ന്യൂഡൽഹി:വിവാദമായ മൂന്ന് കാർഷിക നിമയങ്ങളും പിൻവലിക്കാൻ കേന്ദ്രസർക്കാർ തീരുമാനം. രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഇക്കാര്യം അറിയിച്ചത്. ഗുരുനാനാക് ജയന്തി ദിനത്തിലാണ് പ്രധാനമന്ത്രിയുടെ സുപ്രധാന പ്രഖ്യാപനം.
നിയമങ്ങൾ പിൻവലിക്കാനുള്ള ബിൽ അടുത്ത പാർലമെന്റ് ശൈത്യകാല സമ്മേളനത്തിൽ കൊണ്ടുവരുമെന്നും പ്രധാനമന്ത്രി അറിയിച്ചു. പഞ്ചാബ്, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് കേന്ദ്രസർക്കാരിന്റെ പ്രഖ്യാപനം.
Today I want to tell everyone that we have decided to repeal all three farm laws: PM Narendra Modi pic.twitter.com/ws353WdnVB
— ANI (@ANI) November 19, 2021
കർഷകർ രാജ്യത്തിന്റെ നട്ടെല്ലാണ്. കർഷകരെ സഹായിക്കാൻ ആത്മാർഥതയോടെയാണ് നിമയങ്ങൾ കൊണ്ടുവന്നത്. ചെയ്ത കാര്യങ്ങളെല്ലാം കർഷകരുടെ നൻമയ്ക്ക് വേണ്ടിയായിരുന്നു. എന്നാൽ ചില കർഷകർക്ക് അത് മനസിലാക്കാൻ സാധിച്ചില്ലെന്നും മോദി പറഞ്ഞു. രാജ്യത്തോട് ക്ഷമ ചോദിച്ച പ്രധാനമന്ത്രി രാജ്യതലസ്ഥാനത്ത് സമരം ചെയ്യുന്ന കർഷകർ മടങ്ങി പോകണമെന്നും ആവശ്യപ്പെട്ടു.
നിമയങ്ങളെ എതിർത്ത കർഷകരെ കാര്യങ്ങൾ ബോധ്യപ്പെടുത്താൻ സാധിച്ചില്ല. കർഷക ക്ഷേമത്തിന് സർക്കാർ പ്രതിജ്ഞാബദ്ധമാണ്. രാജ്യത്തെ കർഷകരുടെ വേദന മനസിലാക്കുന്നു. കർഷകരുടെ പ്രയത്നം നേരിൽകണ്ടയാളാണ് താൻ. രണ്ട് ഹെക്ടറിൽ താഴെ മാത്രം ഭൂമിയുള്ളവരാണ് ഭൂരിഭാഗം കർഷകരും. അവരുടെ ഉന്നമനത്തിന് മുൻഗണന നൽകുമെന്നും മോദി പറഞ്ഞു.