KeralaNews

നടന്‍ കൃഷ്ണകുമാറിന് നെല്ലുസംഭരിച്ച പണം ഏപ്രിലില്‍ കൊടുത്തു,ലഭിച്ചത് 1,57,686 രൂപ,നടന്‍ ജയസൂര്യയുടെ ആരോപണം പൊളിച്ച് കൃഷിമന്ത്രി

കോട്ടയം: കര്‍ഷകര്‍ക്ക് നെല്ല് സംഭരണത്തിന്റെ വില കിട്ടിയില്ലെന്ന നടന്‍ ജയസൂര്യയുടെ പ്രസ്താവന മുന്‍കൂട്ടി ആസൂത്രണം ചെയ്തതുപോലെയായിരുന്നുവെന്ന് കൃഷി മന്ത്രി പി പ്രസാദ്. ‘പ്ലാന്‍ഡ് ആയ പ്രസ്താവനയാണ്. എന്നാല്‍ പ്രചാരണം പൊട്ടിപ്പോയി. വിജയിക്കാത്ത സിനിമ പോലത്തെ അനുഭവമായി. സത്യം എല്ലാവര്‍ക്കും മനസിലാവുകയും ചെയ്തു’, മന്ത്രി പറഞ്ഞു.

നെല്ല് സംഭരണത്തിന്റെ വില ഓണത്തിന് മുമ്പ് കൊടുത്ത് തീര്‍ത്തുവെന്നും അസത്യങ്ങളെ നിറം പിടിപ്പിച്ച് അവതരിപ്പിക്കുകയാണെന്നും മന്ത്രി പറഞ്ഞു. ബാങ്കുകളുടെ കെടു കാര്യസ്ഥത കാരണമാണ് കൊടുക്കാന്‍ അല്‍പമെങ്കിലും വൈകിയതെന്നും പി പ്രസാദ് വിശദീകരിച്ചു.

സുഹൃത്തായ നടന്‍ കൃഷ്ണപ്രസാദിന് അഞ്ച്, ആറ് മാസമായി സപ്ലൈക്കോയില്‍ നിന്ന് നെല്ലിന്റെ വില കിട്ടിയിട്ടെന്ന ജയസൂര്യയുടെ വാദം തെറ്റാണെന്നും മന്ത്രി പറഞ്ഞു. ‘നടന്‍ കൃഷ്ണപ്രസാദിന് നെല്ല് സംഭരണ തുക ലഭിച്ചിട്ടുണ്ട്. ചങ്ങനാശ്ശേരിയിലെ എസ്ബിഐ അക്കൗണ്ടില്‍ ഏപ്രില്‍ മാസത്തോടെ പണം എത്തി. മൂന്ന് തവണകളായാണ് അക്കൗണ്ടില്‍ മുഴുവന്‍ തുകയും എത്തിയത്.

5568 കിലോ ഉമ അരി സംഭരിച്ചതിന് സപ്ലൈകോ കൃഷ്ണ പ്രസാദിന് നല്‍കിയത് 1,57,686 രൂപയാണ്. എന്നാല്‍ ജയസൂര്യ പറഞ്ഞത് 5,6 മാസമായിട്ടും പണം നല്‍കിയില്ല എന്നായിരുന്നു’, മന്ത്രി വ്യക്തമാക്കി.

മന്ത്രിമാരെ വേദിയിലിരുത്തിയായിരുന്നു ജയസൂര്യ സര്‍ക്കാരിനെ വിമര്‍ശിച്ചത്. കര്‍ഷകര്‍ അവഗണന നേരിടുന്നുവെന്നും അവരുടെ ആവശ്യങ്ങള്‍ നിറവേറ്റണമെന്നുമാണ് നടന്‍ വേദിയില്‍ പറഞ്ഞത്. സപ്ലൈക്കോയില്‍ നിന്ന് നെല്ലിന്റെ വില കിട്ടാത്തതിനാല്‍ തിരുവോണ ദിനത്തില്‍ പല കര്‍ഷകരും ഉപവാസ സമരത്തിലാണ്. പുതു തലമുറ കൃഷിയിലേക്ക് വരുന്നില്ലെന്ന് പറയുന്നവര്‍ കൃഷിക്കാര്‍ക്ക് എന്താണ് സര്‍ക്കാരില്‍ നിന്ന് ലഭിക്കുന്നതെന്ന് അറിയണമെന്നും മന്ത്രിമാരായ പി പ്രസാദിനെയും പി രാജീവിനെയും വേദിയിലിരുത്തി നടന്‍ വിമര്‍ശിച്ചു.

അരിയുടെയും പച്ചക്കറികളുടെയും ക്വാളിറ്റി പരിശോധന ഉറപ്പാക്കാനുള്ള സംവിധാനം കൊണ്ടുവരണമെന്നും ഗുണമേന്മയുള്ള ഭക്ഷണം കഴിക്കാന്‍ കേരളത്തിലുള്ളവര്‍ക്കും അവകാശമുണ്ടെന്നും നടന്‍ പറഞ്ഞു. തന്റെ സൂഹൃത്തിന്റെ അനുഭവം പങ്കുവെച്ചുകൊണ്ടാണ് കര്‍ഷകരുടെ പ്രതിസന്ധികളെ കുറിച്ച് ജയസൂര്യ സംസാരിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button