കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണം റദ്ദാക്കണമെന്ന ദിലീപിന്റെ ഹര്‍ജി തള്ളി. ജസ്റ്റിസ് കൗസര്‍ എടപ്പഗത്തിന്റെ സിംഗിള്‍ ബെഞ്ചിന്റേതാണ് നടപടി. ഇതോടെ ക്രൈംബ്രാഞ്ചിന് ദിലീപ് അടക്കമുള്ള പ്രതികള്‍ക്കെതിരെ അന്വേഷണവുമായി മുന്നോട്ടുപോകാം.
നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ദിലീപ് കണ്ടുവെന്ന് സംവിധായകന്‍ ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തിയിരുന്നു. അതിന് താന്‍ സാക്ഷിയാണെന്നുമായിരുന്നു ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തല്‍. ഇതിന്റെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് കേസിലെ തുടരന്വേഷണവുമായി മുന്നോട്ടുപോയത്.
അന്വേഷണം മാര്‍ച്ച് ഒന്നിനകം പുര്‍ത്തിയാക്കണമെന്ന കോടതിയുടെ വാക്കാലുള്ള നിര്‍ദേശത്തെ തുടര്‍ന്നാണ് പ്രോസിക്യൂഷന്‍ രേഖാമൂലം സാവകാശം തേടിയത്. തുടരന്വേഷണ പദ്ധതിയും രേഖകളും ബന്ധപ്പെട്ട വിശദാംശങ്ങള്‍ ക്രൈംബ്രാഞ്ച് മുദ്രവെച്ച കവറില്‍ കോടതിക്ക് കൈമാറി. അന്വേഷണ ഉദ്യോഗസ്ഥന്‍ ബൈജു പൗലോസിന് ബാലചന്ദ്രകുമാറിന് ഒരു പരിചയമില്ലെന്നും ബാലചന്ദ്രകുമാര്‍ സ്വാഭാവിക സാക്ഷിയാണെന്നും പ്രോസിക്യൂഷന്‍ ബോധിപ്പിച്ചു.
ബാലചന്ദ്രകുമാര്‍ പെട്ടെന്ന് പരാതിയുമായി വന്ന ഒരാളല്ലെന്നും പൊലീസിന് പരാതി നല്‍കുന്നതിനും മാധ്യമങ്ങളോട് വെളിപ്പെടുത്തുന്നതിനും ഒരു മാസം മുന്‍പ് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നുവെന്നും കോടതി വാദത്തിനിടെ ചൂണ്ടിക്കാട്ടിയിരുന്നു.
ബാലചന്ദ്രകുമാറിന്റെ ആദ്യമൊഴിയില്‍ ഗൂഢാലോചന കേസ് ചുമത്താന്‍ തക്ക ഗൗരവമുള്ള വെളിപ്പെടുത്തലുകളില്ലെന്ന് വാദത്തിനിടെ ദിലീപ് ബോധിപ്പിച്ചു. ആദ്യ കേസ് അന്വേഷണത്തിലെ പാളിച്ചകള്‍ ഒഴിവാക്കാനാണ് തുടരന്വേഷണമെന്നായിരുന്നു ദിലീപിന്റെ ആരോപണം. അന്വേഷണം നടക്കണമെന്നും സത്യം പുറത്തു വരണമെന്നും നടി കോടതിയില്‍ ബോധിപ്പിച്ചിരുന്നു.