കൊച്ചി:മഞ്ജു വാര്യര്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഇന്തോ-അറബിക് ചിത്രമാണ് ‘ആയിഷ’. പ്രഖ്യാപന സമയം മുതൽ ശ്രദ്ധനേടിയ ചിത്രത്തിന്റേതായി മുൻപ് റിലീസ് ചെയ്ത പോസ്റ്ററുകളെല്ലാം തന്നെ ഏറെ ശ്രദ്ധനേടിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ പുതിയ പോസ്റ്ററും റിലീസ് സംബന്ധിച്ച വിവരവും പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.
ആയിഷ ഒക്ടോബറിൽ തിയറ്ററുകളിൽ എത്തുമെന്നാണ് പോസ്റ്റർ പങ്കുവച്ച് മഞ്ജു വാര്യർ കുറിച്ചിരിക്കുന്നത്. നിരവധി പേരാണ് ചിത്രത്തിന് ആശംസകളുമായി രംഗത്തെത്തിയിരിക്കുന്നത്. പോസ്റ്ററിലെ മഞ്ജുവിന്റെ ലുക്കും ഏറെ ശ്രദ്ധനേടുകയാണ്. ആമിർ പള്ളിക്കലാണ് ചിത്രത്തിന്റെ സംവിധാനം.
7 ഭാഷകളിലായി ഒരുങ്ങുന്ന ചിത്രമാണ് ‘ആയിഷ’. ഇതാദ്യമാണ് മഞ്ജു വാര്യരുടെ ഒരു സിനിമ ഇത്രയും ഭാഷകളിൽ ഒരുങ്ങുന്നത്. ക്ലാസ്മേറ്റ്സിലൂടെ ശ്രദ്ധേയയായ നടി രാധികയും ചിത്രത്തിൽ സുപ്രധാന വേഷം അവതരിപ്പിക്കുന്നുണ്ട്. മലയാളത്തിനു പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, ഇംഗ്ലീഷ്, അറബിക് ഭാഷകളിലും ചിത്രം പുറത്തിറങ്ങും. ആഷിഫ് കക്കോടിയാണ് ചിത്രത്തിന്‍റെ രചന.
സജ്‌ന, പൂര്‍ണിമ, ലത്തീഫ (ടുണീഷ്യ), സലാമ (യുഎഇ), ജെന്നിഫര്‍ (ഫിലിപ്പൈന്‍സ്), സറഫീന (നൈജീരിയ), സുമയ്യ (യമന്‍), ഇസ്ലാം (സിറിയ) തുടങ്ങിയ വിദേശ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ക്രോസ് ബോര്‍ഡര്‍ ക്യാമറയുടെ ബാനറില്‍ സക്കറിയയാണ് നിര്‍മ്മാണം. ഫെതര്‍ ടച്ച് മൂവി ബോക്‌സ്, ഇമാജിന്‍ സിനിമാസ്, ലാസ്റ്റ് എക്‌സിറ്റ് സിനിമാസ് എന്നീ ബാനറുകളില്‍ ശംസുദ്ദീന്‍, സക്കറിയ വാവാട്, ഹാരിസ് ദേശം, അനീഷ് പി ബി എന്നിവരാണ് ഈ ചിത്രത്തിന്‍റെ സഹ നിർമ്മാതാക്കൾ.
ചിത്രത്തിൽ നടൻ പ്രഭുദേവയാണ് കെറിയോഗ്രാഫി ചെയ്യുന്നത്. നീണ്ട ഇടവേളയ്ക്കു ശേഷമാണ് പ്രഭുദേവ ഒരു മലയാള സിനിമയില്‍ നൃത്ത സംവിധായകനായി എത്തുന്നത്. ബി കെ ഹരിനാരായണൻ, സുഹൈല്‍ കോയ എന്നിവരുടെ വരികൾക്ക് എം ജയചന്ദ്രന്‍ സംഗീതം പകരുന്ന ഈ ചിത്രത്തില്‍ പ്രശസ്‍ത ഇന്ത്യൻ, അറബി പിന്നണി ഗായകര്‍ പാടുന്നു.
മലയാളത്തിൻ്റെ ലേഡി സൂപ്പർ സ്റ്റാർ എന്ന വിശേഷണത്തിലാണ് മഞ്ജു വാര്യർ അറിയപ്പെടുന്നത്. കലോത്സവ വേദിയിൽ നിന്നാണ് മഞ്ജു അഭിനയ മേഖലയിലേക്ക് എത്തുന്നത്. 1995 ൽ പുറത്ത് ഇറങ്ങിയ സാക്ഷ്യം എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാള സിനിമയിൽ തന്റേതായ സ്ഥാനം ഉറപ്പിക്കാൻ മഞ്ജുവിന് കഴിഞ്ഞിരുന്നു.
സല്ലാപം എന്ന ചിത്രത്തിലൂടെ നായികയായി എത്തുകയും ചെയ്തു. സിനിമയിൽ മഞ്ജുവിന്റെ ‘രാധ’ എന്ന കഥാപാത്രം ഇന്നും പ്രേക്ഷകരുടെ ഇടയിൽ ചർച്ച ചെയ്യപ്പെടാറുണ്ട്. 1998 ൽ നടൻ ദിലീപിനെ വിവാഹം ചെയ്ത ശേഷം മഞ്ജു മലയാള സിനിമയിൽ നിന്ന് നീണ്ട ഇടവേള എടുക്കുകയായിരുന്നു. പലപ്പോഴും മഞ്ജുവിൻ്റെ തിരിച്ച് വരവ് പ്രേക്ഷകർ ആഗ്രഹിച്ചിരുന്നു.
പിന്നീട് നീണ്ട 14 വർഷത്തെ ഇടവേളയ്ക്ക് ശേഷം റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത ഹൗ ഓൾഡ് ആർ യൂ എന്ന ചിത്രത്തിലൂടെ ആയിരുന്നു മഞ്ജുവിന്റെ തിരിച്ചുവരവ്. മഞ്ജുവിന്റെ ആ രണ്ടാം വരവ് പ്രേക്ഷകർ ആഘോഷമാക്കിയിരുന്നു.മികച്ച പ്രേക്ഷക സ്വീകാര്യതയാണ് മഞ്ജുവിന് ലഭിച്ചത്. രണ്ടാം വരവിൽ ആദ്യമുണ്ടായിരുന്ന മഞ്ജുവിനെ ആയിരുന്നില്ല കണ്ടത്. ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച് പ്രേക്ഷക മനസ്സിൽ മഞ്ജു സൂപ്പർ സ്റ്റാർ ആയി മാറുകയായിരുന്നു. അതിനിടെ സോഷ്യൽ മീഡിയയിൽ സജീവമാവുകയും ചെയ്തു.
മലയാളത്തിലെ പകരക്കാരില്ലാത്ത താരസാന്നിധ്യമാണ് മഞ്ജു വാര്യർ ഇന്ന്. തൻ്റെ അഭിനയ മേഖലയിലെ അനുഭവങ്ങളെക്കുറിച്ച് പറയുകയാണ് മഞ്ജു വാര്യർ. ഫ്ലവേഴ്സ് ഒരു കോടിയിൽ അതിഥിയായി എത്തിയപ്പോഴാണ് അഭിനയ ജീവിതത്തിലുണ്ടായ അബദ്ധങ്ങളെക്കുറിച്ച് പറഞ്ഞത്. തന്റെ കൈയ്യിൽ നിന്നും അബദ്ധങ്ങൾ സംഭവിച്ചിട്ടുണ്ടെന്ന് പറയുകയാണ് മഞ്ജു. താരത്തിൻ്റെ വാക്കുകൾ വിശദമായി വായിക്കാം.
പിഴവുകൾ ആരുടെ ഭാഗത്ത് നിന്ന് എപ്പോൾ വേണമെങ്കിലും സംഭവിക്കാം എന്നൊരു ബോധ്യമുണ്ട്. ആറാം തമ്പുരാനിൽ ചിത്ര ചേച്ചിയെ തല്ലുന്ന ഒരു സീൻ ഉണ്ടായിരുന്നു. ആ ഷോട്ട് എടുക്കുന്നതിന് മുമ്പ് രണ്ട് മൂന്ന് തവണ റിഹേഴ്‌സൽ ഒക്കെ ചെയ്തിരുന്നു. അടിക്കാൻ കൈ വീശുമ്പോൾ ഉള്ള ദൂരമൊക്കെ.
ഷൂട്ടിംഗിന്റെ സമയത്ത് ഞാൻ മുന്നോട്ട് വന്ന് കൈ വീശിയപ്പോൾ ചേച്ചിയുടെ കരണത്ത് കൊണ്ടു. അങ്ങനെയുള്ള അബദ്ധങ്ങൾ എന്റെ കൈയ്യിൽ നിന്നും സംഭവിച്ചിട്ടുണ്ട്. ചേച്ചിക്ക് ആ അടി ശരിക്കും കൊണ്ടു, മഞ്ജു പറഞ്ഞു.
എന്തൊക്കെ വാക്കുകൾ കേട്ടാലും, മറ്റ് ആരൊക്കെ ജീവിതത്തിലേക്ക് വന്നാലും, ആ ഒരു നഷ്‌ടം അതിന്റെ ശൂന്യത അവിടെ തന്നെ ഉണ്ടാവും എന്നാണ് എനിക്ക് ഇപ്പോൾ തോന്നുന്നത്. എങ്ങനെയൊക്കെയോ അതിനെ അതിജീവിച്ചു പോകുന്നു. അത്രയേ ഉള്ളു’, മഞ്ജു പറഞ്ഞു.
അതേസമയം, അജിത് നായകനാകുന്ന തമിഴ് ചിത്രത്തിലാണ് മഞ്ജു വാര്യർ ഇപ്പോൾ അഭിനയിക്കുന്നത്. വെട്രിമാരൻ ചിത്രം അസുരന് ശേഷം മഞ്ജു വാര്യർ അഭിനയിക്കുന്ന തമിഴ് ചിത്രമാണ് ഇത്. ബോണി കപൂറാണ് ചിത്രം നിർമ്മിക്കുന്നത്. മഹേഷ് വെട്ടിയാർ സംവിധാനം ചെയ്യുന്ന വെള്ളരി പട്ടണം ആണ് മഞ്ജുവിന്റെ റിലീസിനായി കാത്തിരിക്കുന്ന മറ്റൊരു ചിത്രം.