കോട്ടയം: നടി ആക്രമിക്കപ്പെട്ട കേസിലെ അതിജീവിതയെ അപമാനിച്ച് മുന്‍ എം.എല്‍.എ. പി.സി. ജോര്‍ജ്. കേസ് കാരണം നടിക്ക് കൂടുതല്‍ സിനിമകള്‍ കിട്ടിയെന്ന് ജോര്‍ജ് പറഞ്ഞു.
എന്നാ അതിജീവിതയോ, അങ്ങനയെല്ലേ പറയുന്നത്… എന്നാ ഉപജീവിതയോ…? അതിജീവിത. അതിജീവിതയ്ക്ക് ഒത്തിരി സിനിമ കിട്ടുന്നുണ്ട്. പിന്നെന്നാ?.. കിട്ടട്ടേ… അതിജീവിത രക്ഷപ്പെട്ടു. അതല്ലേ നമുക്ക് ആവശ്യം. പ്രശ്‌നമൊന്നുമില്ലന്നേ.. അതിക്കൂടുതലൊന്നും പറയാന്‍ പാടില്ലല്ലോ- കോട്ടയം പ്രസ് ക്ലബ്ബില്‍ വാര്‍ത്താസമ്മേളനത്തിലായിരുന്നു ജോര്‍ജിന്റെ പരാമര്‍ശം.
ആ പ്രശ്‌നം ഉണ്ടായതുകൊണ്ട് അവര്‍ക്ക് ലാഭമല്ലാതെ നഷ്ടം ഉണ്ടായതായി താന്‍ കരുതുന്നില്ല. ഒരു സ്ത്രീയെന്ന നിലയില്‍ ജീവിതത്തിലുണ്ടായ നഷ്ടം വളരെ വലുതാണ്. അതില്‍ ഒരു സംശയവും വേണ്ട, ശരിയാണെങ്കില്‍. എന്നാല്‍ ആ വിഷയംകൊണ്ട് മറ്റു മേഖലകളില്‍ അവര്‍ക്ക് ലാഭമേ ഉണ്ടായുള്ളൂ എന്നാണ് എന്റെ വിശ്വാസം- ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.
ആലപ്പുഴ കളക്ടര്‍ സ്ഥാനത്ത് നിന്നും ശ്രീറാം വെങ്കട്ടരാമനെ മാറ്റിയതിനോടും പിസി ജോര്‍ജ് പ്രതികരിച്ചു. കാന്തപുരത്തിന്റെ സമ്മർദ്ദത്തിന് വഴങ്ങിയാണാണ് ശ്രീറാം വെങ്കട്ടരാമനെ മാറ്റിയതെന്ന് പിസി ജോര്‍ജ് ആരോപിച്ചു. മുസ്ളിം സമുദായത്തിന്റെ പിന്തുണയ്ക്ക് വേണ്ടിയായിരുന്നു പിണറായിയുടെ നടപടി. മരിച്ച മാധ്യമ പ്രവർത്തകനെ മുസ്ളിം ആയല്ല പകരം, മനുഷ്യനായാണ് നമ്മളെല്ലാം കണ്ടതെന്ന് അഭിപ്രായപ്പെട്ട പിസി ജോര്‍ജ്, ശ്രീറാം മദ്യപിച്ചാണോ വണ്ടി ഓടിച്ചതെന്ന് കോടതി തീരുമാനിക്കട്ടെയെന്നും കൂട്ടിച്ചേര്‍ത്തു.