കോഴിക്കോട്: കെ.എസ്.ഇ.ബി. സെക്ഷന്‍ ഓഫീസ് അതിക്രമവുമായി ബന്ധപ്പെട്ട കേസിലെ പ്രതിയുടെ പിതാവിന്റെ പേരിലുള്ള വൈദ്യുതി കണക്ഷന്‍ വിച്ഛേദിച്ച സംഭവത്തില്‍ അജ്മലിന്റെ മാതാവ് കെ.എസ്.ഇ.ബി. ജീവനക്കാര്‍ക്കെതിരെ പരാതിനല്‍കി. വൈദ്യുതി വിച്ഛേദിക്കാന്‍ വീട്ടിലേക്കുവന്ന ജീവനക്കാര്‍ അപമര്യാദയായി പെരുമാറിയെന്നാണ് തിരുവമ്പാടി പോലീസ് സ്റ്റേഷനില്‍ നേരിട്ടെത്തി പരാതിനല്‍കിയത്. ഇതിനിടെ, വൈദ്യുതിബന്ധം പുനഃസ്ഥാപിക്കാന്‍ അടിയന്തരനടപടി ആവശ്യപ്പെട്ട് മനുഷ്യാവകാശകമ്മിഷന് നാട്ടുകാരിലൊരാള്‍ പരാതി നല്‍കി.
കഴിഞ്ഞദിവസം കെ.എസ്.ഇ.ബി. ഓഫീസിലെ പ്രതിഷേധത്തിനിടെ കുഴഞ്ഞുവീണ അജ്മലിന്റെ പിതാവ് ആശുപത്രിയില്‍നിന്ന് തിരിച്ചെത്തി. വേദ്യുതിയില്ലാത്ത വീട്ടിലേക്ക് കയറില്ലെന്ന് അറിയിച്ച അദ്ദേഹം, വീടിനുപുറത്ത് കട്ടിലില്‍ കിടക്കുകയാണ്. അതേസമയം, ഉദ്യോഗസ്ഥര്‍ എത്തിയാല്‍ അക്രമം ഉണ്ടാവില്ലെന്ന് ഉറപ്പ് നല്‍കിയാല്‍ വൈദ്യുതി പുനഃസ്ഥാപിക്കുമെന്ന് മന്ത്രി കെ. കൃഷ്ണന്‍ കുട്ടി പറഞ്ഞു.
അസിസ്റ്റന്റ് എന്‍ജിനീയറടക്കം ജീവനക്കാരെ മര്‍ദിച്ചെന്നും ഏതാണ്ട് മൂന്നുലക്ഷം രൂപയുടെ നാശനഷ്ടമുണ്ടാക്കിയെന്നും ആരോപിച്ചാണ് യൂത്ത് കോണ്‍ഗ്രസ് തിരുവമ്പാടി മണ്ഡലം മുന്‍ പ്രസിഡന്റ് യു.സി. അജ്മലിന്റെ വീട്ടിലെ വൈദ്യുതി വിച്ഛേദിച്ചത്. അതേസമയം, വീടും വൈദ്യുതി കണക്ഷനും തന്റെ പേരിലാണെന്ന് അജ്മലിന്റെ പിതാവ് ഉള്ളാട്ടില്‍ അബ്ദുല്‍ റസാഖ് പറഞ്ഞു.
തിരുവമ്പാടി പോലീസ് സ്റ്റേഷന് സമീപമുള്ള വീട്ടില്‍ വൈദ്യുതിബില്‍ കുടിശ്ശിക വരുത്തിയതുമൂലം കണക്ഷന്‍ വിച്ഛേദിച്ച ലൈന്‍മാന്‍ പി. പ്രശാന്തിനെയും സഹായി എം.കെ. അനന്തുവിനെയും വെള്ളിയാഴ്ച വൈകുന്നേരം വീട്ടുപരിസരത്തുവെച്ച് അജ്മലിന്റെ നേതൃത്വത്തില്‍ മര്‍ദിച്ചിരുന്നു. അസി. എന്‍ജിനിയര്‍ പി.എസ്. പ്രശാന്തിന്റെ പരാതിയില്‍ പോലീസ് കേസെടുത്തെങ്കിലും അറസ്റ്റുചെയ്തിരുന്നില്ല. പരാതിനല്‍കിയതിലുള്ള അരിശമാണ് എന്‍ജിനിയറുടെനേര്‍ക്ക് കാണിച്ചതെന്ന് ജീവനക്കാര്‍ പറയുന്നു. ഓഫീസിലെ കസേരകള്‍, ബെഞ്ചുകള്‍ തുടങ്ങിയവ മറിച്ചിട്ട് നശിപ്പിച്ചനിലയിലാണ്. രണ്ട് കംപ്യൂട്ടര്‍ തകരാറിലായതായി ജീവനക്കാര്‍ പറഞ്ഞു. മേശയുടെ ഗ്ലാസ് പൊട്ടി ജീവനക്കാര്‍ക്ക് മുറിവേറ്റിട്ടുണ്ട്.