ചെന്നൈ: നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട വിവാദത്തിൽ ഡിഎംകെയ്ക്ക് എതിരെ ആഞ്ഞടിച്ച് നടനും രാഷ്ട്രീയക്കാരനുമായ വിജയ്. നേരത്തെ ഡിഎംകെ സർക്കാർ സംസ്ഥാനത്ത് നീറ്റ് പരീക്ഷ നിർത്തലാക്കുമെന്ന് വാഗ്‌ദാനം നൽകിയിരുന്നു. ഇത് പാലിക്കുന്നതിൽ പരാജയപ്പെട്ടു എന്നാരോപിച്ചാണ് വിജയ് കടുത്ത വിമർശനവുമായി രംഗത്ത് വന്നിരിക്കുന്നത്. ഇക്കാര്യത്തിൽ സ്‌റ്റാലിൻ വിശദീകരണവുമായി രംഗത്ത് വന്നിരുന്നു.
വിവാദപരീക്ഷ റദ്ദാക്കാൻ കേന്ദ്ര സർക്കാരിന് മാത്രമേ അധികാരമുള്ളൂവെന്ന് ഡിഎംകെ അധ്യക്ഷൻ കൂടിയായ മുഖ്യമന്ത്രി എംകെ സ്‌റ്റാലിൻ തന്നെ സമ്മതിച്ചതിന് തൊട്ടുപിന്നാലെയാണ് വിജയ് ആക്ഷേപം കടുപ്പിക്കുന്നത്. എംജിആർ ചിത്രത്തിലെ വളരെ പ്രശസ്‌തമായ വരികൾ ഉപയോഗിച്ചാണ് ഡിഎംകെയെ വിജയ് കടന്നാക്രമിച്ചത്. സോഷ്യൽ മീഡിയ പോസ്‌റ്റിലൂടെ ആയിരുന്നു വിജയ്‌യുടെ പ്രതികരണം.
‘ഈ നാട്ടിൽ, നമ്മുടെ സ്വന്തം നാട്ടിൽ, നമ്മുടെ രാജ്യത്ത് എത്രനാൾ നമ്മെ വഞ്ചിക്കും? ഈ ഗാനത്തിന്റെ വരികൾ തമിഴ്‌നാട്ടിലെ നിലവിലെ ഭരണാധികാരികളുടെ കാര്യത്തിൽ വളരെ പ്രസക്തമായ ഒന്നാണ്. തിരഞ്ഞെടുപ്പ് വേളയിൽ വ്യാജ വാഗ്‌ദാനങ്ങൾ നൽകി ജനങ്ങളെ വിശ്വാസത്തിലെടുത്തു വിജയിപ്പിക്കുക, അധികാരത്തിലെത്തിയ ശേഷം അവരെ വീണ്ടും കബളിപ്പിക്കുക എന്നതാണ് ഇവരുടെ തന്ത്രമെന്ന് തോന്നുന്നു’ വിജയ് ചൂണ്ടിക്കാട്ടി.
2021ലെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിലേക്കാണ് വിജയ് വിരൽചൂണ്ടുന്നത്. പ്രചാരണ വേളയിൽ ഡിഎംകെ തിരഞ്ഞെടുക്കപ്പെട്ടാൽ നീറ്റ് റദ്ദാക്കുമെന്ന് വോട്ടർമാർക്ക് ഉറപ്പ് നൽകിയിരുന്നു. പരീക്ഷ നിർത്തലാക്കുന്നതിന്റെ നൂലാമാലകൾ അവർക്ക് നേരത്തേ അറിയാമായിരുന്നു. എന്നിട്ടും അവർ വ്യാജ വാഗ്‌ദാനങ്ങൾ നൽകി ആളുകളെ വഞ്ചിക്കുകയണെന്നും താരം പറയുന്നു.
ഡിഎംകെയുടെ ഇപ്പോഴത്തെ നിലപാട് മാറ്റം തങ്ങൾക്ക് വോട്ട് രേഖപ്പെടുത്തിയ ജനങ്ങളോട് കാണിക്കുന്ന വഞ്ചനയല്ലേ എന്നാണ് വിജയ് ചോദിക്കുന്നത്. തമിഴ്‌നാട്ടിൽ നീറ്റ് വിരുദ്ധ വികാരം നേരത്തെ തന്നെ ശക്തമാണ്. ഇത് ഏറ്റെടുത്ത് കൊണ്ട് ഡിഎംകെയ്ക്ക് എതിരെ ആയുധമാക്കുകയാണ് വിജയുടെ ലക്ഷ്യം.വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കന്നിയങ്കത്തിന് ഒരുങ്ങുന്ന വിജയുടെ പാർട്ടിക്ക് അത് ഗുണകരമാവും.
നീറ്റിനെതിരെ കടുത്ത നിലപാട് സ്വീകരിക്കുകയും എതിർപ്പ് അറിയിക്കുകയും ചെയ്‌തിട്ടുള്ള സംസ്ഥാനമാണ് തമിഴ്‌നാട്. നഗരങ്ങളിലെയും സാമ്പത്തികമായി മെച്ചപ്പെട്ട ഇടങ്ങളിലെയും വിദ്യാർത്ഥികൾക്ക് സമാനമായ കോച്ചിംഗ് സൗകര്യങ്ങൾ ലഭ്യമല്ലാത്ത ഗ്രാമീണ, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന പശ്ചാത്തലത്തിലുള്ള വിദ്യാർത്ഥികൾക്ക് പരീക്ഷ ഗുണം ചെയ്യില്ലെന്നാണ് തമിഴ്‌നാട് ചൂണ്ടിക്കാണിക്കുന്നത്.