കൊച്ചി: താരങ്ങൾ സിനിമയിൽ അനാവശ്യമായി ഇടപെടുന്ന പ്രവണത മലയാള സിനിമയിൽ കൂടി വരികയാണെന്നും അത് അനുവദിക്കില്ലെന്നും സിനിമയിലെ ട്രേഡ് യൂണിനുകളുടെ കൂട്ടായ്മയായ ഫെഫ്ക ഫെഫ്ക ജനറൽ സെക്രട്ടറിയും സംവിധായകനുമായ ബി. ഉണ്ണിക്കൃഷ്ണൻ. ഫെഫ്ക ജനറൽ കൗൺസിലിന് ശേഷം കൊച്ചിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മലയാള സിനിമയിൽ ചില നടീനടൻമാർ വലിയ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നുണ്ട്. ഒരേ ഡേറ്റ് ഒരേസമയം പല നിർമാതാക്കൾക്കും കൊടുക്കുക, പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ തയ്യാറാക്കിയ കരാർ ഒപ്പിടാൻ അവർ വിസമ്മതിക്കുക തുടങ്ങിയ കാര്യങ്ങളൊക്കെ നിർമാതാക്കൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു.
അമ്മ അംഗീകരിച്ച കരാറാണ് ഇവർ ഒപ്പിടാൻ തയ്യാറാകാത്തത്. ഫെഫ്കയും നിർമാതാക്കളുടെ സംഘടനയും തമ്മിൽ ഇതുസംബന്ധിച്ച് കഴിഞ്ഞ ദിവസം ചർച്ച നടത്തിയിരുന്നു. കൃത്യമായ കരാറിന്റെ അടിസ്ഥാനത്തിലേ പ്രവർത്തിക്കൂ എന്നായിരുന്നു ഇരു സംഘടനകളുടെയും തീരുമാനം. പുതിയ കരാർ രൂപീകരിക്കുന്നതിന്റെ അന്തിമഘട്ടത്തിലാണ് ഇപ്പോൾ -ബി. ഉണ്ണിക്കൃഷ്ണൻ പറഞ്ഞു.
സിനിമയുടെ എഡിറ്റ് അവരെ കാണിക്കണമെന്നാണ് ചില അഭിനേതാക്കൾ ആവശ്യപ്പെടുന്നത്. അവരെ മാത്രമല്ല, അവർ പറയുന്ന ആളുകളെയും കാണിക്കണം. അതിനുശേഷം അവർ പറയുന്ന മാറ്റങ്ങൾ വരുത്തിയാലേ ബാക്കി കാര്യങ്ങൾ ചെയ്യൂ എന്നാണവരുടെ നിലപാട്.
ഇപ്പോൾ ഡബ്ബിങ് നടക്കുന്ന ഒരു സിനിമയിലും ഇത്തരത്തിലുള്ള പ്രശ്നമുണ്ടായിട്ടുണ്ട്. താൻ പറയുന്ന പോലെ റീഎഡിറ്റ് ചെയ്തില്ലെങ്കിൽ സിനിമ പൂർത്തിയാക്കാൻ തയ്യാറല്ലെന്നാണ് അതിലെ പ്രധാന നടൻ പറയുന്നത്. ഇതൊക്കെ കേട്ടുകേൾവിയില്ലാത്ത കാര്യങ്ങളാണ്. ഒരു സിനിമയുടെ ഉടമ സംവിധായകനാണ്.
എഡിറ്റ് ആരെയെങ്കിലും കാണിച്ച് ബോധ്യപ്പെടുത്തുമെങ്കിൽ അത് പണം മുടക്കിയ നിർമാതാവിനെ മാത്രമായിരിക്കും എന്നതാണ് ഫെഫ്കയുടെ ഉറച്ച നിലപാട്. സർഗാത്മകമായ അഭിപ്രായങ്ങൾ ആർക്കും പറയാം. പ്രധാന നടനും അപ്രധാന നടനും പറയാം. എന്നാൽ, അന്തിമതീരുമാനം സംവിധായകന്റേതായിരിക്കും -ഫെഫ്ക ജനറൽ സെക്രട്ടറി വ്യക്തമാക്കി.
ആരുടെയും പേരെടുത്ത് പരാമർശിക്കാതെയായിരുന്നു ബി. ഉണ്ണിക്കൃഷ്ണൻ അഭിനേതാക്കൾക്കെതിരേ ആരോപണമുന്നയിച്ചത്. പല അഭിനേതാക്കൾക്കെതിരേയും പരാതി ഉയർന്നിട്ടുണ്ട്. അതേക്കുറിച്ചുള്ള കൂടുതൽ കാര്യങ്ങൾ വരുംദിവസങ്ങളിൽ വ്യക്തമാക്കുമെന്നും ഇതുസംബന്ധിച്ച് താരസംഘടനയായ അമ്മയുമായി ചർച്ച നടത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു