കൊച്ചി: വിചാരണക്കോടതിയില്‍ ജഡ്ജി പറഞ്ഞപ്പോള്‍ പോലും നടിയെ ആക്രമിച്ചതിന്റെ ദൃശ്യം കാണാന്‍ കൂട്ടാക്കാത്ത ആളാണ് താനെന്ന് ദിലീപ്. ഇന്നലെ ചോദ്യം ചെയ്യലിലാണ് ദിലീപ് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരോട് ഇപ്രകാരം മറുപടി നല്‍കിയത്. താന്‍ ആരെയും നോവിച്ചിട്ടില്ല. നടിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ വീട്ടില്‍ വെച്ച് കൈപ്പറ്റിയതായുള്ള ആരോപണങ്ങള്‍ ദിലീപ് ആവര്‍ത്തിച്ച് നിഷേധിച്ചു.
പലപ്പോഴായി നല്‍കിയ മൊഴികളിലെ വൈരുധ്യം ചൂണ്ടിക്കാട്ടി ചോദ്യം ചെയ്തപ്പോള്‍ നിഷേധാത്മക നിലപാട് സ്വീകരിച്ചതായാണ് വിവരം. ചോദ്യംചെയ്യല്‍ തുടങ്ങിയപ്പോള്‍ ‘ഓര്‍മയില്ലെന്ന’ മറുപടിനല്‍കി ഒഴിഞ്ഞുമാറാനും പ്രതികള്‍ ശ്രമിച്ചു. പല നിര്‍ണായക ചോദ്യങ്ങള്‍ക്കും ദിലീപ് ഉള്‍പ്പെടെയുള്ള പ്രതികള്‍ ഒരേ മറുപടിയാണ് നല്‍കിയത്. കുഴപ്പമാകില്ലെന്നു ബോധ്യമുള്ള ചോദ്യങ്ങള്‍ക്കു മാത്രമാണ് ഇവര്‍ മറുപടി നല്‍കിയത്.
ബാലചന്ദ്രകുമാര്‍ തന്നെ ബ്ലാക്ക്‌മെയില്‍ ചെയ്തെന്നും ദിലീപ് ആവര്‍ത്തിച്ചു. എസ്പി എം പി മോഹനചന്ദ്രന്റെ നേതൃത്വത്തില്‍ 5 സംഘങ്ങളായി തിരിഞ്ഞാണ് ഇന്നലെ ചോദ്യം ചെയ്തത്. പ്രതികളെ വെവ്വേറെ ഇരുത്തിയായിരുന്നു ചോദ്യം ചെയ്യല്‍. എഡിജിപി എസ്.ശ്രീജിത്ത്, ഐജി ഗോപേഷ് അഗര്‍വാള്‍ എന്നിവരും ചോദ്യംചെയ്യല്‍ വിലയിരുത്താന്‍ ക്രൈംബ്രാഞ്ച് ഓഫിസിലെത്തിയിരുന്നു. ദിലീപിന്റെ മൊഴികള്‍ വായിച്ച ശ്രീജിത്തും ഗോപേഷ് അഗര്‍വാളും, ചില കാര്യങ്ങളില്‍ കൂടുതല്‍ വ്യക്തത വരുത്താന്‍ ഒരുമണിക്കൂറോളം നേരിട്ടു ചോദ്യം ചെയ്തു.
രാവിലെ തയ്യാറാക്കിയ ചോദ്യങ്ങളില്‍ മാറ്റംവരുത്തിയ ശേഷമായിരുന്നു ഉച്ചയ്ക്കുശേഷത്തെ ചോദ്യംചെയ്യല്‍. ഗൂഢാലോചന കേസിലും നടിയെ ആക്രമിച്ച കേസിലുമായി 26 സംഭവങ്ങളിലാണ് അന്വേഷണ സംഘം ചോദ്യങ്ങള്‍ തയ്യാറാക്കിയിരിക്കുന്നത്. സംവിധായകന്‍ ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തിയ കാര്യങ്ങളും ഇതില്‍ ഉള്‍പ്പെടും. 26 സംഭവങ്ങളിലും അഞ്ച് പ്രതികള്‍ക്കും തങ്ങളുടേതായ റോള്‍ ഉണ്ട്. ഇത് എത്രത്തോളമെന്ന് ചോദ്യം ചെയ്യലില്‍ വ്യക്തമാകുമെന്ന് അന്വേഷണസംഘം വിലയിരുത്തുന്നു.
നടിയെ ആക്രമിച്ച സംഭവത്തിലും ഉന്നത പോലീസ് ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഡാലോചന നടത്തിയ കേസിലുമായി നടന്‍ ദിലീപിനെ ചോദ്യം ചെയ്യുന്നത് ഇന്നും തുടരുകയാണ്. രാവിലെ ഒമ്പതുമണിയ്ക്കാണ് ചോദ്യം ചെയ്യല്‍ പുനഃരാരംഭിച്ചത്. ദിലീപ്, സഹോദരന്‍ അനൂപ്, സഹോദരീ ഭര്‍ത്താവ് സുരാജ്, സുഹൃത്ത് ബൈജു ചെങ്ങമനാട്, അനൂപിന്റെ ഭാര്യയുടെ ബന്ധു അപ്പു എന്നീ പ്രതികള്‍ ചോദ്യം ചെയ്യലിന് ഹാജരായി. പ്രതികളെ ഒന്നിച്ചിരുത്തിയാണ് ഇന്ന് ചോദ്യം ചെയ്യുന്നതെന്നാണ് സൂചന.