നടന്‍ വിക്രമിന് ഹൃദയാഘാതമോ? വിശദീകരണവുമായി മകൻ ധ്രുവ് വിക്രം
നടന്‍ വിക്രമിന്(Actor Vikram) ഹൃദയാഘാതം സംഭവിച്ചെന്ന വാര്‍ത്തകൾ തള്ളി മകൻ ധ്രുവ് വിക്രം. ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ ആയിരുന്നു ധ്രുവിന്റെ പ്രതികരണം. വിക്രമിന് നെഞ്ചില്‍ നേരിയ അസ്വസ്ഥതയുണ്ടായിരുന്നു, അതിനായി ചികിത്സയിലാണ്. ഹൃദയാഘാതം ഉണ്ടായിട്ടില്ല. ഇതുമായി ബന്ധപ്പെട്ട കിംവദന്തികള്‍ കേള്‍ക്കുന്നതില്‍ തങ്ങള്‍ക്ക് വേദനയുണ്ടെന്ന് ധ്രുവ് പറയുന്നു.
ചിയാന്‍ ഇപ്പോള്‍ സുഖമായിരിക്കുന്നു. ഈ സമയത്ത് കുടുംബത്തിന് ആവശ്യമായ സ്വകാര്യത ആവശ്യമാണ്. ഒരു ദിവസത്തിനകം അദ്ദേഹം ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ആകാനാണ് സാധ്യതയെന്നും ധ്രുവ് പറഞ്ഞു. വിക്രമിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്ന വാര്‍ത്ത പുറത്തുവന്നതോടെ നിരവധിപ്പേരാണ് സമൂഹമാധ്യമങ്ങളിലൂടെ അദ്ദേഹത്തിന് ആയുരാരോഗ്യസൗഖ്യം നേരുന്നത്. ’ഗെറ്റ് വെൽ സൂൺ ചിയാൻ’ എന്ന ഹാഷ് ടാഗ് ഇപ്പോൾ ട്വിറ്ററിൽ ട്രെന്റിംഗ് ആണ്.
ഇന്ന് ഉച്ചയോടെയാണ് വിക്രമിനെ ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നെഞ്ചില്‍ നേരിയ അസ്വസ്ഥത ഉണ്ടായതിനെത്തുടര്‍ന്ന് ചെന്നൈ കാവേരി ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. വിക്രത്തിന് ഹൃദയാഘാതം എന്ന തരത്തിലാണ് ഇത് സംബന്ധിച്ച വാര്‍ത്തകള്‍ തമിഴ് മാധ്യമങ്ങളിലുള്‍പ്പെടെ ആദ്യം വാര്‍ത്ത വന്നത്. പിന്നാലെ നിജസ്ഥിതി വ്യക്തമാക്കി വിക്രത്തിന്‍റെ മാനേജര്‍ സൂര്യനാരായണന്‍ രംഗത്തെത്തി. വിക്രത്തിന് ഹൃദയാഘാതം ഉണ്ടായിട്ടില്ലെന്നും നെഞ്ചില്‍ നേരിയ അസ്വസ്ഥത മാത്രമാണ് ഉണ്ടായതെന്നും സൂര്യനാരായണന്‍ ട്വിറ്ററില്‍ കുറിച്ചിരുന്നു.
മണി രത്നം ചിത്രം പൊന്നിയിന്‍ സെല്‍വന്‍റെ ഇന്ന് നടക്കുന്ന ടീസര്‍ ലോഞ്ചില്‍ പങ്കെടുക്കേണ്ടിയിരുന്നതാണ് വിക്രം. ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അദ്ദേഹം അവതരിപ്പിച്ചിട്ടുണ്ട്. കോബ്രയാണ് വിക്രമിന്റേതായി റിലീസ് കാത്തിരിക്കുന്ന മറ്റൊരു ചിത്രം. ഓഗസ്റ്റ് 11ന് ലോകമെമ്പാടുമുള്ള തിയറ്ററുകളില്‍ കോബ്ര പ്രദര്‍ശനത്തിനെത്തും.