ബ്രിട്ടനില്‍ നിന്നു തിരിച്ചെത്തിയ തനിക്ക് കൊവിഡാണെന്ന വാര്‍ത്തകള്‍ നിഷേധിച്ച് നടി ലെന. ലണ്ടനില്‍ നിന്ന് താന്‍ ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്തി നെഗറ്റീവാണെന്ന് സ്ഥിരീകരിച്ച ശേഷമാണ് ഇന്ത്യയിലേക്ക് എത്തിയതെന്ന് താരം പറയുന്നു. ‘എനിക്ക് കൊവിഡ് പോസിറ്റീവാണെന്നും ബാംഗ്ലൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും ചില വാര്‍ത്തകള്‍ പരക്കുന്നുണ്ട്.
എന്നാല്‍ ലണ്ടനില്‍ നിന്ന് പോന്നപ്പോള്‍ തന്നെ ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്തി കൊവിഡ് നെഗറ്റീവാണെന്നു സ്ഥിരീകരിച്ചിരുന്നു. യുകെയില്‍ നിന്നുള്ള യാത്രക്കാര്‍ക്കുള്ള പ്രത്യേക കൊവിഡ് മാനദണ്ഡപ്രകാരം ബാംഗ്ലൂരിലെ ആശുപത്രിയില്‍ ക്വാറന്റൈനില്‍ കഴിയുകയാണ് ഞാന്‍. ഞാന്‍ സുരക്ഷിതയാണ്’ ലെന പറയുന്നു.
കേരളത്തിലേക്കുളള കണക്ടിങ് ഫ്‌ലൈറ്റില്‍ കയറുന്നതിനു വേണ്ടിയായിരുന്നു താരം ബംഗളൂരുവില്‍ ഇറങ്ങിയത്. ബംഗളൂരു മെഡിക്കല്‍ കോളജ് ആന്‍ഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ട്രോമ കെയര്‍ സെന്ററില്‍ ഐസലേഷനിലാണ് താരം ഇപ്പോള്‍. നതാലിയ ശ്യാം സംവിധാനം ചെയ്യുന്ന ‘ഫൂട്ട്പ്രിന്റ്‌സ് ഓണ്‍ ദ് വാട്ടര്‍’ എന്ന ഇന്തോ-ബ്രിട്ടിഷ് സിനിമയുടെ ഷൂട്ടിങ്ങിനാണ് ലെന ബ്രിട്ടനിലെത്തിയത്.
അതേസമയം യു.കെ.യില്‍ നിന്നു വന്ന് പോസിറ്റീവായി തുടര്‍പരിശോധനയ്ക്കായി എന്‍ഐവി പൂനെയിലേക്ക് അയച്ചിരുന്ന 3 പേരില്‍ ജനിതക മാറ്റം വന്ന വൈറസ് സ്ഥിരീകരിച്ചു. കണ്ണൂര്‍ ജില്ലയിലെ 25, 27 വയസുള്ള രണ്ടുപേര്‍ക്കും പത്തനംതിട്ട ജില്ലയിലെ 52 വയസുള്ള ഒരാള്‍ക്കുമാണ് ജനിതക മാറ്റം വന്ന വൈറസ് സ്ഥിരീകരിച്ചത്. ഇവരെല്ലാം പുരുഷന്‍മാരാണ്. ഇതോടെ ആകെ 9 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.യു.കെ.യില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചിരിച്ചിട്ടില്ല. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 56 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരുടെ സാമ്പിളുകള്‍ തുടര്‍പരിശോധനക്കായി എന്‍ഐവി പൂനെയിലേക്ക് അയച്ചിട്ടുണ്ട്.