EntertainmentKeralaNews

വിവാഹമോചനത്തോടെ മരിച്ചുപോവുമെന്ന് കരുതി, കരുത്തയാണെന്ന് തിരിച്ചറിഞ്ഞതിൽ അഭിമാനം- സാമന്ത

ഹൈദരാബാദ്:നാലുവർഷം നീണ്ട ദാമ്പത്യത്തിനൊടുവിലാണ് തെന്നിന്ത്യൻ താരങ്ങളായ നാ​ഗ ചൈതന്യയും സാമന്തര റൂത് പ്രഭുവും വിവാഹമോചിതരായത്. പിന്നാലെ സാമന്ത നിരന്തര സൈബർ ആക്രമണവും നേരിടുകയുണ്ടായി. അബോർഷനും അവിഹിത ബന്ധവും തുടങ്ങി വിവാഹമോചനത്തിന്റെ പേരിൽ സാമന്തയ്ക്കെതിരെ ഇല്ലാക്കഥകൾ കെട്ടിച്ചമച്ചവരും ഏറെ. ഇപ്പോഴിതാ വിവാഹമോചനശേഷം കരുത്തയായി മുന്നേറുന്നതിനെക്കുറിച്ച് സാമന്ത തുറന്നു പറഞ്ഞതാണ് ശ്രദ്ധിക്കപ്പെടുന്നത്.

ഫിലിംഫെയറിനു നൽകിയ അഭിമുഖത്തിലാണ് സാമന്ത വിവാഹമോചനത്തെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുന്നത്. ജീവിതത്തിലെ മോശം അനുഭവങ്ങളെ സ്വീകരിച്ച് അതിനെ മനസ്സിലാക്കി മുന്നോട്ടു പോയാൽ പാതിപ്രശ്നങ്ങൾ ഒഴിവാകുമെന്ന് പറയുകയാണ് സാമന്ത. അതിന് തയ്യാറാവാതിരിക്കുമ്പോഴാണ് പരസ്പരം പോരാട്ടം നിർത്താതിരിക്കുന്നത്. ഇനിയും ജീവിതമുണ്ടെന്ന തിരിച്ചറിവോടെ കഴിഞ്ഞതിനെ ഉൾക്കൊണ്ട് നീങ്ങുകയാണ് വേണ്ടതെന്ന് സാമന്ത പറയുന്നു.

നാ​ഗ ചൈതന്യയുമായുള്ള വിവാഹമോചനം തന്നെ തകർത്തു കളയുമോ എന്ന് ഭയന്നിരുന്നുവെന്നും സാമന്ത പറയുന്നു. താനെത്ര കരുത്തയാണെന്ന് തിരിച്ചറിഞ്ഞ് അത്ഭുതപ്പെട്ടു. സ്വയം ദുർബലയായ വ്യക്തിയാണ് എന്നാണ് കരുതിയിരുന്നത്. ഈ വിവാഹമോചനത്തോടെ തകരുകയോ മരിച്ചുപോവുകയോ ചെയ്യുമെന്ന് കരുതി. ഇന്ന് താനെത്ര കരുത്തയാണ് എന്നോർത്ത് അഭിമാനിക്കുകയാണ്- സാമന്ത പറയുന്നു.

മെഡിറ്റേഷനാണ് തന്നെ കരകയറ്റിയതെന്ന് സാമന്ത നേരത്തേ പറഞ്ഞിരുന്നു. തന്നിലെ ചില കാര്യങ്ങൾ എന്നെന്നേക്കുമായി മാറി. ദൈവമാണ് മുന്നോട്ടു പോകാനുള്ള കരുത്ത് പകർന്നത്. ലോക്ക്ഡൗൺ കാലത്ത് മെഡിറ്റേഷൻ വീണ്ടും ആരംഭിച്ചിരുന്നു- സാമന്ത പറഞ്ഞു.

വിവാഹമോചനത്തിനു പിന്നാലെ സൈബർ ലോകത്ത് നേരിട്ട ട്രോളുകളെക്കുറിച്ചും സാമന്ത പറഞ്ഞിരുന്നു. നിരുപാധികമായ സ്വീകാര്യതയൊന്നും താൻ ആവശ്യപ്പെടുന്നില്ല. വ്യത്യസ്ത അഭിപ്രായങ്ങൾ ഉണ്ടായിരിക്കാൻ ആളുകളെ പ്രോത്സാഹിപ്പിക്കാറുണ്ട്, പക്ഷേ അപ്പോഴും പരസ്പരം സ്നേ​ഹവും അനുകമ്പയും വച്ചുപുലർത്തണം. കുറച്ചുകൂടി പരിഷ്കൃതമായ രീതിയിൽ അവരുടെ നിരാശ പ്രകടിപ്പിച്ചുകൂടെ എന്നുമാത്രമേ അഭ്യർഥിക്കുന്നുള്ളു- സാമന്ത വ്യക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button