‘എന്താണിത് ലാലേട്ടാ ഒരിത്തിരി വകതിരിവ് ആയിക്കൂടെ’ കുറിപ്പ് വൈറലാകുന്നു
കൊച്ചി: കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച ജനത കര്‍ഫ്യൂവിനെ രാജ്യം അനുസരണയോടെ അംഗീകരിച്ചുകൊണ്ടിരിക്കുകയാണ്. കോറോണ വൈറസിനെ പ്രതിരോധിക്കാനായി ലോക്കല്‍ ട്രെയിനുകള്‍, ബസ്, മെട്രോ തുടങ്ങി പൊതു ഗതാഗത സംവിധാനങ്ങള്‍ പൂര്‍ണമായും നിര്‍ത്തിവെച്ചിരിക്കുകയാണ്. കടകമ്പോളങ്ങളും അടഞ്ഞു കിടക്കുകയാണ്. രാവിലെ 9 മണി മുതല്‍ രാത്രി 7 മണി വരെ ആളുകള്‍ പുറത്തിറങ്ങരുത് എന്നാണ് നിര്‍ദേശം. കോവിഡ് 19ന്റെ സമൂഹ വ്യാപനം തടയാന്‍ ജനങ്ങളില്‍ അവബോധം ഉണ്ടാക്കാനാണ് ജനത കര്‍ഫ്യു.
വൈകീട്ട് അഞ്ചുമണിക്ക് രോഗഭീഷണി വകവെയ്ക്കാതെ പ്രവര്‍ത്തിക്കുന്ന ആരോഗ്യപ്രവര്‍ത്തകര്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് ജനങ്ങള്‍ നന്ദി അര്‍പ്പിക്കണമെന്നും ഇതിനായി അഞ്ചുമിനിറ്റ് നേരം എല്ലാവരും വീടിന്റെ ബാല്‍ക്കണയിലോ ജനലിലോ വിന്ന് കയ്യടിച്ചോ പാത്രം കൂട്ടിമുട്ടിയോ ശബ്ദമുണ്ടാക്കണമെന്നും പ്രധാനമന്ത്രി ആഹ്വാനം ചെയ്തിരുന്നു.
ഇതിന് പിന്തുണയുമായി മോഹന്‍ലാല്‍ രംഗത്തെത്തിയിരുന്നു. ”ഇന്ന് 5 മണിക്ക് നമ്മള്‍ എല്ലാവരും ക്ലാപ്പടിക്കുന്നത് വലിയ പ്രോസസ് ആണ്. ആ ശബ്ദം എന്ന് പറയുന്നത് വലിയ ഒരു മന്ത്രം പോലെയാണ്. അതില്‍ ഒരുപാട് ബാക്ടീരിയയും വൈറസും നശിച്ചു പോകാന്‍ സാധ്യതയുണ്ട്.”- എന്നായിരുന്നു മോഹന്‍ലാലിന്റെ വാക്കുകള്‍.
ഇതിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് സാമൂഹ്യമാധ്യമങ്ങളില്‍ നിറയുന്നത്. ഇതിനിടെ അഡ്വ. രശ്മിത രാമചന്ദ്രന്റെ കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. താന്‍ കൃത്യമായി പ്രതികരിക്കേണ്ടുന്ന ‘അമ്മ’ സംഘടനാ വിഷയങ്ങളില്‍ വായടച്ചിരുന്ന് മാഞ്ഞാണം തിരിഞ്ഞും തനിക്കു തീര്‍ത്തും ബോധവും അറിവുമില്ലാത്ത നോട്ടു നിരോധനം മുതല്‍ കൊറോണ വരെയുള്ള വിഷയങ്ങളില്‍ അശാസ്ത്രീയവും അപക്വവുമായ അബദ്ധജടില അഭിപ്രായങ്ങള്‍ പറഞ്ഞും ആ മനുഷ്യന്‍ സമൂഹത്തിനെതിരെ മന: പൂര്‍വ്വമല്ലാത്ത ശത്രുതാ നിലപാടെടുത്തതുപോലെയുണ്ട്. എന്താണിത് ലാലേട്ടാ ഒരിത്തിരി വകതിരിവ് ആയിക്കൂടെയെന്ന് രശ്മിത ഫേസ്ബുക്കില്‍ കുറിച്ചു.
കുറിപ്പിന്റെ പൂര്‍ണരൂപം
”വി’ ചാനലില്‍ ‘നാടോടിക്കാറ്റ് ‘ സിനിമ കാണുകയായിരുന്നു, എത്ര മനോഹരമായാണ് ഓരോ ഫ്രെയിമിലും മോഹന്‍ലാല്‍ നിറഞ്ഞു നില്‍ക്കുന്നത് അഭിനയമല്ല, ബിഹേവിംഗ് തന്നെ. ഇതേ മോഹന്‍ ലാല്‍ തന്നെയാണ് അടുത്ത കാലത്ത് സിനിമയിലും സാമൂഹിക ജീവിതത്തിലും ഒരേ പോലെ നിരാശപ്പെടുത്തിക്കൊണ്ടുമിരിയ്ക്കുന്നത് എന്നോര്‍ത്ത് അത്ഭുതം തോന്നുന്നു. ‘ഇട്ടി മാണി ‘ ‘നീരാളി ‘ എന്നീ ചിത്രങ്ങള്‍ ഒക്കെ മലയാളി ക്ഷമിച്ചത് ‘ കിരീടവും’ ‘ മിഥുനവും ‘ ‘ തൂവാനത്തുമ്ബികളും’ ഒക്കെ ഓര്‍മ്മയിലുള്ളതുകൊണ്ട് തന്നെയാണ്. എന്നിട്ടും മലയാളിയുടെ ക്ഷമയുടെ നെല്ലിപ്പലക കണ്ടേ അടങ്ങൂ എന്ന വാശിയിലാണ് ലാലേട്ടന്‍. താന്‍ കൃത്യമായി പ്രതികരിക്കേണ്ടുന്ന ‘അമ്മ’ സംഘടനാ വിഷയങ്ങളില്‍ വായടച്ചിരുന്ന് മാഞ്ഞാണം തിരിഞ്ഞും തനിക്കു തീര്‍ത്തും ബോധവും അറിവുമില്ലാത്ത നോട്ടു നിരോധനം മുതല്‍ കൊറോണ വരെയുള്ള വിഷയങ്ങളില്‍ അശാസ്ത്രീയവും അപക്വവുമായ അബദ്ധജടില അഭിപ്രായങ്ങള്‍ പറഞ്ഞും ആ മനുഷ്യന്‍ സമൂഹത്തിനെതിരെ മന: പൂര്‍വ്വമല്ലാത്ത ശത്രുതാ നിലപാടെടുത്തതുപോലെയുണ്ട്! എന്താണിത് ലാലേട്ടാ?! ഒരിത്തിരി വകതിരിവ് ആയിക്കൂടെ? ഒന്നുമില്ലെങ്കിലും ഞങ്ങളീ ദരിദ്രരായ മലയാളികള്‍ സിനിമ ടിക്കറ്റിന് ചിലവഴിച്ച കാശു കൊണ്ട് ഞങ്ങള്‍ സ്വപ്നം പോലും കാണാത്ത ആര്‍ഭാട ജീവിതം അനുഭവിക്കുന്ന ആളല്ലേ നിങ്ങള്‍ ! നന്ദി വേണ്ട, മറിച്ച് അന്ധമായ വര്‍ത്തമാനങ്ങള്‍ പടര്‍ത്തി ജനജീവിതം കുട്ടിച്ചോറാക്കാതിരുന്നു കൂടെ? പകരം, കൂടുതല്‍ നല്ല സിനിമകള്‍ ചെയ്യുന്നതിനെക്കുറിച്ച് ആലോചിച്ചു കൂടെ?
# ജനതാ കര്‍ഫ്യൂവിനോടൊപ്പം.