കണ്ണൂർ: പുറത്താക്കപ്പെട്ട മുൻ കണ്ണൂർ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ പൊതുവേദിയിൽ അപമാനിച്ചതിനെ തുടർന്ന് മരണപ്പെട്ട എ ഡി എം നവീൻ ബാബുവിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്. എഡിഎം നവീന്‍ ബാബുവിന്‍റേത് ആത്മഹത്യയെന്നാണ് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്. ശരീരത്തില്‍ മറ്റു മുറിവുകളോ അടയാളങ്ങളോ ഇല്ല. അതെ സമയം മരണം നടന്ന സമയം റിപ്പോര്‍ട്ടില്‍ കൃത്യമായി രേഖപ്പെടുത്തിയിട്ടില്ല. നേരത്തെ എ ഡി എമ്മിന്റെ അസ്വാഭാവികമായ മരണത്തെ സംബന്ധിച്ച് ദുരൂഹതയുണ്ടെന്ന് വ്യക്തമാക്കി വിവിധ കോണുകളിൽ നിന്നും അഭിപ്രായങ്ങൾ വന്നിരുന്നു. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് നിലവിൽ പൊലീസിന് കൈമാറിയിട്ടുണ്ട്.
ചെങ്ങളായിയിൽ പെട്രോൾ പമ്പ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് എൻ ഓ സി നൽകിയില്ലെന്ന് ആരോപിച്ച് കണ്ണൂർ മുൻ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ നവീൻ ബാബുവിനെ പരസ്യമായി അധിക്ഷേപിച്ചിരിന്നു. ഇതിനെ തുടർന്നാണ് കണ്ണൂർ മുൻ എ ഡി എം ഔദ്യോഗിക വസതിയിൽ മരിച്ചു കിടക്കുന്നതായി കണ്ടത്.
അതെ സമയം കണ്ണൂരിലെ പെട്രോൾ പമ്പിന് നിരാക്ഷേപത്രം നൽകുന്നതു സംബന്ധിച്ച ഫയലുകളിൽ കണ്ണൂർ എ.ഡി.എമ്മായിരുന്ന നവീൻ ബാബു, നിയമപരിധിക്കുള്ളിൽ നിന്നു കൊണ്ടുള്ള നടപടികളാണു സ്വീകരിച്ചതെന്നു ലാൻഡ് റവന്യു ജോയിന്റ് കമ്മിഷണറുടെ അന്വേഷണത്തിൽ കണ്ടെത്തിയതായി സൂചന. ജീവനക്കാരിൽ നിന്നു ശേഖരിച്ച വിവരങ്ങളിലാണ് ഇക്കാര്യം വ്യക്തമായത്. ഇതോടു കൂടി പി പി ദിവ്യയുടെ വാദം തെറ്റാണെന്ന് തെളിഞ്ഞു. വേണ്ടത്ര വസ്തുതകളുടെ പിൻബലമില്ലാതെയാണ് ദിവ്യ എ ഡി എമ്മിനെ അപമാനിച്ചിരിക്കുന്നത് എന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്.