33.4 C
Kottayam
Sunday, May 5, 2024

Reliance jio: മുകേഷ് അംബാനി പടിയിറങ്ങി,റിലയന്‍സ് ജിയോയെ ഇനി ആകാശ് അംബാനി നയിയ്ക്കും

Must read

മുംബൈ: ജിയോ ഇന്‍ഫോകോം ലിമിറ്റഡിനെ ഇനി മുതല്‍ പുതിയ ബോര്‍ഡ് ചെയര്‍മാന്‍ നയിക്കും. റിലയന്‍സ് ഇന്‍ഡസ്ട്രീസിന് കീഴിലുള്ള ടെലികോം കമ്പനിയായ റിലയന്‍സ് ജിയോ ഇന്‍ഫോകോം ലിമിറ്റഡിന്റെ ഡയറക്ടര്‍ ബോര്‍ഡില്‍ നിന്നും കഴിഞ്ഞ ദിവസം മുകേഷ് അംബാനി രാജിവെച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് കമ്പനിയുടെ നോണ്‍ എക്‌സിക്യൂട്ടീവ് ഡയറക്ടറും മുകേഷ് അംബാനിയുടെ മൂത്ത മകനുമായ ആകാശ് അംബാനി ബോര്‍ഡ് ചെയര്‍മാനായി സ്ഥാനമേറ്റത്.

രാജി വെച്ചെങ്കിലും റിലയൻസ് ജിയോ ഇൻഫോകോം ഉൾപ്പെടെ എല്ലാ ജിയോ ഡിജിറ്റൽ സേവന ബ്രാൻഡുകളുടെയും ഉടമസ്ഥതയിലുള്ള മുൻനിര കമ്പനിയായ ജിയോ പ്ലാറ്റ്‌ഫോംസ് ലിമിറ്റഡിന്റെ ചെയർമാനായി മുകേഷ് അംബാനി തന്നെ തുടരുമെന്നാണ് സൂചനകള്‍. റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ വാര്‍ഷിക ജനറല്‍ മീറ്റ് നടക്കാനിരിക്കെയാണ് ഈ പ്രഖ്യാപനം. 2020-ൽ ടെക് പ്രധാനികളുടെയും നിക്ഷേപകരുടെയും ആഗോള നിക്ഷേപങ്ങളിൽ ആകാശ് മുഖ്യ പങ്കാളിയായിരുന്നു, ഇത് പല തരത്തിൽ ജിയോയെ ആഗോള നിക്ഷേപക ഭൂപടത്തിലേക്ക് നയിക്കാന്‍ സഹായിച്ചു. 

കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഡിജിറ്റൽ മേഖലയിൽ ജിയോ നടത്തിയ പ്രധാന ഏറ്റെടുക്കലുകൾക്ക് ആകാശാണ് നേതൃത്വം നൽകിയത്. കൂടാതെ  ബ്ലോക്ക്ചെയിൻ പോലെയുള്ള പുതിയ സാങ്കേതിക വിദ്യകളുടെ വികസനത്തിലും ആകാശ് അതീവ ശ്രദ്ധാലുവാണ്. ആകാശിന്റെ സഹായത്തോടെ ജിയോയെ കൂടുതല്‍ ഉയരങ്ങളില്‍ എത്തിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് റിലയന്‍സ്. നവി മുംബൈയാണ് ടെലികോം കമ്പനിയാണ് റിലയന്‍സ് ജിയോ ഇന്‍ഫോകോം ലിമിറ്റഡിന്റെ ആസ്ഥാനം.

ഇന്ത്യയിലെ 22 ഓളം ടെലികോം സര്‍ക്കിളുകളിലെല്ലാമായി 4 ജി എല്‍ടിഇ സേവനം നല്‍കുന്ന കമ്പനി കൂടിയാണിത്. 4 ജി , 4 ജി പ്ലസ് സേവനങ്ങളാണ് കമ്പനി നല്‍കുന്നത്. മൊബൈല്‍ ബ്രോഡ്ബാന്‍ഡ്, ജിയോ ഫൈബര്‍ സേവനങ്ങളും ലൈഫ് സ്മാര്‍ട്‌ഫോണുകള്‍, ജിയോ ഫോണുകള്‍, ജിയോ നെറ്റ് വൈഫൈ, ജിയോ ഫോണ്‍ നെക്‌സ്റ്റ് തുടങ്ങി നിരവധി ഉത്പന്നങ്ങളാണ് കമ്പനിയ്ക്ക് സ്വന്തമായുള്ളത്. കൂടാതെ വിവിധ ആപ്പുകളുമുണ്ട്. കമ്പനിയുടെ പുതിയ മാനേജിങ് ഡയറക്ടറായി പങ്കജ് മോഹന്‍ പവാറിനെയും നിയമിച്ചു. അ‍ഞ്ച് വര്‍ഷത്തെ കാലാവധിയിലാണ് നിയമനം. രമീന്ദര്‍ സിങ് ഗുജ്‌റാള്‍, കെ വി ചൗധരി എന്നിവരും മാനേജിങ് ഡയറക്ടറുമാരായിരിക്കും. അ‍ഞ്ച് വര്‍ഷമാണ് ഇവരുടെയും കാലാവധി. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week