കവളപ്പാറയില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായ സ്ഥലത്തിന് സമീപം വീണ്ടും വിള്ളല്‍
മലപ്പുറം: കവളപ്പാറയില്‍ ഉരുള്‍പൊട്ടലുണ്ടായ സ്ഥലത്തിന് സമീപം വീണ്ടും വിള്ളല്‍ രൂപപ്പെട്ടു. മുത്തപ്പന്‍കുന്നിന്റെ ഇടത്തെ അറ്റത്താണ് വിള്ളല്‍ കണ്ടെത്തിയത്. ദുരന്തമുണ്ടായ സ്ഥലത്ത് നിന്നും ഒരു കിലോമീറ്റര്‍ മാത്രം അകലെയാണ് സംഭവം.
അഞ്ഞൂറ് മീറ്ററിലധികം നീളത്തിലാണ് വിള്ളല്‍ രൂപപ്പെട്ടിരിക്കുന്നത്. അഞ്ച് ഇഞ്ച് മുതല്‍ 2 അടിയോളം വീതിയിലാണ് ഭൂമി വിണ്ടുകീറിയത്. ചിലയിടങ്ങളില്‍ ഭൂമി താഴ്ന്ന നിലയിലും കണ്ടെത്തി. വിള്ളലുണ്ടായ മലയുടെ താഴ്ഭാഗത്ത് നിരവധി വീടുകളുണ്ട്. ഇവിടെയുള്ളവര്‍ നിലവില്‍ ക്യാമ്പുകളിലാണ് കഴിയുന്നത്. മഴയ്ക്ക് ശമനമുണ്ടായതോടെ വീടുകളിലേക്ക് മടങ്ങാന്‍ ഒരുങ്ങുകയാണ് ഇവിടുത്തുകാര്‍. പ്രദേശത്ത് വീണ്ടും വിള്ളല്‍ രൂപപ്പെട്ടത് ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്.
അതേസമയം, കവളപ്പാറയില്‍ ഉരുള്‍പൊട്ടലുണ്ടായ സ്ഥലത്തു നിന്നും ഒരു മൃതദേഹം കൂടി കണ്ടെത്തി. ഇതോടെ കവളപ്പാറ ഉരുള്‍പ്പൊട്ടലില്‍ മരണം 39 ആയി. ഇനി 20 പേരെയാണ് കണ്ടെത്തേണ്ടത്.