ഇ-ബുള്‍ ജെറ്റ് നിയമലംഘനങ്ങള്‍ 9,സഹോദരങ്ങളുടേത് നാടകമെന്ന് മോട്ടര്‍ വാഹന വകുപ്പ്; ‘നെപ്പോളിയനും’ പെട്ടു’
കണ്ണൂര്‍: ഇ-ബുള്‍ ജെറ്റ് വ്‌ലോഗര്‍ സഹോദരങ്ങളായ കിളിയന്തറ വിളമന നെച്ചിയാട്ട് എബിന്‍ വര്‍ഗീസിനും ലിബിനുമെതിരെ മോട്ടര്‍ വാഹന വകുപ്പ് ചുമത്തിയത് 9 നിയമലംഘനങ്ങള്‍. മോട്ടര്‍ വാഹന വകുപ്പ് കസ്റ്റഡിയിലെടുത്ത വാഹനം വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് ആര്‍ടി ഓഫിസില്‍ ബഹളം വച്ചതിനെത്തുടര്‍ന്ന് ഇരുവരും അറസ്റ്റിലായതിനു പിന്നാലെയാണ് കൂടുതല്‍ വിവരം പുറത്തുവന്നത്. വാന്‍ ലൈഫ് ചിത്രീകരിക്കുന്ന യുട്യൂബ് ചാനലായ ഇ-ബുള്‍ ജെറ്റിന്റെ വാനായ ‘നെപ്പോളിയന്‍’ ഒന്‍പതു നിയമലംഘനങ്ങള്‍ നടത്തിയെന്നാണ് മോട്ടര്‍ വാഹന വകുപ്പ് നല്‍കിയ ചെക്ക് റിപ്പോര്‍ട്ടില്‍ പറയുന്നത്.
ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസം മോട്ടര്‍വാഹന വകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം 42,000 രൂപ പിഴയിട്ടിരുന്നു. തുടര്‍ന്ന് ട്രാന്‍സ്‌പോര്‍ട് കമ്മിഷണറുടെ നിര്‍ദേശപ്രകാരമാണ് വാഹനം കസ്റ്റഡിയിലെടുത്തതെന്നും വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. എബിന്‍ വര്‍ഗീസിന്റെ പേരിലാണ് വാന്‍. ടാക്‌സ് പൂര്‍ണമായി അടച്ചില്ല, വാഹനത്തിന്റെ നിറം മാറ്റി, അതിതീവ്ര ലൈറ്റുകള്‍ ഘടിപ്പിച്ചു, ഗ്ലാസുകളിലും വാഹനത്തിലും സ്റ്റിക്കര്‍ ഒട്ടിച്ചു, അപകടകരമായ രീതിയില്‍ വാനിനു പിന്നില്‍ സൈക്കിളുകള്‍ ഘടിപ്പിച്ചു തുടങ്ങിയ നിയമലംഘനങ്ങളാണ് ചൂണ്ടിക്കാട്ടിയത്.
എബിനും ലിബിനും താമസിക്കുന്ന അങ്ങാടിക്കടവിലെ വീട്ടില്‍നിന്ന് രണ്ടാം തവണയാണ് മോട്ടര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ വണ്ടി പിടിച്ചെടുക്കുന്നത്. രാവിലെ ഒന്‍പതോടെ ആര്‍ടി ഓഫിസില്‍ എത്തിയ എബിനും ലിബിനും വാഹനം വിട്ടുകിട്ടണമെന്നു വാദിച്ച് ഓഫിസില്‍നിന്ന് ലൈവ് വിഡിയോ ചെയ്തു. ഇതിനിടെ ആര്‍ടി ഓഫിസിലെ കംപ്യൂട്ടര്‍ മോണിറ്റര്‍ താഴെ വീണു തകര്‍ന്നെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
വിവരമറിഞ്ഞ് ഒട്ടേറെ ആരാധകരും ആര്‍ടി ഓഫിസ് പരിസരത്ത് എത്തി. ഇതോടെ ഓഫിസ് പ്രവര്‍ത്തനം തടസ്സപ്പെടുന്നു എന്നു ചൂണ്ടിക്കാട്ടി ആര്‍ടി ഓഫിസ് അധികൃതര്‍ ടൗണ്‍ പൊലീസിനു പരാതി നല്‍കി. തുടര്‍ന്ന് പൊലീസ് എത്തി വ്‌ലോഗര്‍മാരെ ബലപ്രയോഗത്തിലൂടെ ജീപ്പില്‍ കയറ്റി സ്റ്റേഷനിലേക്ക് കൊണ്ടു പോകുകയായിരുന്നു. ഈ ദൃശ്യവും ഇവര്‍ മൊബൈല്‍ ഫോണില്‍ തല്‍സമയം പകര്‍ത്തി യൂട്യൂബില്‍ ലൈവായി നല്‍കുന്നുണ്ടായിരുന്നു.
വ്‌ലോഗര്‍മാരെ കസ്റ്റഡിയിലെടുത്ത വിവരമറിഞ്ഞ് ജില്ലയ്ക്ക് പുറത്തുനിന്ന് ഉള്‍പ്പെടെ ഒട്ടേറെ ആരാധകര്‍ ടൗണ്‍ പൊലീസ് സ്റ്റേഷന്‍ പരിസരത്ത് നിലയുറപ്പിച്ചു. ഇവരെ പിരിച്ചുവിടാന്‍ പൊലീസിനു പലവട്ടം ഇടപെടേണ്ടി വന്നു. ഉച്ചയ്ക്കു ശേഷം ഇരുവരെയും മെഡിക്കല്‍ പരിശോധനയ്ക്കായി ജില്ലാ ആശുപത്രിയിലേക്കു കൊണ്ടുപോയി. പൊലീസ് ബസില്‍ കയറ്റിയപ്പോള്‍ ഇരുവരും അലമുറയിട്ട് കരയുന്നുണ്ടായിരുന്നു. പരിശോധനയ്ക്കു ശേഷം ഇവരെ കണ്ണൂര്‍ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. ആര്‍ടി ഓഫിസ് കോംപൗണ്ടില്‍ സൂക്ഷിച്ച ‘നെപ്പോളിയന്‍’ വാന്‍ വൈകിട്ടോടെ എആര്‍ ക്യാംപ് പരിസരത്തേക്കു മാറ്റി.
ടാക്‌സ് അടച്ചതില്‍ കുറവുണ്ടായത് ഉള്‍പ്പെടെ 9 നിയമലംഘനങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് വാഹനത്തിന് പിഴയിട്ടതെന്ന് ആര്‍ടിഒ പറഞ്ഞു. നിയമവിരുദ്ധമായ രീതിയില്‍ ഒട്ടേറെ രൂപമാറ്റങ്ങള്‍ വാഹനത്തില്‍ വരുത്തിയിട്ടുണ്ട്. റജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ വെള്ള നിറം എന്നു രേഖപ്പെടുത്തിയ വാഹനത്തിന്റെ നിറം അനുമതിയില്ലാതെ കറുപ്പാക്കി മാറ്റി, തീവ്രപ്രകാശമുള്ള ലൈറ്റുകള്‍ ഘടിപ്പിച്ചു, വാനിന്റെ ഉള്‍വശം കാണാന്‍ പറ്റാത്ത വിധം സ്റ്റിക്കറുകള്‍ ഒട്ടിച്ചു, റജിസ്‌ട്രേഷന്‍ നമ്പര്‍ നിയമാനുസൃതം പ്രദര്‍ശിപ്പിച്ചില്ല, വാഹനത്തിനു പിന്നില്‍ അപകടകരമായ രീതിയില്‍ സൈക്കിളുകള്‍ ഘടിപ്പിച്ചു തുടങ്ങി 9 നിയമലംഘനങ്ങള്‍ക്കാണ് കഴിഞ്ഞ ദിവസം പിഴയിട്ടത്. ഈ വാഹനം ഓടിച്ചാല്‍ റോഡിലെ മറ്റ് വാഹനങ്ങള്‍ക്ക് അപകടമുണ്ടാകാന്‍ സാധ്യതയുണ്ട്.
നിയമലംഘനങ്ങള്‍ മാറ്റണമെന്നും ടാക്‌സ് അടയ്ക്കണമെന്നും ആവശ്യപ്പെട്ട് ആദ്യ തവണ വാഹനം വിട്ടുനല്‍കിയെങ്കിലും മോട്ടര്‍ വാഹന വകുപ്പിനെ അധിക്ഷേപിക്കുന്ന വിധത്തിലും നിയമലംഘനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്ന വിധത്തിലും ഇവര്‍ യുട്യൂബില്‍ വിഡിയോ പോസ്റ്റ് ചെയ്യുകയായിരുന്നുവെന്ന് മോട്ടര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇക്കാര്യം ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണറുടെ ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണ് വാഹനം വീണ്ടും കസ്റ്റഡിയിലെടുക്കാന്‍ നിര്‍ദേശം ലഭിച്ചത്. ഇതുപ്രകാരമാണ് ഞായറാഴ്ച വാഹനം പിടിച്ചെടുത്തത്.
മോട്ടര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ നല്‍കിയ ചെക്ക് റിപ്പോര്‍ട്ടില്‍ പരാതിയുണ്ടെങ്കില്‍ നിയമപരമായി അക്കാര്യം അറിയിക്കാനും പിഴ കുറച്ചുകിട്ടാനുമെല്ലാം വഴിയുണ്ട്. എന്നാല്‍ അതിനു മുതിരാതെ ആര്‍ടി ഓഫിസിനു മുന്നില്‍ വന്ന് പ്രശ്‌നങ്ങളുണ്ടാക്കാനും ജോലി തടസ്സപ്പെടുത്താനുമാണ് യുട്യൂബര്‍മാര്‍ ശ്രമിച്ചതെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. മോട്ടര്‍ വാഹന വകുപ്പിന്റെ ഓഫിസില്‍ വിഡിയോ ചിത്രീകരിക്കുന്നതിനിടെ ഇവരുടെ കൈ തട്ടി ഓഫിസിലെ കംപ്യൂട്ടര്‍ മോണിറ്റര്‍ നിലത്തുവീണു തകരുകയും ചെയ്തു. കോവിഡ് പ്രോട്ടോകോള്‍ ലംഘിച്ച് ആള്‍ക്കൂട്ടമുണ്ടാക്കുകയും ചെയ്തു. ഇതൊരു നാടകമാണെന്നും തെറ്റായ സന്ദേശമാണ് ഇവര്‍ നല്‍കുന്നതെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
പെര്‍മിറ്റ് കാലാവധി കഴിഞ്ഞെന്ന് ആരോപിച്ച് ഓഗസ്റ്റ് 7നാണ് ആദ്യമായി മോട്ടര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ വീട്ടിലെത്തി വണ്ടി പിടിച്ചെടുത്തത്. എന്നാല്‍ പെര്‍മിറ്റ് കാലാവധി കഴിഞ്ഞിരുന്നില്ലെന്നാണ് വ്‌ലോഗര്‍മാര്‍ പറയുന്നത്. പെര്‍മിറ്റ് പുതുക്കാനായി അക്ഷയ കേന്ദ്രത്തില്‍ എത്തിയപ്പോഴാണ് ഒന്നര മാസത്തോളം കാലാവധി ബാക്കിയുണ്ടെന്നു മനസ്സിലാക്കിയത്. പിറ്റേന്ന് കണ്ണൂരില്‍ ആര്‍ടിഒ ഓഫിസില്‍ എത്തി ഇക്കാര്യം അറിയിക്കുകയും രേഖകളെല്ലാം ഹാജരാക്കുകയും ചെയ്തതോടെ വണ്ടി വിട്ടുകിട്ടിയെന്നും ഇവര്‍ പറഞ്ഞു. എന്നാല്‍ പിറ്റേന്ന് മോട്ടര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ വീട്ടിലെത്തി വീണ്ടും 42,000 രൂപ പിഴ ചുമത്തി വണ്ടി പിടിച്ചെടുക്കുകയായിരുന്നു.
വിഡിയോ ഷൂട്ട് ചെയ്യുന്നതിനിടെ വീട്ടുവളപ്പില്‍നിന്നാണ് വീണ്ടും വണ്ടി ഉദ്യോഗസ്ഥര്‍ ഓടിച്ചു കൊണ്ടുപോയത്. ട്രാവലര്‍ വാന്‍ രൂപമാറ്റം വരുത്തിയാണ് വാന്‍ ലൈഫിന് പറ്റുന്ന തരത്തിലാക്കി മാറ്റിയത്. 15 ലക്ഷത്തോളം സബ്‌സ്‌ക്രൈബര്‍മാരുള്ള യൂ ട്യൂബ് ചാനലാണ് ഇ ബുള്‍ ജെറ്റ്. രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും യാത്ര പോകേണ്ടതിനാലാണ് കൂടുതല്‍ ലൈറ്റുകള്‍ ഘടിപ്പിച്ചത്. ഇവയൊന്നും സാധാരണ റോഡുകളില്‍ ഉപയോഗിക്കാറില്ലെന്നും കടുത്ത മഞ്ഞും മറ്റുമുള്ള മേഖലകളില്‍ എത്തുമ്പോഴും രാത്രിയില്‍ ക്യാംപിങ് സമയത്ത് വെളിച്ചത്തിനായും മറ്റും മാത്രമേ ഉപയോഗിക്കാറുള്ളൂവെന്നും ഇവരുടെ ആരാധകര്‍ പറയുന്നു.