പത്തനംതിട്ട: ശബരിമല തീർത്ഥാടകരുടെ വാഹനം പാർക്ക് ചെയ്യുന്ന നിലക്കലിൽ, പാർക്കിങ് ഫീസ് ഈടാക്കാനുള്ള കരാർ റദ്ദാക്കി. കൊല്ലം ശൂരനാട് സ്വദേശി സജീവനാണ് കരാർ ഏറ്റെടുത്തത്. ടെണ്ടർ തുക പൂർണമായി അടയ്ക്കാൻ ഇദ്ദേഹത്തിന് കഴിഞ്ഞില്ല. തുടർന്നാണ് ദേവസ്വം ബോർഡിന്റെ നടപടി. 1.30 കോടി രൂപയാണ് സജീവൻ അടക്കേണ്ടത്. പല തവണ നോട്ടീസ് നൽകിയിട്ടും സജീവൻ പണം അടച്ചില്ല. ഇതോടെ നിലക്കലിൽ പാർക്കിങ് ഫീസ് ദേവസ്വം ബോർഡ് തന്നെ നേരിട്ട് പിരിക്കാൻ തീരുമാനമെടുത്തു.
ഇക്കുറി തീർത്ഥാടന കാലം തുടങ്ങിയത് മുതൽ നിലക്കൽ പാർക്കിങ് സ്ഥലവുമായി ബന്ധപ്പെട്ട് തർക്കങ്ങൾ ഉണ്ടായിരുന്നു. 3.50 കോടി രൂപയ്ക്കാണ് സജീവൻ കരാർ എടുത്തത്. ഇക്കുറി നിലക്കലിൽ വലിയ തോതിൽ ട്രാഫിക് ബ്ലോക്കും, പാർക്കിങ് സ്ഥലത്തിന്റെ ശോചനീയമായ അവസ്ഥയും വലിയ തോതിൽ പരാതിക്ക് കാരണമായി. ഈ സാഹചര്യത്തിൽ കൂടിയാണ് തീരുമാനം. കരാറുകാരൻ പല തവണ പണമടക്കാൻ സാവകാശം തേടിയിരുന്നു. ഇന്ന് ദേവസ്വം ബോർഡിന്റെ ജീവനക്കാർ പാർക്കിങ് ഫീസ് പിരിക്കാൻ രംഗത്തിറങ്ങി.