കൊച്ചി: നടന്‍ ജോജു ജോര്‍ജിനെതിരെ കൂടുതല്‍ പ്രതിഷേധ പരിപാടികള്‍ ആസൂത്രണം ചെയ്ത് യൂത്ത് കോണ്‍ഗ്രസ്. എറണാകുളം ഡിസിസി മുതല്‍ ഷേണായിസ് തീയറ്റര്‍ വരെ പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി. ജോജുവിന്റെ ചിത്രം പതിപ്പിച്ച റീത്തുമായാണ് പ്രവര്‍ത്തകര്‍ വീണ്ടും ഗതാഗതം തടസപ്പെടുത്തുന്ന രീതിയില്‍ മാര്‍ച്ച് നടത്തിയത്.
ജോജു മാപ്പ് പറയണമെന്നും ജോജുവിനെ രാഷ്ട്രീയപരമായും നിയമപരമായും നേരിടുമെന്നും നേതൃത്വം അറിയിച്ചു. സംസ്ഥാനത്ത് വഴി തടഞ്ഞുള്ള ഷൂട്ടിംഗ് അനുവദിക്കില്ലെന്നും യൂത്ത് കോണ്‍ഗ്രസ് മുന്നറിയിപ്പ് നല്‍കി. വരുന്ന ദിവസങ്ങളിലും ജോജുവിനെതിരെ ശക്തമായ പ്രതിഷേധ പരിപാടികള്‍ ആസുത്രണം ചെയ്യാനാണ് യൂത്ത് കോണ്‍ഗ്രസ് തീരുമാനം.
അതേസമയം നടന്‍ ജോജു ജോര്‍ജിന് പിന്തുണയുമായി സംവിധായകന്‍ ആഷിഖ് അബു രംഗത്തെത്തിയിട്ടുണ്ട്. ജോജു അഭിനയിക്കുന്ന സിനിമയുടെ സെറ്റിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധവുമായി വീണ്ടും എത്തിയ സാഹചര്യത്തിലാണ് ആഷിക് അബു തന്റെ പിന്തുണ അറിയിച്ചത്. ജോജുവിന്റെ ചിത്രത്തോടൊപ്പം ‘യൂത്ത് കോണ്‍ഗ്രസ് ആക്രമിക്കുന്ന ജോജുവിനൊപ്പം’, എന്ന കുറിപ്പും ആഷിക് അബു പങ്കുവച്ചു.
ഇന്ധനവില വര്‍ധനവില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് നടത്തിയ ദേശീയപാതാ ഉപരോധ സമരത്തിനെതിരെ ജോജു പ്രതികരിച്ചതാണ് വിവാദങ്ങളുടെ തുടക്കം. തുടര്‍ന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകരും ജോജുവും തമ്മില്‍ വാക്കേറ്റമുണ്ടാവുകയും ജോജുവിന്റെ വാഹനം തല്ലി തകര്‍ക്കുകയും ചെയ്തു. ജോജുവിനെതിരേ അക്രമം നടത്തിയവര്‍ക്കെതിരേ പോലീസ് കേസെടുക്കുകയും ചെയ്തു.