീമിലിടം നല്‍കുകയും ഏകദിന ക്രിക്കറ്റില്‍ ഇതുവരെ മികവ് കാട്ടാത്ത സൂര്യകുമാര്‍ യാദവിനെ ടീമില്‍ നിലനിര്‍ത്തുകയും ചെയ്തിട്ടും ഏകദിനത്തില്‍ 50ന് മുകളില്‍ ബാറ്റിംഗ് ശരാശരിയുള്ള മലയാളി താരം സഞ്ജു സാംസണെ 17 അംഗ ടീമിലുള്‍പ്പെടുത്തതാതിരുന്നതാണ് വിമര്‍ശനത്തിന് കാരണമായത്. സഞ്ജുവിനെ റിസര്‍വ് താരമായാണ് ടീമിലെടുത്തത്. അതുപോലെ സ്പിന്നര്‍ യുസ്‌വേന്ദ്ര ചാഹലിനെ ഒഴിവാക്കിയതും അപ്രതീക്ഷിതമായി.
എന്നാല്‍ ഏകദിന ക്രിക്കറ്റില്‍ ഇതുവരെ കളിക്കാത്ത തിലക് വര്‍മക്കും ഏകദിനങ്ങളില്‍ ഇതുവരെ ഫോമിലാവാത്ത സൂര്യകുമാര്‍ യാദവിനും മധ്യനിരയില്‍ ബാറ്റ് ചെയ്യാത്ത ഇഷാന്‍ കഷിനും പകരം സഞ്ജുവിനെ തന്നൊയിരുന്നു സെലക്ടര്‍മാര്‍ 17 അംഗ ടീമില്‍ ഉള്‍പ്പെടുത്തേണ്ടിയിരുന്നതെന്ന് തുറന്നു പറയുകയാണ് മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര. തിലക് വര്‍മക്കോ സൂര്യകുമാറിനോ പകരം സഞ്ജു 17 അംഗ ടീമില്‍ ഇടം നേടണമായിരുന്നു. ഏഷ്യാ കപ്പ് ടീമില്‍ ഇടം നേടാന്‍ കഴിയാത്തതില്‍ സഞ്ജു സാംസണ്‍ ആരാധകര്‍ നിരാശരായിരിക്കും. കാരണം, അദ്ദേഹത്തിന്‍റെ ഏകദിനങ്ങളിലെ പ്രകടനം തന്നെ.
ഏകദിനത്തില്‍ 50ന് മുകളില്‍ ബാറ്റിംഗ് ശരാശരിയും അവസാനം കളിച്ച മത്സരത്തില്‍ അതിവേഗ ഫിഫ്റ്റിയും സഞ്ജു നേടിയിരുന്നു. അതുകൊണ്ടുതന്നെ ഏഷ്യാ കപ്പിലും അവസരം നല്‍കിയിരുന്നെങ്കില്‍ സഞ്ജു തിളങ്ങുമെന്ന കാര്യത്തില്‍ സംശയമൊന്നുമില്ല. ഇന്ത്യക്കായി കളിച്ച പരിചയസമ്പത്തും സഞ്ജുവിനുണ്ടായിരുന്നുവെന്നും ആകാശ് ചോപ്ര യുട്യൂബ് ചാനലില്‍ പറഞ്ഞു.
സത്യസന്ധമായി പറഞ്ഞാല്‍ കെ എല്‍ രാഹുലിനൊപ്പം ഇഷാന്‍ കിഷനായിരുന്നില്ല, സഞ്ജുവായിരുന്നു രണ്ടാം വിക്കറ്റ് വിക്കറ്റ് കീപ്പറായി ടീമിലെത്തേണ്ടിയിരുന്നത്. കാരണം, സഞ്ജുവിന് മധ്യനിരയില്‍ ബാറ്റ് ചെയ്യാന്‍ കഴിയുമെന്നത് തന്നെ. ഇഷാനെ ടോപ് ഓര്‍ഡറില്‍ മാത്രമെ പരീക്ഷിച്ചിട്ടുള്ളു. അതുകൊണ്ട് ഇഷാന് പകരം രണ്ടാം കീപ്പറായി തന്നെ സഞ്ജുവിനെ ടീമിലെടുക്കാമായിരുന്നു.
സൂര്യകുമാര്‍ യാദവിന്‍റെ കാര്യമാണെങ്കില്‍ ടി20 ക്രിക്കറ്റില്‍ പകരം വെക്കാനില്ലാത്ത കളിക്കാരനാണെങ്കിലും ഏകദിനങ്ങളില്‍ അങ്ങനെയല്ല. ഏകദിന ക്രിക്കറ്റിന്‍റെ രീതി തന്നെ അദ്ദേഹത്തിന് ഇതുവരെ പിടികിട്ടിയിട്ടില്ല. ലോകകപ്പ് ടീമിനെ ഒരുക്കാന്‍ ഇനി അധികം സമയമില്ലെന്നത് ടീം മാനേജ്മെന്‍റ് നേരിടുന്ന മറ്റൊരു പ്രശ്നമാണെന്നും ആകാശ് ചോപ്ര പറഞ്ഞു.