ദുബായ്:സംഗീത സംവിധായകൻ ഗോപി സുന്ദറിന് ഗോൾഡൻ വിസ ലഭിച്ചു. ദുബായിലെ മുൻനിര സർക്കാർ സേവന ദാതാക്കളായ ഇ സി എച്ച് ഡിജിറ്റൽ ആസ്ഥാനത്ത് സി ഇ ഓ ഇഖ്ബാൽ മാർക്കോണിയിൽ നിന്നും ഗോപി സുന്ദൻ വിസ സ്വീകരിച്ചു. അമൃത സുരേഷും ഇദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.
നേരത്തെ അമൃത സുരേഷിനും ഗോൾഡൻ വിസ ലഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഗോപി സുന്ദറിനും ഇപ്പോൾ വിസ ലഭിച്ചിരിക്കുന്നത്. നിരവധി പേരാണ് ഇരുവർക്കും ആശംസകളുമായി രംഗത്തെത്തിയത്. പ്രമുഖ നടന്മാരടക്കം നിരവധി മലയാളികള്‍ക്ക് ഇതിനോടകം ഗോൾഡൻ വിസ ലഭിച്ചിട്ടുണ്ട്.
വിവിധ രംഗങ്ങളില്‍ മികവ് തെളിയിച്ചവര്‍ക്കും നിക്ഷേപകര്‍ക്കും ബിസിനസുകാര്‍ക്കുമൊക്കെ യുഎഇ ഭരണകൂടം അനുവദിക്കുന്നതാണ് ഗോള്‍ഡന്‍ വിസകള്‍. പത്ത് വര്‍ഷത്തെ കാലാവധിയുള്ള ഈ വിസകള്‍, കാലാവധി പൂര്‍ത്തിയാവുമ്പോള്‍ പുതുക്കി നല്‍കുകയും ചെയ്യും. ഗോൾഡൻ വിസ പദ്ധതി 2018-ലാണ് യുഎഇ സർക്കാർ ആരംഭിച്ചത്.
ഇന്ത്യൻ താര ദമ്പതികൾക്കുള്ള ഗോൾഡൻ വിസ നസ്രിയയും ഫഹദും ചേർന്ന് നേരത്തെ കൈപ്പറ്റിയിരുന്നു. ഇന്ത്യൻ താര ദമ്പതികൾക്ക് ഇതാദ്യമായാണ് വിസ ലഭിക്കുന്നത്. മലയാള സിനിമയില്‍ നിന്ന് നിരവധി അഭിനേതാക്കള്‍ക്ക് നേരത്തെ ഗോള്‍ഡന്‍ വിസ ലഭിച്ചിരുന്നു.
പ്രണവ് മോഹൻലാൽ, മമ്മൂട്ടി, മോഹന്‍ലാല്‍, പൃഥ്വിരാജ്, ദുല്‍ഖര്‍ സല്‍മാന്‍, നൈല ഉഷ, ടൊവിനോ തോമസ്, ആശാ ശരത്, ആസിഫ് അലി, മിഥുന്‍ രമേശ്, ലാല്‍ ജോസ്, മീര ജാസ്മിന്‍, സംവിധായകന്‍ സലീം അഹമ്മദ്, സിദ്ദിഖ്, ഗായിക കെ എസ് ചിത്ര, സുരാജ് വെഞ്ഞാറമൂട്, നിര്‍മ്മാതാവ് ആന്‍റോ ജോസഫ് തുടങ്ങി നിരവധി പേർ ഗോള്‍ഡന്‍ വിസ സ്വീകരിച്ചിരുന്നു.