ന്യൂഡല്‍ഹി: വളര്‍ത്തു മൃഗങ്ങളുമായി യാത്ര ചെയ്യാന്‍ അനുവദിക്കില്ലെന്ന് എയര്‍ ഏഷ്യ. കേരള സര്‍ക്കാര്‍ ചാര്‍ട്ട് ചെയ്ത വിമാനത്തില്‍ വളര്‍ത്തുമൃഗങ്ങള്‍ക്ക് അനുമതിയില്ല. എന്നാല്‍ സ്വന്തം നിലയില്‍ വളര്‍ത്തു നായയെ വീട്ടില്‍ എത്തിക്കുമെന്ന് വിദ്യാര്‍ത്ഥി അഭിപ്രായപ്പെട്ടു.
യുക്രൈനില്‍ നിന്നും തിരിച്ചെത്തിയ ചെങ്ങന്നൂര്‍ സ്വദേശി അഞ്ജുവിന്റെ വളര്‍ത്തു പൂച്ചയെയും, ഇടുക്കി സ്വദേശിയായ ആര്യയുടെ വളര്‍ത്തുനായയെയും യാത്ര ചെയ്യാന്‍ അനുവദിക്കില്ലെന്ന് എയര്‍ ഏഷ്യ ജീവനക്കാര്‍ അറിയിച്ചു. വളര്‍ത്തുമൃഗങ്ങളുമായി പോകേണ്ടവര്‍ സ്വന്തം നിലയില്‍ പോകണം, ഇത് എയര്‍ ഏഷ്യയുടെ നയങ്ങള്‍ക്ക് എതിരാണ് എന്നാണ് എയര്‍ ഏഷ്യയുടെ വിശദീകരണം.
അതിന്റെ ഭാഗമായി വലിയ രീതിയിലുള്ള പ്രതിഷേധവും സങ്കടവും വിദ്യാര്‍ത്ഥികള്‍ പങ്കുവച്ചു. ആര്യ വന്നത് വ്യോമസേനയുടെ വിമാനത്തിലാണ്. എയര്‍ ഏഷ്യയുടെ നയത്തില്‍ വളര്‍ത്തുമൃഗങ്ങളുമായി യാത്ര ചെയ്യാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ സ്വന്തം നിലയിലേക്ക് നാട്ടിലേക്ക് കൊണ്ടുപോകാന്‍ കഴിയുമോ എന്ന സാധ്യതയാണ് വിദ്യാര്‍ത്ഥികള്‍ പരിശോധിക്കുന്നത്. എന്നാല്‍ ആര്യയുടെ വളര്‍ത്തു നായയെ ഇന്ന് തന്നെ നാട്ടിലേക്ക് കൊണ്ടുപോകുമെന്നാണ് പറഞ്ഞത്. അത് എയര്‍ ഇന്ത്യയുടെ സഹായത്തോടെ നടക്കുമോ എന്ന സാധ്യതയാണ് വിദ്യാര്‍ത്ഥികള്‍ തേടുന്നത്.
ഇടുക്കി സ്വദേശിയായ ഇരുപതുകാരി ആര്യ ആല്‍ഡ്രിന്‍ വളര്‍ത്തുനായയായ സൈറയ്‌ക്കൊപ്പമാണ്, യുക്രൈനിലെ യുദ്ധഭൂമിയില്‍നിന്നു മടങ്ങിയെത്തിയത്. ബുക്കാറസ്റ്റില്‍നിന്നു ഇന്നലെ രാത്രി വിമാനം കയറിയ ആര്യ പുലര്‍ച്ചെ ഡല്‍ഹിയിലെത്തിയിരുന്നു. യുദ്ധഭൂമിയില്‍ നിന്ന് ഏറെ കഷ്ടപ്പെട്ടാണ് ആര്യ തന്റെ പ്രിയപ്പെട്ട സൈബീരിയന്‍ നായ്ക്കുട്ടിയെ സുരക്ഷിത സ്ഥാനത്തേക്ക് എത്തിച്ചിരിക്കുന്നത്. സൈറയില്ലാതെ താന്‍ മടങ്ങില്ലെന്ന ദൃഢ നിശ്ചയത്തിലായിരുന്നു ആര്യ.
നാട്ടിലേക്ക് പോകാനുള്ള വഴി തുറന്നപ്പോള്‍ തന്നോടൊപ്പം സൈറയെ കൊണ്ടുപോകാനുള്ള ആഗ്രഹം ആര്യ, ഉദ്യോഗസ്ഥരെ അറിയിക്കുകയായിരുന്നു. അനുമതി കിട്ടിയതോടെ അയല്‍രാജ്യമായ റുമാനിയയിലേക്ക് തിരിച്ചു. ഞായറാഴ്ച രാത്രി പുറപ്പെട്ട ബസ് അതിര്‍ത്തിയില്‍നിന്നു 12 കിലോമീറ്റര്‍ ദൂരെ നിര്‍ത്തി ഇന്ത്യക്കാരെ ഇറക്കിവിട്ടു. തണുത്തുറഞ്ഞ പാതയിലൂടെ സൈറയെയും എടുത്തു നടന്നാണ് അതിര്‍ത്തിയിലെത്തിയത്.