കൊച്ചി:ഒരുകാലത്ത് തെന്നിന്ത്യന്‍ സിനിമാ ലോകത്തും മലയാള സിനിമാ ലോകത്തും നിറഞ്ഞ് നിന്നിരുന്ന താരമാണ് ചാര്‍മിള. പിന്നീട് സിനിമകളില്‍ നിന്നും പതിയെ അപ്രതക്ഷ്യമാകുകയായിരുന്നു. പ്രശസ്തിയ്ക്കൊപ്പം ഏറെ വിവാദവും താരത്തിനൊപ്പമുണ്ടായിരുന്നു. എന്നാല്‍ ഇപ്പോഴിതാ നീണ്ട ഇടവേളയ്ക്ക് ശേഷം ചാര്‍മിള മലയാള സിനിമയിലേക്ക് തിരിച്ചെത്തുകയാണ്. മെയ്ഡ് ഇന്‍ ട്രിവാന്‍ഡ്രത്തിലൂടെയായാണ് നടിയുടെ വരവ്. അമ്മ വേഷമാണെങ്കില്‍ക്കൂടിയും മികച്ച അവസരങ്ങളൊന്നും തനിക്ക് ലഭിച്ചില്ലെന്ന് നടി പറയുന്നു. ഒരുകാലത്ത് സ്ഥിരമായി ഒരേ ടൈപ്പ് കഥാപാത്രങ്ങളെയായിരുന്നു ലഭിച്ചിരുന്നത്. കാബൂളിവാലയിലൂടെയായിരുന്നു അത് മാറിയതെന്നും താരം പറയുന്നു. കേരളകൗമുദിക്ക് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു താരം മനസുതുറന്നത്. തന്റെ ഇടവേളയ്ക്ക് കൃത്യമായ കാരണങ്ങളുണ്ടായിരുന്നുവെന്നും അഭിമുഖത്തില്‍ ചാര്‍മിള വ്യക്തമാക്കിയിരുന്നു.
ജീവിതത്തില്‍ ഒരുപാട് തിരിച്ചടികള്‍ നേരിടേണ്ടതായി വന്നിരുന്നു. മോന്റെ ജനന ശേഷം കുടുംബ ജീവിതത്തില്‍ പ്രശ്നങ്ങളുണ്ടായിരുന്നു. അവന് മൂന്നര വയസാവുന്നത് വരെ എങ്ങും പോവാറുണ്ടായിരുന്നില്ല. എപ്പോഴും അവനൊപ്പമായിരുന്നു. ഇംഗ്ലീഷ് ലിറ്ററേച്ചറില്‍ ബിരുദമുണ്ട്, സോഫ്റ്റ് വെയര്‍ എഞ്ചിനീയറായി ജോലി ചെയ്തുവരികയാണ്. അങ്ങനെയുള്ള എന്നെ അത്ര പെട്ടെന്ന് കബളിപ്പിക്കാനാവില്ല, എന്നേക്കാളും ബുദ്ധിശാലികളാണ് എന്നെ കബളിപ്പിച്ചത്. വിശ്വസിക്കുന്നവര്‍ ചതിച്ചാല്‍ നമ്മളെന്ത് ചെയ്യാനാണ്.
വിവാഹ ജീവിതത്തില്‍ എനിക്ക് രാശിയില്ലായിരുന്നു.വീണ്ടും വീണ്ടും അതിന്റെ പിന്നില്‍ പോയത് എന്റെ തെറ്റ് തന്നെയാണ്. ആദ്യമുണ്ടായ ദുരനുഭവത്തില്‍ നിന്നും ഇനി ഇത് വേണ്ടെന്ന് തീരുമാനിക്കണമായിരുന്നു അതിന് കഴിഞ്ഞില്ല. വീണ്ടും അതിന് പിന്നാലെ പോയി. അതെന്റെ തെറ്റാണ്. ചിലര്‍ക്ക് കുടുംബജീവിതം നല്ലതായിരിക്കും, എന്നാല്‍ പ്രൊഫഷനില്‍ ശോഭിക്കാനാവില്ല. ദൈവം തനിക്ക് നല്ലൊരു പ്രൊഫഷനാണ് തന്നത്. ആ സമയത്ത് കുടുംബ ജീവിതം തേടിപ്പോയത് തന്റെ തെറ്റ് തന്നെയാണെന്നും ചാര്‍മിള അഭിമുഖത്തില്‍ പറഞ്ഞിരുന്നു.
സിനിമാക്കാരുമായി അച്ഛന് നല്ല ബന്ധമുണ്ടായിരുന്നു. അങ്ങനെയാണ് താനും സിനിമയില്‍ തുടക്കം കുറിച്ചതെന്ന് ചാര്‍മിള പറയുന്നു. നല്ലതൊരു കുടുംബം എന്ന ചിത്രത്തിലാണ് ആദ്യമായി താന്‍ അഭിനയിച്ചതെന്നും ചാര്‍മിള പറയുന്നു. വാണിശ്രീയും ശിവാജി ഗണേശനുമായിരുന്നു ചിത്രത്തിലെ നായികാനായകന്‍മാര്‍.. മുടിയൊക്കെ മുറിച്ച് ആണ്‍കുട്ടിയാക്കിയാണ് അഭിനയിപ്പിച്ചത്. ബാലാജി അങ്കിള്‍ ഫോണ്‍ ചെയ്തപ്പോഴാണ് അച്ഛനും അമ്മയും അതേക്കുറിച്ച് അറിഞ്ഞതെന്നും ചാര്‍മിള പറയുന്നു.
തമിഴിലൂടെയാണ് ചാര്‍മിള സിനിമയിലെത്തുന്നത്. പിന്നീടാണ് മലയാളത്തിലേക്ക് എത്തുന്നത്. മലയാളത്തില്‍ നിരവധി ഹിറ്റുകളിലെ നായികയായിരുന്നു. മലയാളത്തിലും തെലുങ്കിലും തമിഴിലും അഭിനയിച്ചിട്ടുണ്ട്. ഒരുപാട് വിവാദങ്ങള്‍ നിറഞ്ഞതായിരുന്നു വ്യക്തിജീവിതം. നടന്‍ കിഷോര്‍ സത്യയെ 1995ല്‍ വിവാഹം കഴിച്ചുവെങ്കിലും ഈ ബന്ധം 1999 ല്‍ വേര്‍പിരിയുകയായിരുന്നു. ഇതിന് ശേഷം 2006ല്‍ മറ്റൊരു വിവാഹം കഴിച്ചുവെങ്കിലും ഈ ബന്ധവും പിരിഞ്ഞു. ഈയ്യടുത്ത് ചാര്‍മിള വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. അഭിനയത്തിലേക്ക് തിരികെ വരാനുള്ള ശ്രമത്തിലാണ് ഇപ്പോള്‍.
അതേസമയം താരം രണ്ടാമതും വിവാഹം കഴിക്കാനുള്ള കാരണവും ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഇന്ത്യയില്‍ ജീവിക്കണമെങ്കില്‍ ഒരു പുരുഷന്റെ പിന്തുണ വേണം. എനിക്കൊരു സഹോദരന്‍ ഉണ്ടായിരുന്നെങ്കില്‍ ആ ടെന്‍ഷന്‍ ഇല്ലായിരുന്നു. പിന്നെ അച്ഛന്‍ 2003 ല്‍ മരിച്ചു. കസിന്‍ സഹോദരന്മാരായിട്ടും അങ്ങനെ ആരും ഇല്ല. അപ്പോള്‍ എനിക്ക് ഒരു പുരുഷ പിന്തുണ ആവശ്യമായിരുന്നു. അതുകൊണ്ടാണ് രണ്ടാമതും വിവാഹം കഴിക്കാന്‍ തീരുമാനിച്ചത്. പ്രാക്റ്റിക്കലി ചിന്തിച്ചു കഴിഞ്ഞാല്‍ നമ്മള്‍ ഇപ്പോള്‍ ഒരു വിവാഹമോചനത്തിലേക്ക് പോയി. അപ്പോള്‍ നീയാണോ ഞാനാണോ എന്നൊരു ഈഗോ പ്രോബ്ലംസ് വന്നാല്‍ കൊച്ചിന്റെ ഭാവിയാണ് പ്രശ്‌നത്തിലാകുന്നത്.