ദുബായ് : ഏഷ്യാകപ്പിലെ ആദ്യ മത്സരത്തിൽ ചിരവൈരികളായ പാകിസ്ഥാനെ തകർത്തതിന് പിന്നാലെ എങ്ങും ആഘോഷം. ഇന്ത്യാക്കാർ മാത്രമല്ല, അഫ്‌ഗാനികളും പാകിസ്ഥാന്റെ തോൽവിയുടെ സന്തോഷത്തിലാണ്. നിരവധി അഫ്‌ഗാൻ സ്വദേശികളാണ് ഇന്ത്യയ്ക്ക് സപ്പോർട്ടുമായി എത്തുന്നത്.
ഞങ്ങളുടെ എല്ലാ സഹോദരങ്ങൾക്കും അഭിനന്ദനങ്ങൾ. അഫ്ഗാനിസ്ഥാൻ ജനത ഈ വിജയം ഇന്ത്യൻ ജനതയ്‌ക്കൊപ്പം ആഘോഷിക്കുന്നുവെന്ന് ചിലർ കുറിച്ചു. വിജയറൺ കുറിച്ചതിന് പിന്നാലെ ഹാർദികിന് ഉമ്മ നൽകുന്ന അഫ്‌ഗാൻ സ്വദേശിയുടെ വീഡിയോയും ശ്രദ്ധ നേടുകയാണ്.
ഇന്നലെ നടന്ന മത്സരത്തിൽ പാകിസ്ഥാനെ 147 റൺസിൽ ഒതുക്കിയ ശേഷം രണ്ട് പന്തുകൾ ബാക്കിനിൽക്കേയാണ് ഇന്ത്യ ജയം സ്വന്തമാക്കിയത്. നാലുവിക്കറ്റ് വീഴ്ത്തിയ ഭുവനേശ്വർ കുമാറും മൂന്ന് വിക്കറ്റ് വീഴ്ത്തിയ ഹാർദിക് പാണ്ഡ്യയും രണ്ട് വിക്കറ്റ് വീഴ‌്ത്തിയ അർഷ്ദീപ് സിംഗും ചേർന്നാണ് പാകിസ്ഥാനെ പ്രതിരോധത്തിലാക്കിയത്.
43 റൺസെടുത്ത മുഹമ്മദ് റിസ്‌വാനും 28 റൺസെടുത്ത ഇഫ്തിഖറിനും മാത്രമാണ് പാക് നിരയിൽ പിടിച്ചുനിൽക്കാൻ കഴിഞ്ഞത്. ആരാധകർ ആകാംക്ഷയോടെ കാത്തിരുന്ന മത്സരത്തിൽ ടോസ് നേടിയ ഇന്ത്യൻ ക്യാപ്ടൻ രോഹിത് ശർമ്മ പാകിസ്ഥാനെ ബാറ്റിംഗിന് ക്ഷണിക്കുകയായിരുന്നു.റിഷഭ് പന്തിനെ ഒഴിവാക്കി വെറ്ററൻ വിക്കറ്റ് കീപ്പർ ദിനേഷ് കാത്തികിനെ ഇന്ത്യ പ്ളേയിംഗ് ഇലവനിൽ ഉൾപ്പെടുത്തിയപ്പോൾ പാകിസ്ഥാനുവേണ്ടി ബൗളർ നസീം ഷാ അരങ്ങേറ്റം കുറിച്ചു. ആദ്യാവസാനം ആവേശം നിലനിന്ന മത്സരത്തിൽ അവസാന ഓവറിന്റെ ആദ്യ പന്തിൽ ജഡേജ പുറത്തായെങ്കിലും സിക്സറിലൂടെ ഹാർദിക് വിജയത്തിലെത്തിക്കുകയായിരുന്നു.