അടിമാലി: മദ്യംകഴിച്ച് ഒരാള്‍ മരിച്ച സംഭവം ആസൂത്രിത കൊലപാതകം. പ്രതി അടിമാലി പുത്തന്‍പുരയ്ക്കല്‍ സുധീഷ് (മുത്ത് 24), മുന്‍ വൈരത്തെത്തുടര്‍ന്ന് സുഹൃത്ത് മനോജിനെ കൊല്ലാന്‍ ചെയ്തതാണിതെന്ന് പോലീസ് കണ്ടെത്തി. സുധീഷിനെ പോലീസ് അറസ്റ്റുചെയ്തു.
യാദൃച്ഛികമായി ഇയാള്‍ക്കൊപ്പം മദ്യപിക്കാനെത്തിയ സുധീഷിന്റെ അമ്മാവന്‍ കുഞ്ഞുമോന്‍ കഴിഞ്ഞദിവസം മരിച്ചിരുന്നു. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലുള്ള മനോജും, മറ്റൊരു സുഹൃത്ത് അനുവും ഇതുവരെ അപകടനില തരണംചെയ്തിട്ടില്ല.
സംഭവം നടന്ന ജനുവരി എട്ട് മുതല്‍ സുധീഷ് പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു. വിഷമദ്യം കഴിച്ച് ഗുരുതരാവസ്ഥയില്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന മനോജിനെ കൊലപ്പെടുത്താന്‍ തയ്യാറാക്കിയ പദ്ധതിയില്‍ അമ്മാവനായ കുഞ്ഞുമോന്‍ യാദൃശ്ചികമായി ഉള്‍പ്പെടുകയായിരുന്നു.
സംഭവത്തെക്കുറിച്ച് ഇടുക്കി എസ്.പി. വി.യു.കുര്യാക്കോസ് പറയുന്നത്- മനോജുമായി സുധീഷിന് മുന്‍ വൈരമുണ്ട്. ഇവര്‍ തമ്മില്‍ പലപ്പോഴും കൂട്ടായി കഞ്ചാവ് കച്ചവടം ചെയ്തിട്ടുണ്ട്. ഇതിന്റെ വീതത്തെച്ചൊല്ലി വാക്കേറ്റം ഉണ്ടായി. ഈ വൈരത്തിലാണ് കൊല്ലാന്‍ തീരുമാനിച്ചത്.
ജനുവരി ഏഴിന് അടിമാലി ബിവറേജില്‍നിന്ന് മദ്യം വാങ്ങി. രാത്രി മദ്യത്തില്‍ ഏലത്തിന് അടിക്കുന്ന വിഷം കലര്‍ത്തി. ഞായറാഴ്ച രാവിലെ ഇയാള്‍ മനോജിനെ ഫോണില്‍ വിളിച്ച്, വഴിയില്‍ക്കിടന്ന് ഒരു കുപ്പി മദ്യം കിട്ടിയതായി അറിയിച്ചു.
എന്നാല്‍ അമ്മാവനും മറ്റൊരു സുഹൃത്തും അവിചാരിതമായി ഇയാള്‍ക്കൊപ്പമെത്തുകയായിരുന്നു.
കുഞ്ഞുമോന്‍ വെള്ളം ചേര്‍ക്കാതെയാണ് മദ്യം കഴിച്ചത്. സുധീഷ് കഴിക്കാതെ തന്ത്രപൂര്‍വം ഒഴിവായി. അമ്മാവന്‍ കഴിച്ചത് വിഷമദ്യമാണെന്ന് അറിയാവുന്ന സുധീഷ്, അമ്മാവന് മാത്രം അപ്പോള്‍ത്തന്നെ ഉപ്പുവെള്ളം കലക്കികൊടുത്തു. കുപ്പിയുടെ അടപ്പില്‍ കണ്ട ദ്വാരത്തെക്കുറിച്ച് സുധീഷ് തന്നെയാണ് പോലീസിനോട് പറഞ്ഞത്. എന്നാല്‍ കുപ്പിയിലെ ദ്വാരത്തിന്റെ വലുപ്പം തുടക്കത്തില്‍ത്തന്നെ പോലീസിന് സംശയം വര്‍ധിപ്പിച്ചു. സാമ്പിള്‍മദ്യം ചെറിയ കുപ്പിയിലാക്കി പോലീസിനെ ഏല്‍പ്പിച്ചതും മദ്യക്കുപ്പി കത്തിക്കാന്‍ ശ്രമിച്ചതും സ്ഥിരം മദ്യപാനിയായിട്ടും അന്ന് മദ്യം കഴിക്കാതിരുന്നതും സുധീഷാണ് പ്രതിയെന്ന് ഉറപ്പിക്കാന്‍ ഇടയാക്കി.
ഫോണ്‍ സംഭാഷണങ്ങളും മറ്റും പരിശോധിച്ചതില്‍നിന്നു സുധീഷാണ് കൃത്യം നടത്തിയതെന്നും മനസ്സിലായി. പ്രതിയെ ശനിയാഴ്ച തെളിവെടുപ്പ് നടത്തി കോടതിയില്‍ ഹാജരാക്കും. ഇടുക്കി ഡിവൈ.എസ്.പി. ടി.കെ.ഷൈജു, അടിമാലി സി.ഐ. ക്ലീറ്റസ് ജോസഫ്, അടിമാലി എസ്.ഐ. കെ.എം.സന്തോഷ് എന്നിവരുടെ നേതൃത്വത്തില്‍ പ്രത്യേക സ്‌ക്വാഡ് രൂപവത്കരിച്ചാണ് അന്വേഷണം.