കൊച്ചി;നടിയെ ആക്രമിച്ച കേസില്‍ കോടതി മാറ്റം വേണമെന്ന അതിജീവിതയുടെ ഹർജിയില്‍ ഹൈക്കോടതി അടച്ചിട്ട മുറിയിൽ വാദം കേൾക്കും.അതിജീവിതയുടെ ആവശ്യം കോടതി അംഗീകരിച്ചു.സെഷൻസ് കോടതിയിലെ വിചാരണ നിർത്തിവെക്കണം എന്ന ആവശ്യം അടുത്ത തിങ്കളാഴ്ച പരിഗണിക്കും..ജസ്റ്റിസ് സിയാദ് റഹ്മാൻ ആണ് ഹർജി പരിഗണിക്കുന്നത്.
ജസ്റ്റിസ് കൗസർ എടപ്പഗത് പിന്മാറിയ പശ്ചാത്തലത്തിലാണ് മറ്റൊരു ബെഞ്ചിലേക്ക് കേസ് വന്നത്. സെഷൻസ് ജഡ്ജ് ഹണി എം വർഗീസ് വിചാരണ നടത്തിയാൽ തനിക് നീതി ലഭിക്കില്ലെന്നും ജഡ്ജിയുടെ ഭർത്താവും കേസിലെ എട്ടാം പ്രതിയായ ദിലീപും തമ്മിൽ ബന്ധമുണ്ടെന്നും ഹർജിയിൽ വ്യക്തമാക്കുന്നു. ഹൈക്കോടതി നേരത്തെ ഒരു ഉത്തരവിലൂടെയാണ് സെഷൻസ് കോടതിയിൽ നിന്ന് കേസ് പ്രത്യേക കോടതിയിലേക്ക് മാറ്റിയത്.
എന്നാൽ, ഈ കേസ് മറ്റൊരു അഡ്മിനിസ്ട്രേറ്റീവ് ഉത്തരവിലൂടെ വീണ്ടും സെഷൻസ് കോടതിയിലേക്ക് മറ്റുകയാണ് ചെയ്തത്. ഇത് നിയമപരമല്ലെന്നും അതിജീവതയുടെ ഹർജിയിലുണ്ട്. കേസിൽ തീർപ്പുണ്ടാക്കുന്നത് വരെ ജില്ലാ സെഷൻസ് കോടതിയിലെ വിചാരണ സ്റ്റേ ചെയ്യണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.കോടതിയിൽ നിന്ന് നടിയുടെ ദൃശ്യങ്ങൾ ചോർന്ന സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ക്രൈം ബ്രാഞ്ച് നൽകിയ ഹർജി പരിഗണിക്കുന്നതിൽ നിന്നാണ് നേരത്തെ ജസ്റ്റിസ് കൗസർ എടപ്പഗത്ത് പിൻമാറിയത്.
കോടതിയുടെ കസ്റ്റഡിയിലിരിക്കെ നടിയെ ആക്രമിച്ച പകർത്തിയ ദൃശ്യങ്ങൾ സൂക്ഷിച്ച മെമ്മറി കാർഡിന്‍റെ ഹാഷ് വാല്യു രണ്ട് വട്ടം മാറിയെന്നും ഇതിൽ വിചാരണ കോടതി തുടർ നടപടി സ്വീകരിച്ചില്ലെന്നുമായിരുന്നു ഈ കേസിലെ ക്രൈം ബ്രാഞ്ച് ഹർജി. ജഡ്ജിക്കെതിരെയും ഹർജിയിൽ ആരോപണമുണ്ടായിരുന്നു. നേരത്തെ അതിജീവിത നൽകിയ സമാന ഹർജി പരിഗണിക്കുന്നതിൽ നിന്ന് കൗസർ എടപ്പഗത്ത് പിൻമാറിയിരുന്നു. അതിജീവിതയുടെ ആവശ്യപ്രകാരം മറ്റൊരു ബെഞ്ചായിരുന്നു പിന്നീട് കേസ് പരിഗണിച്ചത്.