ചെന്നൈ: കേരളത്തിലേക്ക് വീണ്ടും വന്ദേഭാരത് ട്രെയിന്‍. കര്‍ണാടക, തമിഴ്‌നാട്, കേരളം എന്നീ സംസ്ഥാനങ്ങളെ ബന്ധിപ്പിച്ചുകൊണ്ടായിരിക്കും പുതിയ വന്ദേഭാരത് സര്‍വീസ്. ചെന്നൈയില്‍നിന്ന് ബെംഗളൂരുവിലേക്കും ബംഗളൂരുവില്‍നിന്ന് എറണാകുളത്തേക്കുമായുള്ള വന്ദേഭാരത് സര്‍വീസ് ശൃംഖലയാണ് ഉണ്ടാവുക.
മൂന്ന് സംസ്ഥാനങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് എട്ട് സര്‍വീസുകള്‍ നടത്താനാണ് ദക്ഷിണ റെയില്‍വേ ഉദ്ദേശിക്കുന്നത്. ചെന്നൈ-ബെംഗളൂരു, ബെംഗളൂരു-എറണാകുളം സൗത്ത് എന്നിങ്ങനെ ആകെ എട്ട് സര്‍വീസുകള്‍ നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്.
ചെന്നൈ സെന്ററില്‍നിന്ന് പുറപ്പെട്ട് രാവിലെ നാലുമണിയോടെ ബെംഗളൂരുവിലെത്തും. തുടര്‍ന്ന് നാലരയ്ക്ക് അവിടുന്ന് പുറപ്പെട്ട് എറണാകുളത്ത് ഉച്ചയ്ക്ക് ഒന്നരയോടെ എത്തും. തിരിച്ചും ഈ വിധത്തില്‍ സര്‍വീസ് നടത്തും. വാരാന്ത്യങ്ങളിലെ തിരക്ക് ഒഴിവാക്കുന്നതിന് ലക്ഷ്യംവെച്ചാണ് പുതിയ സര്‍വീസുകള്‍.
തിരുവനന്തപുരത്തിനും കാസർകോടിനുമിടയിൽ 2 വന്ദേഭാരത് ട്രെയിനുകൾ ഓടിത്തുടങ്ങിയതോടെ സന്തോഷിച്ച യാത്രക്കാർ സമാനതകളില്ലാത്ത യാത്രാദുരിതംകൂടി ഇപ്പോൾ അനുഭവിക്കുകയാണ്. വന്ദേഭാരതിനു തടസ്സമില്ലാതെ കടന്നുപോകാൻ മറ്റു ട്രെയിനുകളെ വഴിയിൽ പിടിച്ചിടുന്നതു വ്യാപക പരാതികൾക്ക് ഇടയാക്കിയിരിക്കുന്നു.
വന്ദേഭാരത് ട്രെയിനുകൾ ഓടിത്തുടങ്ങിയതോടെ ഒട്ടേറെ ട്രെയിനുകളുടെ ഓട്ടം താറുമാറായിരിക്കുകയാണ്. വന്ദേഭാരത് മാത്രമല്ല സമയകൃത്യത പാലിക്കേണ്ടതെന്ന തിരിച്ചറിവ് റെയിൽവേ അധികൃതർക്ക് ഉണ്ടാകണമെന്നാണ് യാത്രക്കാരുടെ ആവശ്യം. വന്ദേഭാരത് ഇല്ലാതിരുന്നപ്പോൾ ഇതിലും കൃത്യമായി സംസ്ഥാനത്തു ട്രെയിനുകളോടിയിരുന്നുവെന്നു യാത്രക്കാർ പറയുന്നു.
വന്ദേഭാരതിനുവേണ്ടി മറ്റു ട്രെയിനുകൾ പിടിച്ചിടുന്നതു കാരണം മലബാറിലെ ഹ്രസ്വദൂര യാത്രക്കാർ അനുഭവിക്കുന്ന യാത്രാക്ലേശം മനുഷ്യാവകാശങ്ങളുടെ ലംഘനമായി മാറുന്നതായി മനുഷ്യാവകാശ കമ്മിഷൻ ചൂണ്ടിക്കാട്ടിയിരിക്കുകയാണ്. പാലക്കാട് റെയിൽവേ ഡിവിഷനൽ മാനേജർ 15 ദിവസത്തിനകം യാത്രാക്ലേശം പരിശോധിച്ച് പരിഹാരനിർദേശങ്ങൾ അടങ്ങിയ റിപ്പോർട്ട് നൽകണമെന്നു കഴിഞ്ഞ ദിവസം കമ്മിഷൻ നിർദേശിക്കുകയുണ്ടായി.
കണ്ണൂർ മുതൽ ഷൊർണൂർ വരെ എല്ലാ ദിവസവും ട്രെയിനുകളെ ആശ്രയിക്കുന്നവരടക്കം സംസ്ഥാനത്തെ ആയിരക്കണക്കിനു യാത്രക്കാരാണു സമയത്തിനെത്താൻ കഴിയാതെ കഴിഞ്ഞ രണ്ടു മാസമായി ദുരിതത്തിലായിരിക്കുന്നത്. വന്ദേഭാരതിന്റെ സമയത്തിനനുസരിച്ച് മറ്റു ട്രെയിനുകളുടെ സമയം പുനഃക്രമീകരിച്ചതാണു പ്രശ്നങ്ങൾക്കു കാരണം. രണ്ടാമത്തെ വന്ദേഭാരത് കൂടി ഓടിത്തുടങ്ങിയതോടെ മറ്റു ട്രെയിനുകളിലെ യാത്രക്കാർ കൂടുതൽ യാത്രാദുരിതത്തിലായി.
രാവിലെ ഒൻപതിനും പത്തിനും ജോലിക്കെത്താൻ പറ്റാത്തവിധം പല ട്രെയിനുകളും വൈകിയോടുകയാണെന്നാണു പല യാത്രക്കാരുടെയും പരാതി. പയ്യോളി, വടകര, കൊയിലാണ്ടി തുടങ്ങിയ സ്റ്റേഷനുകളിൽനിന്നു നിത്യേന ട്രെയിൻ കയറി കോഴിക്കോട്ടെ വിവിധ ഓഫിസുകളിലേക്ക് എത്തേണ്ടവർ ഇപ്പോൾ അനുഭവിക്കുന്ന യാത്രാക്ലേശത്തിന് അതിരില്ല. കാസർകോട്ടേക്ക് ആലപ്പുഴ വഴിയുള്ള വന്ദേഭാരത് കടന്നുപോകുമ്പോൾ തിരുവനന്തപുരം ഭാഗത്തേക്കുള്ള ജനശതാബ്ദി എക്സ്പ്രസ്, ഏറനാട് എക്സ്പ്രസ്, ആലപ്പുഴ– എറണാകുളം സ്പെഷൽ, എറണാകുളം– കായംകുളം സ്പെഷൽ എന്നിവ പിടിച്ചിടുന്നുണ്ട്. ആലപ്പുഴ – കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസ് കോഴിക്കോട്ട് എത്തുന്നത് രാത്രി വൈകിയാണ്. തിരുവനന്തപുരത്തേക്ക് ആലപ്പുഴ വഴിയുള്ള വന്ദേഭാരതിനു വേണ്ടി ലോകമാന്യതിലക് – തിരുവനന്തപുരം നേത്രാവതി കാഞ്ഞങ്ങാട്ടും മംഗളൂരു-നാഗർകോവിൽ പരശുറാം കോഴിക്കോട്ടുമാണു പിടിച്ചിടുന്നത്.
കോട്ടയം വഴിയുള്ള വന്ദേഭാരത് പ്രധാനമായും ബാധിക്കുന്നതു തിരുനെൽവേലി– പാലക്കാട് പാലരുവി എക്സ്പ്രസിനെയാണ്. ഇരുദിശയിലും പാലരുവി 20 മിനിറ്റ് വരെ പിടിച്ചിടുന്നുണ്ട്. ആലപ്പുഴ വഴി 69 കിലോമീറ്റർ ഒറ്റവരിപ്പാതയായതിനാൽ ഏറ്റവും കൂടുതൽ ട്രെയിനുകൾ പിടിച്ചിടുന്നതും ആ റൂട്ടിലാണ്. ദേശീയപാത നവീകരണത്തിന്റെ ഭാഗമായി അരൂർ– തുറവൂർ ഭാഗത്തെ സ്ഥിരം ഗതാഗതക്കുരുക്കു കൂടിയാകുമ്പോൾ ഈ മേഖലയിലെ യാത്രാക്ലേശം ഇരട്ടിയാകുന്നു.
വന്ദേഭാരത് കാരണമുള്ള വൈകലിനുപുറമേ സിഗ്നൽ തകരാറും മഴക്കാലത്തെ മണ്ണിടിച്ചിലുമൊക്കെ യാത്രാദുരിതം വർധിപ്പിക്കുന്നുണ്ട്. ഇപ്പോൾ യാത്രക്കാർ നേരിടുന്ന പ്രശ്നങ്ങൾക്കു ശാശ്വത പരിഹാരം കാണണമെങ്കിൽ തിരുവനന്തപുരം–മംഗളൂരു റൂട്ടിൽ അടിയന്തരമായി ഓട്ടമാറ്റിക് സിഗ്‌നലിങ് ഏർപ്പെടുത്തുകയും എറണാകുളം–അമ്പലപ്പുഴ പാത ഇരട്ടിപ്പിക്കൽ വേഗത്തിലാക്കുകയും ചെയ്യണം.
ട്രെയിനുകളുടെ സമയം പുനഃക്രമീകരിച്ചാൽ കുറച്ചു മാറ്റമുണ്ടാകുമെങ്കിലും അധികൃതർ അതു ചെയ്യുന്നില്ല. വന്ദേഭാരതിന്റെ സമയപാലനത്തിനുവേണ്ടി മറ്റു ട്രെയിനുകളിലെ യാത്രക്കാരെ ഇങ്ങനെ നരകിപ്പിക്കുന്നതു ഗുരുതരമായ മനുഷ്യാവകാശ ലംഘനംതന്നെയാണ്. ഇക്കാര്യത്തിൽ യാത്രക്കാരെ ബുദ്ധിമുട്ടിപ്പിക്കാത്ത, പ്രഫഷനൽ സമീപനമാണ് ഉണ്ടാവേണ്ടത്. രാജ്യത്തെ ഏറ്റവും വലിയ പൊതുഗതാഗത സംവിധാനം കടമ മറന്ന്, വിശ്വാസ്യത കളഞ്ഞുകൂടാ. രാജ്യത്തിന്റെ അഭിമാനമായ വന്ദേഭാരതും പതിനായിരക്കണക്കിനു യാത്രക്കാരുടെ ആശ്രയമായ മറ്റു ട്രെയിനുകളും ഒരുപോലെ സമയക്രമം പാലിക്കുന്ന സാഹചര്