എത്ര മണിക്കൂര്‍ നേരം, അല്ലെങ്കില്‍ എത്ര ഷോട്ടുകളില്‍ ഞാന്‍ വന്നു പോകുന്നു ; ഒരുപാട് നിരൂപണപ്രശംസ കിട്ടിയ കുരുതിയിലെ സുമ സിനിമയിലേക്ക് എത്തിയത് ഇങ്ങനെ ; സൃന്ദ വെളിപ്പെടുത്തുന്നു
കൊച്ചി:സൃന്ദ എന്ന നായികയുടെ കരുത്തുറ്റ പ്രകടനം ഇന്ന് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടിയിട്ടുണ്ട്. കുരുതി എന്ന മനു വാര്യര്‍ ചിത്രത്തെക്കുറിച്ചുള്ള ചൂടന്‍ ചര്‍ച്ചകള്‍ക്കിടയില്‍ സൃന്ദ എന്ന നടിയുടെ കഥാപാത്രവും തിളങ്ങിനില്‍ക്കുകയാണ്.പൊതുവെ സൃന്ദ ചെയ്യുന്ന കഥാപാത്രം സിനിമയില്‍ ഉടനീളം ഉണ്ടാവണം എന്നില്ല. എന്നാല്‍ ആ കഥാപാത്രത്തിന് സിനിമയില്‍ എന്തെങ്കിലും ചെയ്യാനുണ്ടാവും.
ചിലപ്പോള്‍ കുറച്ചധികം. അതുകൊണ്ടാണ് 22 ഫീമെയില്‍ കോട്ടയത്തിലെ ജിന്‍സിയില്‍ തുടങ്ങി സുശീലയെയും സൂസനെയും മുതല്‍ ഇപ്പോള്‍ കുരുതിയിലെ സുമ വരെയും പ്രേക്ഷകര്‍ ഓര്‍ത്തിരിയ്ക്കുന്നത്. ഒരു സിനിമ തിരഞ്ഞെടുക്കുമ്പോള്‍ എന്താണ് തന്റെ മാനദണ്ഡം എന്നതിനെ കുറിച്ച് ഒരു പ്രമുഖ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെ സൃന്ദ തന്നെ വെളിപ്പെടുത്തുകയുണ്ടായി.
സൃന്ദയുടെ വാക്കുകളിങ്ങനെ, ”ഒരു തിരക്കഥയുമായി എന്നെ സമീപിയ്ക്കുമ്പോള്‍ ഞാന്‍ നോക്കുന്നത്, ഈ സിനിമയില്‍ ഞാന്‍ എന്തിനാണ് എന്നതാണ്. കഥയില്‍ ഞാന്‍ അവതരിപ്പിയ്ക്കാന്‍ പറയുന്ന കഥാപാത്രത്തിന് എത്ര മാത്രം പ്രാധാന്യം ഉണ്ട് എന്നതാണ് എപ്പോഴും നോക്കുന്നത്.
എത്ര മണിക്കൂര്‍ നേരം, അല്ലെങ്കില്‍ എത്ര ഷോട്ടുകളില്‍ ഞാന്‍ വന്നു പോകുന്നു എന്നത് എന്നെ സംബന്ധിച്ച് ഒരു വിഷയമേ അല്ല. വളരെ കുറച്ച് രംഗങ്ങള്‍ മാത്രമേ സിനിമയില്‍ എനിക്ക് ഉള്ളൂ എങ്കിലും, തിരക്കഥയും കഥയിലെ എന്റെ കഥാപാത്രവും നല്ലതായിരിയ്ക്കണം. പിന്നെ തീര്‍ച്ചയായും, ടീം എന്താണ് എങ്ങിനെയാണ് എന്നതും നോക്കും’- സൃന്ദ പറഞ്ഞു
കുരുതി എന്ന ചിത്രത്തിലേക്ക് വിളിച്ചപ്പോള്‍ എനിയ്ക്ക് വളരെ അധികം സന്തോഷവും ആകാംക്ഷയും തോന്നി. അത്രയേറെ നല്ലൊരു തിരക്കഥയാണ് അത്. മാത്രവുമല്ല, സിനിമയിലെ ഓരോ കഥാപാത്രത്തിനും കൃത്യമായ സ്ഥാനവും പ്രാധാന്യവും ഉണ്ട് എന്ന് സൃന്ദ പറയുന്നു. ചിത്രത്തിന്റെ നിര്‍മാതാവ് കൂടെയായ പൃഥ്വിരാജ് ആണ് സൃന്ദയുടെ പേര് കുരുതിയിലേക്ക് നിര്‍ദ്ദേശിച്ചത്.
അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ഭീഷ്മ പര്‍വ്വം ആണ് സൃന്ദയുടെ പുതിയ ചിത്രം. മെഗാസ്റ്റാര്‍ മമ്മൂട്ടിയാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രം. സിനിമയുടെ പകുതി ഭാഗവും ചിത്രീകരണം പൂര്‍ത്തിയാക്കിയതാണ്. കൊവിഡ് രണ്ടാം തരംഗത്തെ തുടര്‍ന്ന് നിര്‍ത്തിയ ചിത്രം ഇതുവരെ പുനരാരംഭിച്ചിട്ടില്ല.