ഇന്ത്യയില്‍ വീണ്ടും കൊവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുകയാണ്. നടി കീര്‍ത്തി സുരേഷിനും (Keerthy Suresh) കൊവിഡ് 19 (Covid 19) സ്ഥിരീകരിച്ചിരിക്കുകയാണ്. കീര്‍ത്തി സുരേഷ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. നേരിയ ലക്ഷണം മാത്രമാണ് തനിക്ക് ഉള്ളതെന്നും കീര്‍ത്തി സുരേഷ് സാമൂഹ്യമാധ്യമത്തിലൂടെ അറിയിക്കുന്നു.
എല്ലാവിധ മുൻകരുതലുകളും സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചെങ്കിലും കൊവിഡ് 19 പിടിപെട്ടു. വൈറസ് പടരുന്നതിന്റെ തോത് ഭയപ്പെടുത്തുന്നതാണെന്നും കീര്‍ത്തി സുരേഷ് പറയുന്നു. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുകയും എല്ലാവരും സുരക്ഷിതരാകുകയും ചെയ്യൂ. താനിപ്പോള്‍ ഐസൊലേഷനിലാണ് എന്ന് വ്യക്തമാക്കിയ കീര്‍ത്തി സുരേഷ് താനുമായി സമ്പര്‍ക്കമുണ്ടായവര്‍ കൊവിഡ് ടെസ്റ്റ് നടത്താനും അഭ്യാര്‍ഥിക്കുന്നു.
ഇതുവരെ വാക്സിൻ എടുക്കാത്തവര്‍ എത്രയും പെട്ടെന്ന് സ്വീകരിക്കാനും കീര്‍ത്തി സുരേഷ് അഭ്യര്‍ഥിക്കുന്നു. ഗുരുതരമായ രോഗലക്ഷണങ്ങൾ ഒഴിവാക്കുന്നതിനും നിങ്ങളുടെയും നിങ്ങളുടെ പ്രിയപ്പെട്ടവരുടെയും മെച്ചപ്പെട്ട ആരോഗ്യത്തിന് വേണ്ടി ദയവായി വാക്സിനുകൾ എത്രയും വേഗം എടുക്കുക. പെട്ടെന്നു സുഖപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. വീണ്ടും ജോലിയിലേക്ക് പെട്ടെന്ന് തന്നെ തിരിച്ചെത്താനാകുമെന്ന് പ്രതീക്ഷിക്കുന്നതായും കീര്‍ത്തി സുരേഷ് പറയുന്നു.
‘മരക്കാര്‍: അറബിക്കടലിന്റെ സിംഹ’മാണ് കീര്‍ത്തി സുരേഷിന്റേതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്. ‘ഗുഡ് ലക്ക് സഖി’യാണ് കീര്‍ത്തി സുരേഷിന്റേതായി ഇനി പ്രദര്‍ശനത്തിനെത്താനുള്ളത്. മഹേഷ് ബാബു നായകനാകുന്ന ചിത്രം ‘സര്‍കാരു വാരി പാട്ട’യിലും കീര്‍ത്തി സുരേഷാണ് നായിക. ‘സാനി കായിദം’, ‘ഭോലാ ശങ്കര്‍’ തുടങ്ങിയവയിലും കീര്‍ത്തി സുരേഷ് പ്രധാന കഥാപാത്രങ്ങളായുണ്ട്.
ആരോഗ്യ നില മെച്ചപ്പെട്ടു വരുന്നുണ്ടെന്ന് ഒമിക്രോൺ ബാധിച്ച് ചികിത്സയിൽ കഴിയുന്ന നടി ശോഭന. ഇൻസ്റ്റഗ്രാം വിഡിയോയിലൂടെയായിരുന്നു നടി വിശേഷങ്ങൾ പങ്കുവച്ചത്. രണ്ട് ദിവസത്തെ അപേക്ഷിച്ച് ഇപ്പോള്‍ ഭേദമുണ്ടെന്നും എല്ലാം ഓക്കേയാണെന്നും ശോഭന അറിയിച്ചു.
എല്ലാവരുടെയും സ്നേഹത്തിനും കരുതലിനും നന്ദി. ഞാന്‍ ഇപ്പോള്‍ ഓക്കേയാണ്. കൂടുതല്‍ സമയം ഉറങ്ങുന്നു. രണ്ടു മൂന്നു ദിവസം മുന്‍പത്തേക്കാള്‍ ഇപ്പോള്‍ നല്ല ഭേദമുണ്ട്. ഇവിടെയൊക്കെ ഇറങ്ങി നടക്കുന്നുണ്ട്. എല്ലാം ഓക്കേയാണ്.’ ശോഭന പറഞ്ഞു.
രണ്ട് ദിവസം മുമ്പാണ് കൊറോണ വൈറസിന്റെ വകഭേദമായ ഒമിക്രോൺ ബാധിച്ചതായി ശോഭന സമൂഹമാധ്യമത്തിലൂടെ അറിയിക്കുന്നത്. രണ്ട് ഡോസ് വാക്സീൻ എടുത്തതിൽ സന്തോഷിക്കുന്നു. അതാണ് രോഗാവസ്ഥ ഗുരുതരമാകാതിരിക്കാൻ സഹായിച്ചത്. ഈ വകഭേദം മഹാമാരിയുടെ അവസാനത്തേതാകുമെന്നു പ്രതീക്ഷിക്കുകയും പ്രാർഥിക്കുകയും ചെയ്യുന്നുവെന്നും ശോഭന പറഞ്ഞു.
ശോഭനയുടെ കുറിപ്പിൽനിന്ന്
ലോകം മാന്ത്രികമായി ഉറങ്ങുമ്പോൾ ! മുൻകരുതലുകൾ എടുത്തിട്ടും എനിക്ക് ഒമിക്രോൺ ബാധിച്ചു. സന്ധിവേദന, വിറയൽ, തൊണ്ടയിലെ കരകരപ്പ് എന്നിവയായിരുന്നു രോഗലക്ഷണങ്ങൾ. ചെറിയ തൊണ്ടവേദനയും ഉണ്ടായിരുന്നു. ആദ്യ ദിവസം മാത്രമായിരുന്നു ഇത്രയും പ്രശ്നങ്ങൾ, പിന്നീട് ഇവ കുറഞ്ഞുവന്നു.
രണ്ടു ഡോസ് വാക്സീനും എടുത്തതിൽ എനിക്ക് സന്തോഷമുണ്ട്. രോഗം ശക്തമാകുന്നത് 85 ശതമാനം ഇതു തടയുമെന്ന് ഞാൻ വിശ്വസിക്കുന്നു. നിങ്ങൾ വാക്സീൻ സ്വീകരിച്ചില്ലെങ്കിൽ എത്രയും വേഗം എടുക്കണമെന്ന് അഭ്യർഥിക്കുകയാണ്. ഒമിക്രോൺ, കോവിഡ് മഹാമാരിയുടെ അവസാനത്തെ വകഭേദമാണെന്നു പ്രതീക്ഷിക്കുകയും പ്രാർഥിക്കുകയും ചെയ്യുന്നു.