കൊച്ചി:ഹേമ കമ്മിറ്റി റിപ്പോർട്ട് വന്നതിന് പിന്നാലെ മാദ്ധ്യമങ്ങൾ തന്നെ സമീപിച്ചെങ്കിലും അപ്പോൾ നിലപാടറിയിക്കാനുള്ള മാനസികാവസ്ഥയിലായിരുന്നില്ലെന്ന് നടി അർച്ചന കവി. സിനിമയിൽ നമ്മൾ ഏറ്റവുമധികം നന്മയുള്ളവർ എന്ന് കരുതുന്നവരാണ് യഥാർത്ഥ തെമ്മാടികളെന്നും നടി പറഞ്ഞു. തന്റെ യൂട്യൂബ് ചാനലിൽ പോസ്റ്റ് ചെയ്‌ത വീഡിയോയിലൂടെയാണ് അർച്ചനയുടെ പ്രതികരണം.
അർച്ചന കവിയുടെ വാക്കുകൾ:
ഹേമ കമ്മിറ്റി റിപ്പോർട്ട് വന്നതുമുതൽ മാദ്ധ്യമങ്ങൾ എന്റെ നിലപാടറിയാൻ വിളിച്ചുകൊണ്ടിരുന്നു. പക്ഷേ, അപ്പോൾ ഞാനതിന് തയ്യാറായിരുന്നില്ല. ആദ്യംതന്നെ ഞാൻ ഡബ്യുസിസിയോട് നന്ദി പറയുകയാണ്. മലയാളത്തിലെന്നല്ല, സിനിമയുടെ ചരിത്രത്തിൽ തന്നെ ഇതാദ്യമാണ്. ഡബ്യുസിസിയിലുള്ള പലരെയും വ്യക്തിപരമായി എനിക്കറിയാം. ഇതുവരെ കൊണ്ടെത്തിക്കുക എന്നത് അത്ര എളുപ്പമായിരുന്നില്ല. അവരെക്കുറിച്ചോർത്ത് അഭിമാനം തോന്നുന്നു.
അഞ്ചും പത്തും വർഷം മുമ്പ് നടന്ന കാര്യങ്ങൾ എന്തിനാണ് ഇപ്പോൾ തുറന്നുപറയുന്നതെന്ന് ചോദിക്കുന്നവരുണ്ട്. അതിജീവിതകൾ അനുഭവിച്ചതും കടന്നുപോയതുമായ സാഹചര്യങ്ങൾ നമുക്കൊരിക്കലും ജഡ്‌ജ് ചെയ്യാൻ പറ്റില്ല. അതിനുള്ള അവകാശം നമുക്കില്ല. ശരീരത്തിലൊരു മുറിവുണ്ടായാൽ ഓരോരുത്തർക്കും അത് ഉണങ്ങുന്നതിന് വേണ്ട സമയം വ്യത്യസ്‌തമായിരിക്കും. അതുകൊണ്ട് ഇത്തരം കാര്യങ്ങൾ തുറന്നുപറയാൻ സമയമെടുക്കുന്നതിന് ആരെയും കുറ്റപ്പെടുത്തരുത്. സ്വന്തം വീട്ടിൽ നടക്കുമ്പോൾ മാത്രമേ നമുക്കവരുടെ ബുദ്ധിമുട്ടും വിഷമവും മനസിലാവുകയുള്ളു.
ഞാൻ സിദ്ദിഖ് സാറിനൊപ്പം ജോലിചെയ്തിട്ടുണ്ട്. ഇപ്പോഴും ഞാനദ്ദേഹത്തെ സാർ എന്നാണ് വിളിക്കുന്നത്. അച്ഛനെപ്പോലുള്ളയാളാണ്. ജോലി സ്ഥലത്ത് നല്ല അനുഭവമേ അദ്ദേഹത്തിൽ നിന്ന് എനിക്കുണ്ടായിട്ടുള്ളൂ. അദ്ദേഹത്തിനെതിരെ ഒരു ആരോപണം വന്നപ്പോൾ ഞാൻ ഞെട്ടിപ്പോയി. അത്രതന്നെ വേദനിക്കുകയുംചെയ്തു. എന്നാൽ, എനിക്ക് മോശം അനുഭവമുണ്ടായില്ലെന്നുകരുതി അയാൾ മറ്റൊരാളെ വേദനിപ്പിക്കില്ല എന്ന് ഞാൻ അർത്ഥമാക്കുന്നില്ല. ഞാൻ അതിജീവിതയ്ക്കൊപ്പമാണ്. ആരോപണവിധേയൻ നിരപരാധിത്വം തെളിയിച്ച് വരുന്നതുവരെ അതിജീവിതയ്ക്കൊപ്പം നിൽക്കും.
ഇത്രയും നന്മ ചെയ്യുന്നവർ ഈ ലോകത്ത് വേറെയില്ലെന്ന് ചിലരെക്കുറിച്ച് നമ്മൾ വിചാരിക്കും. അവരായിരിക്കും സിനിമാ സെറ്റുകളിലെ തെമ്മാടികൾ. നമ്മുടെ മനസിന്റെ ദൗർബല്യം എന്താണെന്ന് അവർക്കറിയാം. ഷോട്ടെടുക്കുന്നതിന് തൊട്ടുമുമ്പായിരിക്കും എല്ലാവരുടെയും മുന്നിൽവച്ച് അവർ അതേക്കുറിച്ച് പറയുക. അസ്വസ്ഥത തോന്നുമെങ്കിലും ക്യാമറയുടെ മുന്നിൽ അഭിനയിക്കേണ്ടി വരും.
ഡാൻസ് മാസ്റ്റേഴ്സ് മിക്കവാറും തമിഴ്നാട്ടിൽ നിന്നായിരിക്കും വരുന്നത്. അവരോട് ചില സംവിധായകർ പറയും ഏത് നടനെയും നടിയെയുമാണ് ബുദ്ധിമുട്ടിക്കാൻ പോകുന്നതെന്ന്. ഇതുപോലെ സ്റ്റണ്ട് മാസ്റ്റർമാരോടും പറയും. ഇത്തരക്കാർ അവരുടെ കയ്യിലെ മൈക്കിലൂടെ തോന്നിയതെല്ലാം വിളിച്ചുപറയും. ഇതൊക്കെ തങ്ങളെ ഉപദ്രവിക്കുകയാണെന്നുപോലും മനസിലാകാത്ത നടീനടന്മാരുണ്ടെന്നതാണ് സത്യം. മാനസികമായതും ശാരീരികമായതുമായ സാമ്പത്തികവുമായ ഉപദ്രവങ്ങൾ എന്തൊക്കെയാണെന്ന് സ്കൂളിൽ തന്നെ പഠിപ്പിച്ചുകൊടുക്കണം.
ശാരീരികമായ ഉപദ്രവങ്ങൾ മാത്രമല്ല, അതിനുമപ്പുറം പല പ്രശ്‌നങ്ങളിലൂടെ അഭിനേതാക്കളും സാങ്കേതികവിദഗ്ദ്ധരും കടന്നുപോകുന്നുണ്ട്. ആളുകളെ ഉത്തരവാദിത്തത്തോടെ ചേർത്തുനിർത്തി ഒരു മാറ്റം കൊണ്ടുവരുന്നതിന് ഇപ്പോൾ പ്രാധാന്യം നൽകാം.